ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ആരോഗ്യ നിലയില്‍ ഡോക്ടര്‍മാര്‍ ആശങ്കയറിയിച്ചതായി ബക്കിങ്ഹാം കൊട്ടാരം. എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന വിവരം അറിഞ്ഞതിനെ തുടര്‍ന്ന് രാജ്ഞിയുടെ അരികിലേക്ക് കുടുംബാംഗങ്ങള്‍ ഓടിയെത്തിതായും രാജ്ഞി വിദഗ്ധ നിരീക്ഷണത്തിലാണെന്നുമാണ് റിപോര്‍ട്ട്.
ബ്രിട്ടനിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പരമാധികാരിയും ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സര്വാധിപതിയുമാണ് രാജ്ഞി, കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ പല വിധമായ ആരോഗ്യ പ്രശ്നങ്ങളാല്‍ ചികിത്സയിലായിരുന്നു. വില്യം രാജകുമാരന് നിലവില്‍ രാജ്ഞിക്കൊപ്പമുണ്ട്. ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയും സ്കോട്ടിഷ് വസതിയായ ബാല്‍മോറലിലേക്ക് യാത്രതിരിച്ചതായി അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ നടത്തിയ പരിശോധനയില്‍ ഡോക്ടര്‍മാര്‍ രാഞ്ജിയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരാണ്, കൂടാതെ മെഡിക്കല്‍ നിരീക്ഷണത്തില്‍ തുടരാന്‍ നിര്ദ്ദേശംനല്കിയിട്ടുണ്ട് കൊട്ടാരം പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറിലെ ഒരു രാത്രിയിലാണ് അനാരോഗ്യത്തെ തുടര്‍ന്ന് എലിസബത്ത് രാജ്ഞിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനുശേഷം പൊതു ഇടപഴകലുകള്‍ വെട്ടിക്കുറയ്ക്കാന്‍ അവര്‍ നിര്‍ബന്ധിതയായി. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് മുതിര്‍ന്ന മന്ത്രിമാരുമായുള്ള വെര്‍ച്വല്‍ മീറ്റിംഗ് ബുധനാഴ്ച രാജ്ഞി റദ്ദാക്കിയിരുന്നു.