ചൈനയിലേക്ക് അതിർത്തി ലംഘിച്ച് കടന്നതായി ഇന്ത്യ സമ്മതിച്ചെന്ന പുതിയ അവകാശവാദവുമായി ചൈന രംഗത്ത്. മാനസാക്ഷിത്വപരമായി ഇന്ത്യ സ്വയം പിൻവാങ്ങിയാൽ മാത്രമേ സിക്കിം അതിർത്തിയോട് ചേർന്ന ദോക്ലാം പീഠഭൂമി തർക്കം അവസാനിക്കുകയുള്ളൂവെന്നും ചൈനീസ് വിദേശകാര്യ വക്താവ് വാംഗ് യി പറഞ്ഞു.

തായ്ലന്റ് തലസ്ഥാനമായ ബാംങ്കോക്കിൽ മാധ്യമപ്രവർത്തകർക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. “ശരിയും തെറ്റും എല്ലാം വ്യക്തമാണ്. ഇന്ത്യയുടെ ഉയർന്ന ഉദ്യോഗസ്ഥർ തന്നെ ചൈനീസ് സൈന്യം അതിർത്തി ലംഘിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്”, അദ്ദേഹം പറഞ്ഞു.

ദോക്ലാം പീഠഭൂമി തർക്കത്തിൽ ആദ്യമായാണ് പരസ്യ പ്രതികരണവുമായി വാംഗ് യി രംഗത്ത് വരുന്നത്. ചൈനയുടെ വിദേശകാര്യ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഇന്ത്യ അതിർത്തി ലംഘിച്ച കാര്യം സമ്മതിച്ചതായി വാംഗ് യി യെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച പാർലമെന്റിൽ വിദേശകാര്യ മന്ത്രി ചൈനയുടെ റോഡ് നിർമ്മാണത്തിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചതായി വ്യക്തമാക്കിയിരുന്നു. ദോക്ലാം പീഠഭൂമിയോട് ചേർന്ന റോഡ് നിർമ്മാണത്തിനെതിരെ ഭൂട്ടാനും ഇന്ത്യയും ചൈനയ്ക്ക് എതിരെ സമാനമാ നിലപാടാണ് സ്വീകരിച്ചതെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.

ഇന്ത്യ ഈ വിഷയത്തിൽ തെറ്റായി യാതൊന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയ വിദേശകാര്യ മന്ത്രി ലോകരാഷ്ട്രങ്ങൾ ഇന്ത്യക്കൊപ്പമാണെന്ന് കൂടി അവകാശപ്പെട്ടിരുന്നു.

ബ്രിക്സ് രാഷ്ട്രങ്ങളുടെ സുരക്ഷ ഉപദേഷ്ടാക്കളുടെ യോഗത്തിന് ബീജിങ്ങിൽ പോകുന്ന ഇന്ത്യൻ സൈനിക ഉപദേഷ്ടാവ് അജിത് ഡോവൽ ഇക്കാര്യം ചൈനീസ് സൈനിക മേധാവികളുമായി സംസാരിക്കാൻ ലക്ഷ്യമിടുന്നുണ്ട്. ജൂലൈ 27, 28 തീയ്യതികളിലാണ് ബീജിങ്ങിൽ സമ്മേളനം നടക്കുക.

അതിർത്തി പ്രദേശത്ത് ദോക്ലാം പീഠഭൂമിക്ക് സമാന്തരമായി 3500 കിലോമീറ്റർ ദൂരത്തിലാണ് ചൈന റോഡ് നിർമ്മാണം ആരംഭിച്ചത്. ഇതിനെതിരെ ഇന്ത്യ രംഗത്ത് വന്നതോടെ ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം വഷളായി. തുടർന്ന് ആരോപണ-പ്രത്യാരോപണങ്ങളും ഭീഷണികളും ഇരു രാജ്യങ്ങൾക്കുമിടയിൽ തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ