കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ട്രക്ക് ആംബുലന്‍സുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഡോക്ടര്‍മാരടക്കം നാല് പേര്‍ പൊളളലേറ്റ് മരിച്ചു. ഇന്ന് ഉച്ചയോടെ മുര്‍ഷിദാബാദിലാണ് അപകടം നടന്നത്. രണ്ട് ഡോക്ടര്‍മാര്‍, ഒരു നഴ്സ്, ഫാര്‍മസിസ്റ്റ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. കൊല്‍ക്കത്തയിലെ ഒരു മെഡിക്കല്‍ ക്യാംപിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്.

ആംബുലന്‍സില്‍ രോഗികളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ആംബുലന്‍സില്‍ നിന്നും ഒരാളെ പുറത്തേക്ക് വലിച്ചിട്ട് രക്ഷിക്കാന്‍ നാട്ടുകാര്‍ക്ക് കഴിഞ്ഞെങ്കിലും മറ്റുളളവര്‍ വെന്തുമരിക്കുകയായിരുന്നു. അപകടം ഉണ്ടായ ഉടനെ ട്രക്കിന്റെ ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു. ദേശീയപാത 34ല്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിച്ച ട്രക്കാണ് അപകടത്തിന് കാരണമായത്.

ആംബുലന്‍സില്‍ നിന്നും രക്ഷപ്പെട്ടയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്. ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരാണ് മരിച്ച ഡോക്ടര്‍മാരും നഴ്സും ഫാര്‍മസിസ്റ്റും. മെഡിക്കല്‍ ക്യാംപില്‍ എത്താന്‍ വേഗത്തില്‍ വരികയായിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. ഇവരെ കാണാത്തതിനെ തുടര്‍ന്ന് ക്യാംപ് മാനേജര്‍ നടത്തിയ അന്വേഷണത്തില്‍ അപകടവിവരം അറിയുകയായിരുന്നു. തുടര്‍ന്ന് ക്യാംപ് മാറ്റിവച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook