ന്യൂഡൽഹി: ഇന്ത്യ പോലെ വിശാലമായ ഒരു രാജ്യത്തെ ജനങ്ങൾ ഒന്നോ രണ്ടോ ബലാൽസംഗങ്ങളുടെ പേരിൽ രാജ്യത്ത് പ്രശ്നങ്ങൾ ഉണ്ടാക്കാൻ പാടില്ലെന്ന് കേന്ദ്ര മന്ത്രി സന്തോഷ് ഗാങ്‌വാർ. കത്തുവയിൽ കൂട്ടബലാൽസംഗത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ടതും ഉന്നാഓയിൽ ബിജെപി നേതാവ് കൗമാരക്കാരിയെ ബലാൽസംഗം ചെയ്തുവെന്ന കേസുമായി ബന്ധപ്പെട്ടും ഉയർന്ന പ്രക്ഷോഭങ്ങളെക്കുറിച്ചുളള കേന്ദ്രമന്ത്രിയുടെ പ്രതികരണമായിരുന്നു ഇത്. കുട്ടികളെ ബലാൽസംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകാനുളള ഭേദഗതി ഓർഡിനൻസിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നൽകിയ ദിവസം തന്നെയാണ് ബലാൽസംഗങ്ങളെ കുറിച്ചുളള​ കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവനയും.

ഈ സംഭവങ്ങൾ നിർഭാഗ്യകരമാണ്. എന്നാൽ​ചില സമയങ്ങളിൽ ബലാൽസംഗം തടയാൻ സാധ്യമല്ലെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. ഈ സംഭവങ്ങളിൽ ഗവൺമെന്റ് എല്ലാതരത്തിലുളള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യപോലെ വലിയൊരു രാജ്യത്ത് ഒന്നോ രണ്ടോ ബലാൽസംഗങ്ങളുടെ പേരിൽ ജനങ്ങൾ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും കേന്ദ്രമന്ത്രി പറഞ്ഞതായി എഎൻഐ​ റിപ്പോർട്ട് ചെയ്യുന്നു.

ഇതേസമയം, പോക്സോ ഭേദഗതി ഓർഡിനൻസിനെ സ്വാഗതം ചെയ്തുകൊണ്ട് സന്തോഷ് ഗാങ്‌വാർ ട്വീറ്റ് ചെയ്തിരുന്നു. പന്ത്രണ്ട് വയസ്സിന് താഴെയുളള പെൺകുട്ടികളെ ബലാൽസംഗം ചെയ്യുന്നവർക്ക് വധശിക്ഷയും പതിനാറ് വയസിന് താഴെയുളള പെൺകുട്ടികളുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷ പത്ത് വർഷത്തിൽ നിന്നും 20 വർഷമാക്കി ഉയർത്തിയതും താൻ സ്വാഗതം ചെയ്യുന്നു. സമൂഹത്തിൽ പ്രതിരോധം സൃഷ്ടിക്കാൻ ഇത് സഹായകമാകും. നമ്മളെല്ലാവരും ഈ​ കുറ്റകൃത്യത്തിന് എതിരെ നിലകൊളളണമെന്നും അദ്ദേഹം ട്വീറ്റിൽ​ പറഞ്ഞു.

പന്ത്രണ്ട് വയസ്സിന് താഴെയുളള കുട്ടികളെ ബലാൽസംഗം ചെയ്യുന്നവർക്ക് വധശിക്ഷ നടപ്പാക്കാനുളള​ നിയമഭേദഗതി ഓർഡിനൻസ് ശനിയാഴ്ചയാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. 2012 ഡിസംബറിലെ ഡൽഹി കുട്ടബലാൽസംഗത്തിന്റെ പശ്ചാത്തലത്തിൽ 2013ൽ സ്ത്രീകൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾക്കുളള ശിക്ഷ​ കഠിനമാക്കി യുപിഎ സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നിരുന്നു.

രാജ്യത്ത് ഒരു കുറ്റവാളിയും രക്ഷപ്പെടരുതെന്നും പൂർണമായ നീതി നടപ്പാക്കുമെന്നും നമ്മുടെ പെൺകുട്ടികൾക്ക് തീർച്ചയായും നീതി ലഭിക്കുമെന്നും നേരത്തെ പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ