ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിന്റെ ഫോട്ടോ കോപ്പി ഒരു സ്ഥാപനവുമായി പങ്കു വയ്ക്കരുതെന്ന നിര്‍ദേശം പിന്‍വലിച്ച് കേന്ദ്ര ഐടി മന്ത്രാലയം. മുന്നറിയിപ്പ് തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. വ്യക്തിയുടെ സ്വകാര്യത സംരക്ഷിക്കാനുള്ള സവിശേഷതകള്‍ ആധാര്‍ കാര്‍ഡിലുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
ആധാര്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ടായിരുന്നു നേരത്തെ ഐടി മന്ത്രാലയം ഉത്തരവിറക്കിയത്. ഫോട്ടോ കോപ്പിക്ക് പകരം ആധാര്‍ കാര്‍ഡിന്റെ അവസാനത്തെ നാലക്കം മാത്രം കാണാന്‍ സാധിക്കുന്ന തരത്തിലുള്ള മാസ്ക്ഡ് ആധാര്‍ കൈയില്‍ കരുതാവുന്നതാണെന്നും കേന്ദ്രം പറഞ്ഞിരുന്നു.
ഇന്റര്‍നെറ്റ് കഫേകളില്‍ നിന്നും മറ്റും ഇ-ആധാര്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും ഐടി മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിരുന്നു. ഇന്റര്‍നെറ്റ് കഫേകളില്‍ നിന്ന് ആധാര്‍ ഡൗണ്‍ലോഡ് ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ ഡൗണ്‍ലോഡ് ചെയ്ത രേഖകളെല്ലാം ഡിലീറ്റ് ചെയ്യണമെന്നും റദ്ദാക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നു.
യുണീക് ഐഡന്റിഫികേഷൻ അതോറിറ്റി ഓഫ് ഇന്ത്യയിൽനിന്നും (യുഐഡിഎഐ) യൂസർ ലൈസൻസ് നേടിയ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഒരു വ്യക്തിയില്‍ നിന്നും ആധാര്‍ കാര്‍ഡ് ശേഖരിക്കാനുള്ള അനുമതിയുള്ളുവെന്നും ഹോട്ടലുകള്‍ക്കും മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇതിനുള്ള അനുവാദമില്ലെന്നുമായിരുന്നു മാര്‍ഗനിര്‍ദേശത്തില്‍.
ആധാര്‍ ആക്ട് 2016 പ്രകാരം സ്വകാര്യ സ്ഥാപനങ്ങളൊ വ്യക്തികളോ മറ്റൊരാളുടെ ആധാര്‍ കാര്‍ഡ് തിരിച്ചറിയല്‍ രേഖയായി സൂക്ഷിക്കുന്നത് നിയമവിരുദ്ധവും കുറ്റകരവുമാണെന്നും ഐടി മന്ത്രാലയം വ്യക്തമാക്കുന്നു.
Also Read: നേപ്പാളിൽ നിന്ന് പറന്നുയർന്ന യാത്രാവിമാനം കാണാതായി; വിമാനത്തിൽ ഇന്ത്യക്കാരും