Latest News

ആ മൂന്ന് ഡോക്യുമെന്‍ററികള്‍ ഇവിടെ കാണാം

കശ്മീര്‍, രോഹിത് വെമുല, ജെഎന്‍യു വിദ്യാര്‍ത്ഥി സമരങ്ങളെക്കുറിച്ച് പറയുന്നതാണ് പ്രദര്‍ശനാനുമതി നിഷേധിച്ച ഈ ഡോക്യുമെന്‍ററികള്‍

In the shade of fallen chinar, March March March, Rohith Vemula, Documentary

കേരളാ രാജ്യാന്തര ഡോക്യുമെന്‍ററി ആന്‍റ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ (IDSSFK) പ്രദര്‍ശനത്തിനുവച്ച ‘ഇന്‍ ദി ഷേഡ് ഓഫ് ഫാളന്‍ ചിന്നാര്‍’, ‘ദി അണ്‍ ബിയറബിള്‍ ബീയിങ് ഓഫ് ലൈറ്റ്നസ്’, ‘മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്’ എന്നീ ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുകയാണ് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം. കാരണങ്ങള്‍ ഒന്നും കാണിക്കാതെ പ്രദര്‍ശനാനുമതി നിഷേധിച്ച മന്ത്രാലയത്തിനെതിരെ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ‘ഇന്‍ ദി ഷേഡ് ഓഫ് ഫാളന്‍ ചിന്നാറി’ന്റെ സംവിധായകന്‍ ഷോണ്‍ സെബാസ്റ്റ്യന്‍.

ജൂണ്‍ പതിനാറിനു ആരംഭിക്കുന്ന ഫെസ്റ്റിവല കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് സംഘടിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെ അലട്ടുന്ന ദേശീയ രാഷ്ട്രീയ വിഷയങ്ങളായതുകൊണ്ടാണ് മന്ത്രാലയം ഈ ഡോക്യുമെന്‍ററി സിനിമകളുടെ പ്രദര്‍ശനത്തിനായുള്ള സെന്‍സര്‍ എക്സംഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കുന്നത് എന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്. “രാജ്യം ഒരു ‘സാംസ്കാരിക അടിയന്തരാവസ്ഥയിലൂടെയാണ് കടന്നുപോവുന്നത്. ഈ അപ്രഖ്യാപിത നമ്മള്‍ എന്ത് കഴിക്കണം, എന്ത് ധരിക്കണം, എന്ത് സംസാരിക്കണം എന്ന് ഭരണകര്‍ത്താക്കള്‍ തീരുമാനിക്കുന്ന സ്ഥിതിവിശേഷം ആണ് ഇന്നുള്ളത്.” ഇതുസംബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞത്.

കശ്മീര്‍, രോഹിത് വെമുല, ജെഎന്‍യു വിദ്യാര്‍ത്ഥി സമരങ്ങളെക്കുറിച്ച് പറയുന്നതാണ് പ്രദര്‍ശനാനുമതി നിഷേധിച്ച ഈ ഡോക്യുമെന്‍ററികള്‍

ഇന്‍ ദി ഷേഡ് ഓഫ് ഫാളന്‍ ചിന്നാര്‍ 

കശ്മീര്‍ താഴ്വര വീണ്ടും അസ്വാസ്ഥ്യങ്ങളിലേക്ക് പുതിയ വെടിയൊച്ചകളിലേയ്ക്കു വഴുതി വീഴുന്നതിന്  ഏതാനും ദിവസം മുമ്പാണ് ഈ ഡോക്യുമെന്‍ററിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുന്നത്. ഫാസില്‍ എന്‍ സിയും ഷോണ്‍ സെബാസ്റ്റ്യനും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രത്തില്‍ കശ്മീര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളുടെ ലോകത്തിലേക്ക് തുറന്നുപിടിച്ചൊരു കണ്ണാണ്. താഴ്വാരതതില്‍ എക്കാലത്തും നിലനില്‍ക്കുന്നതായ ആശാന്തതയുടെ പശ്ചാത്തലത്തിലും എങ്ങനെയാണ് വിദ്യാര്‍ഥികള്‍ കലകളുടെയും സംഗീതത്തിന്‍റെയും ഫോട്ടോഗ്രഫിയുടെയും സഹായത്തോടെ തങ്ങളെ പ്രകാശിപ്പിക്കുന്നത് എന്നു പറയുന്നുണ്ട് ഈ ഡോക്യുമെന്‍ററി. കശ്മീറിലെ തെരുവുകളില്‍ പടരുന്ന അക്രമങ്ങളെ പകര്‍ത്തുന്ന ഫോട്ടോഗ്രാഫറും, മാധ്യമപ്രവര്‍ത്തകരും ഇതില്‍ കടന്നുവരുന്നുണ്ട്. കശ്മീരിലെ യുവാക്കള്‍ എങ്ങനെയാണ് കലയെ പ്രതിരോധമാക്കുത് എന്നും. പൊളിറ്റിക്കല്‍ ഹിപ്പ് ഹോപ്പും, ഉറുദുകവിതകളും റഗ്ഗേയും ഈ താഴ്വാരത്തില്‍ ഒന്നു ചേരുന്നത് എങ്ങനെയെന്നും കാണിക്കുന്നതാണ് ഈ ഡോക്യുമെന്‍ററി . ആയുധങ്ങളുമായി മാത്രം കശ്മീരി യുവത്വത്തെ കണ്ടുകൊണ്ടിരിക്കുന്നിടത്ത് ഒട്ടും പുറത്തുവരാത്തതായ കശ്മീരിന്റെ മറ്റൊരു ചിത്രത്തിലേക്ക് വെളിച്ചം വീശുന്നുണ്ട് ഇന്‍ ദി ഷേഡ് ഓഫ് ഫാളന്‍ ചിന്നാര്‍. ഫാസില്‍ എന്‍ സി തന്നെ ചിത്രീകരണം നിര്‍വ്വഹിച്ച ഡോക്യുമെന്ററിയുടെ ചിത്രസംയോജനം നിര്‍വ്വഹിച്ചത് അപ്പു ഭട്ടതിരിയാണ്.

The Unbearable Being of Lightness from Ram PN on Vimeo.

ദി അണ്‍ബിയറബിള്‍ ബീയിങ് ഓഫ് ലൈറ്റ്നസ്
ഹൈദരാബാദ് സര്‍വ്വകലാശാലയിലെ രോഹിത് വെമുല എന്ന ദളിത്‌ വിദ്യാര്‍ഥിയുടെ ആത്മഹത്യ, ഏറെ വൈകാരികമായ അയാളുടെ ആത്മഹത്യക്കുറിപ്പ്‌, സര്‍വ്വകലാശാലയില്‍ ഉയര്‍ന്ന പ്രതിഷേധങ്ങള്‍, ദളിത്‌ രാഷ്ട്രീയ മുന്നേറ്റം തുടങ്ങി ഒട്ടേറെ കാര്യങ്ങളിലൂടെ കടന്നുപോകുന്നതാണ് ഡോക്യുമെന്‍ററി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാമചന്ദ്ര പി എന്‍ ആണ്. രോഹിത് വെമുലയുടെ ജീവിതത്തിലേക്ക് മാധ്യമപ്രവര്‍ത്തകനായ സുദീപ്തോ മോണ്ടാല്‍ നടത്തിയ അന്വേഷണമാണ് ഡോക്യുമെന്‍ററിയെ മുന്നോട്ടു കൊണ്ടുപോവുന്നത്. ഒരു എഴുത്തുകാരനാവാന്‍ സ്വപ്നം കണ്ടിരുന്ന രോഹിത്തിന്‍റെ എഴുത്തുകളും ഇടയില്‍ പലപ്പോഴുമായി പുകയുന്ന തീക്കനലുകളാവുന്നു. ഇന്ത്യയിലെ ജാതീയതയ്ക്കും വളര്‍ന്നുവരുന്ന അസഹിഷ്ണുതകള്‍ക്കും മുന്നില്‍ തുറന്നു വച്ച കണ്ണാടിയാണ് ‘അണ്‍ബിയറബിള്‍ ബീയിങ് ഓഫ് ലൈറ്റ്നസ്.’

മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്
പാക് അനുകൂല മുദ്രാവാക്യം മുഴക്കി എന്നാരോപിച്ചുള്ള വാര്‍ത്താപ്രചരണത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ജെ എന്‍ യു സര്‍വ്വകലാശാലയിലേക്ക് പ്രവേശിക്കുകയും വിദ്യാര്‍ഥികളായ കനയ്യകുമാര്‍, അനിര്‍ബന്‍ ഭട്ടാചാര്യ, ഉമര്‍ ഖാലിദ് എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. ഈയൊരു സംഭവം നാന്ദികുറിച്ചത്‌ മാസങ്ങള്‍ നീണ്ട വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്കാണ്. അദ്ധ്യാപകരും വിദ്യാര്‍ഥികളും പൊതുസമൂഹവും കൂടി പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നത് പലപ്പോഴും കേന്ദ്രസര്‍ക്കാറിനെ പ്രതിരോധത്തിലാഴ്ത്തുകയും ചെയ്തു. സര്‍വ്വകലാശാലയുടെ സ്വയംഭരണാവകാശത്തിലേക്കുള്ള കടന്നുകയറ്റമാണ് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് എന്ന വിമര്‍ശനവും ഉയര്‍ന്നു. ഈ സംഭവങ്ങളുടെ പാശ്ചാത്തലത്തിലാണ് ‘മാര്‍ച്ച്,മാര്‍ച്ച്,മാര്‍ച്ച്’ ചിത്രീകരിക്കുന്നത്. കാത്തു ലുക്കോസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Documentary films refused by ib ministry

The moderation of comments is automated and not cleared manually by malayalam.indianexpress.com