ചെന്നൈ: പാക്കിസ്ഥാനെ വെറുക്കരുതെന്നും അതിർത്തികൾ ഇല്ലാതെ ഒന്നാകണമെന്നും നടൻ കമലഹാസൻ. ജെല്ലിക്കെട്ടിനിടെ അരങ്ങേറിയ അനിഷ്ട സംഭവങ്ങളെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് ദേശസ്നേഹവുമായി ബന്ധപ്പെട്ട വിവാദ പരാമർശം നടത്തിയത്. തമിഴ്നാട് സർക്കാർ ജെല്ലിക്കെട്ട് വിഷയത്തിൽ കാണിച്ചത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

1924 ൽ താൻ ജനിച്ചിരുന്നുവെങ്കിൽ മഹാത്മ ഗാന്ധിയുമായും ജവഹർലാൽ നെഹ്റുവുമായും ഇന്ത്യ-പാക് വിഭജനത്തിനെതിരെ സംസാരിച്ചേനെ. ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ടേനെ. ഇന്ന് ശത്രുതയോടെയാണ് നമ്മൾ പാക്കിസ്ഥാനെ കാണുന്നത്. അത് പാടില്ല. വെറുപ്പല്ല സ്നേഹമാണ് ആവശ്യമെന്നും കമലഹാസൻ പറഞ്ഞു.

കേരളത്തിൽ ഉത്സവത്തിനും പൂരത്തിനും എഴുന്നള്ളിക്കുന്ന ആനകൾ നേരിടുന്ന ബുദ്ധിമുട്ടുകളൊന്നും ജെല്ലിക്കെട്ട് കാളകൾക്കില്ല. ഒരേ പോലെ നികുതി നൽകുന്ന രണ്ട് സംസ്ഥാനങ്ങളിൽ രണ്ട് തരം നീതി എങ്ങനെ നടപ്പിലാക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. നിയമഭേദഗതി നടത്തിയ സംസ്ഥാന സർക്കാരിന്റെ പൊലീസ് തന്നെ തെരുവിൽ ഓട്ടോറിക്ഷകൾ കത്തിച്ചത് കണ്ടപ്പോൾ ഞെട്ടലുണ്ടായി. മുഖ്യമന്ത്രി പനീർശെൽവം മറീന ബീച്ചിൽ സമരക്കാർക്കൊപ്പം അണിചേരണമായിരുന്നുവെന്നും എംജിആർ ആയിരുന്നെങ്കിൽ അത് ചെയ്തേനെയെന്നും അദ്ദേഹം വ്യക്തമാക്കി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook