ന്യൂഡല്‍ഹി: ദോക്ലാം വിഷയം മാറ്റിവെച്ച് ഇന്ത്യയുമായുളള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തി മുന്നോട്ട് പോകാനാണ് ചൈന ശ്രമം നടത്തുന്നതെന്ന് ചൈനീസ് പ്രതിനിധി മാ സാന്‍വു. ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ സഹകരണവും പരസ്പര ഇടപാടും കൂടുതല്‍ മെച്ചപ്പെടുത്താമെന്നും ചൈനീസ് പ്രതിനിധി വ്യക്തമാക്കി.
“ഇന്ത്യയും ചൈനയും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ്പിങും സെപ്തംബര്‍ അഞ്ചിന് നടത്തിയ കൂടിക്കാഴ്ച്ചയില്‍ ബന്ധം മെച്ചപ്പെടുത്താനുളള വഴികളാണ് ചര്‍ച്ച ചെയ്തത്”, സാന്‍വു വ്യക്തമാക്കി.
ദോക്ലാം വിഷയം ഇരുരാജ്യങ്ങളും മാറ്റവെച്ചോ എന്ന ചോദ്യത്തിന് ഇപ്പോള്‍ ആ വിഷയം പരിഗണനയില്‍ ഇല്ലെന്നും നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുളള ആലോചനകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒമ്പതാം ബ്രിക്സ് സമ്മേളനത്തിനിടെയായിരുന്ന നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയത്.
ദോക്ലാം പോലുളള വിഷയങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം പരിപോഷിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും മുന്നോട്ട് വെച്ചിരുന്നു. സിക്കിം സെക്ടറിലെ ദോക്ലാം പ്രദേശത്ത് റോഡ് പണിയാനുളള ചൈനീസ് സൈന്യത്തിന്റെ ശ്രമത്തെ തുടര്‍ന്ന് ജൂണ്‍ 16 മുതല്‍ ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കത്തിലായിരുന്നു.