ഗോരഖ്പൂര്‍: മുന്‍ ഭാര്യയെ പാറക്കെട്ടില്‍ നിന്നും തളളിയിട്ട് കൊലപ്പെടുത്തിയ ഡോക്ടര്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍. ഡോ. ധര്‍മേന്ദ്ര പ്രതാപ് സിങ്ങും രണ്ട് കൂട്ടാളികളുമാണ് പിടിയിലായത്. രാഖി ശ്രീവാസ്തവ എന്ന രാജേശ്വരിയെ ആണ് മുന്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയത്. നേപ്പാളിലെ പൊഖ്റയിൽ‍ വച്ചായിരുന്നു കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ടതിന് ശേഷം 7 മാസക്കാലം രാഖിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ പ്രതി ഉപയോഗിച്ച് രാഖി ജീവനോടെ ഉണ്ടെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു.

ഗോരഖ്പൂരില്‍ വച്ചാണ് ഡോക്ടറായ ധര്‍മേന്ദ്ര പ്രതാപ് സിങ്ങും മറ്റ് രണ്ട് പ്രതികളും പിടിയിലായത്. രാഖിയുടെ നിലവിലത്തെ ഭര്‍ത്താവായ മനീഷ് സിന്‍ഹയെ പിന്നീട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ ഇദ്ദേഹം കുറ്റക്കാരനല്ലെന്ന് യുപി പൊലീസ് കണ്ടെത്തി. ഗോരഖ്പൂരില്‍ നഴ്സിങ് ഹോം നടത്തുകയാണ് പ്രതിയായ ധര്‍മേന്ദ്ര പ്രതാപ് സിങ്.

രാഖിയെ ജൂണ്‍ 24 മുതല്‍ കാണാനില്ലെന്ന സഹോദരന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മനീഷിനെതിരെ ആയിരുന്നു സഹോദരന്‍ അന്ന് പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മനീഷിനൊപ്പം രാഖി ജൂണ്‍ ഒന്നിന് നേപ്പാളിലേക്ക് പോയതായി കണ്ടെത്തി. എന്നാല്‍ മനീഷ് നാട്ടിലേക്ക് വന്നെങ്കിലും രാഖി നേപ്പാളില്‍ തങ്ങി. ധര്‍മേന്ദ്രയേയും പൊലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. രാഖിയെ കാണാതായ സമയം ഇയാള്‍ നേപ്പാളില്‍ ഉണ്ടായിരുന്നതായി കോള്‍ വിവരങ്ങളില്‍ നിന്നും പൊലീസ് കണ്ടെത്തി. ജൂണ്‍ ഒന്നിനും നാലിനും ഇടയില്‍ പൊഖ്റ പ്രദേശത്ത് രാഖിയുടെ ഫോണ്‍ ആക്ടീവ് ആയിരുന്നെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒരു യുവതിയുടെ മൃതദേഹം പ്രദേശത്ത് നിന്നും മൃതദേഹം കണ്ടെത്തിയിരുന്നതായി നേപ്പാള്‍ പൊലീസ് അറിയിച്ചത്. യുപി പൊലീസ് പിന്നീട് രാഖിയുടെ മൃതദേഹം തിരിച്ചറിഞ്ഞു.

തുടര്‍ന്ന് ധര്‍മേന്ദ്രയെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇദ്ദേഹം കുറ്റം സമ്മതിച്ചത്. പണവും വീടും നല്‍കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഭാര്യയായ രാഖി തന്നെ ബ്ലാക്ക്മെയില്‍ ചെയ്തതായി ഡോക്ടര്‍ പറഞ്ഞു. തുടര്‍ന്നാണ് രാഖിയെ കൊന്നത്. ഡോക്ടറുടെ കൂട്ടാളികളാണ് അവരെ വിളിച്ച് വരുത്തി പാറക്കെട്ടില്‍ നിന്നും തളളിയിട്ട് കൊലപ്പെടുത്തിയത്. തുടര്‍ന്ന് രാഖിയുടെ ഫോണ്‍ കൈക്കലാക്കി സോഷ്യൽ മീഡിയയില്‍ പോസ്റ്റുകള്‍ ഇട്ടു.

നേരത്തേ വിവാഹിതനായിരുന്ന ധര്‍മേന്ദ്ര 2006ല്‍ ചികിത്സയ്ക്ക് എത്തിയ രാഖിയുമായി അടുക്കുകയായിരുന്നു. തുടര്‍ന്ന് 2011ല്‍ ഇരുവരും രഹസ്യമായി വിവാഹിതരമായി. എന്നാല്‍ ഡോക്ടറുടെ ഭാര്യയായ ഉഷ ഇത് അറിഞ്ഞതോടെ ഇരുവരും വേർപിരിഞ്ഞു. 2016ല്‍ രാഖി മനീഷിനെ വിവാഹം ചെയ്തെങ്കിലും ഡോക്ടറുമായി അടുപ്പം തുടര്‍ന്നു. ഈ അടുപ്പം ചൂണ്ടിക്കാട്ടിയാണ് രാഖി ഡോക്ടറെ ബ്ലാക്ക്മെയില്‍ ചെയ്തത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ