ന്യൂഡൽഹി: രാജ്യത്ത് 18 വയസ്സിനു മുകളിലുളളവരുടെ വാക്സിൻ വിതരണം നാളെ തുടങ്ങാനിരിക്കെ അഭ്യർത്ഥനയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. നാളെ വാക്സിനേഷൻ സെന്ററുകളുടെ പുറത്ത് ആരും ക്യൂ നിൽക്കരുതെന്ന് കേജ്രിവാൾ ആവശ്യപ്പെട്ടു.
”വാക്സിൻ ഇതുവരെ ഞങ്ങൾക്ക് നൽകിയിട്ടില്ല. വാക്സിൻ നിർമ്മാണ കമ്പനികളുമായി ഞങ്ങൾ നിരന്തരം ബന്ധപ്പെടുന്നുണ്ട്. നാളെയോ ഞായറാഴ്ചയോ വാക്സിൻ എത്തുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ഇതാണ് അവർ ഞങ്ങളോട് പറഞ്ഞത്. 3 ലക്ഷം കോവിഷീൽഡ് വാക്സിൻ ആയിരിക്കും ആദ്യം നൽകുക. നാളെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ ആരും വരിവരിയായി നിൽക്കരുത്. ഇത് ക്രമസമാധാനം തകർക്കും. സ്ഥിതിഗതികൾ കൂടുതൽ വഷളാക്കും. ജനങ്ങൾ സാമൂഹിക അകലം പാലിക്കാത്ത അവസ്ഥയിലേക്ക് ഇത് നയിക്കും. ദയവ് ചെയ്ത് അങ്ങനെ ചെയ്യരുത്,” കേജ്രിവാൾ പറഞ്ഞു.
Read More: കോവിഡ് പ്രതിരോധത്തിൽ സൈന്യത്തിന്റെ പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് പ്രധാനമന്ത്രി
വാക്സിൻ എത്തിയാലുടൻ വിവരം ജനങ്ങളെ അറിയിക്കുമെന്നും കേജ്രിവാൾ പറഞ്ഞു. അതനുസരിച്ച് രജിസ്റ്റർ ചെയ്ത എല്ലാവർക്കും അപ്പോയ്ൻമെന്റ് കിട്ടുന്നതനുസരിച്ച് വാക്സിൻ ലഭിക്കും. കോവിഷീൽഡും കൊവാക്സിനും ഉൽപ്പാദിപ്പിക്കുന്ന കമ്പനികളോട് അടുത്ത മൂന്നു മാസത്തിനുളളിൽ 67 ലക്ഷം വാക്സിൻ ഡോസുകൾ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുളള തുക ഡൽഹി സർക്കാർ അവർക്ക് നൽകും. ഡൽഹി ജനങ്ങൾക്ക് സൗജന്യമായിട്ടായിരിക്കും വാക്സിൻ നൽകുകയെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ ഇതുവരെ 31 ലക്ഷത്തോളം പേർക്കാണ് ആദ്യ ഡോസ് വാക്സിൻ നൽകിയത്. ഇതിൽ 6 ലക്ഷത്തോളം പേർ രണ്ടാമത്തെ ഡോസും എടുത്തു കഴിഞ്ഞതായി സർക്കാർ കണക്കുകൾ പറയുന്നു. ഡൽഹിയിൽ ഏകദേശം 2 കോടി ജങ്ങളാണുളളത്.