ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ തെറ്റായ നയങ്ങളാണ് രാജ്യത്തെ വിഭജനത്തിലേക്ക് നയിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയില്‍ വിമര്‍ശിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് വിതച്ച വിഷം കൊണ്ട് ദുരിതം അനുഭവിക്കാത്ത ഒരൊറ്റ ദിവസം പോലും കടന്നുപോയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാല്‍ മോദിയുടെ പരാമര്‍ശത്തില്‍ പ്രതിപക്ഷം ലോക്സഭയില്‍ ബഹളം വച്ചു. പ്രതിഷേധിക്കാനുളള അവകാശം പ്രതിപക്ഷത്തിനുണ്ടെന്നും എന്നാല്‍ തന്നെ പ്രസംഗം തടയാന്‍ അവകാശമില്ലെന്നും മോദി പറഞ്ഞു. ജനാധിപത്യത്തെ കുറിച്ചുളള പാഠങ്ങള്‍ കോണ്‍ഗ്രസ് പഠിപ്പിക്കേണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആന്ധ്രാപ്രദേശിന്റെ പുത്രനായ നീലം സഞ്ജീവ റെഡ്ഡിയെ കോൺഗ്രസ് അപമാനിച്ചത് ആർക്കെങ്കിലും മറക്കാനാവുമോ എന്നും മോദി ചോദിച്ചു. അപ്പോൾ ജനാധിപത്യം എന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ളതാണെന്നും അത് ഇന്ത്യയുടെ അവിഭാജ്യ ഘടകവും സംസ്കാരവുമാണെന്നത് മറക്കരുതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
‘തിരഞ്ഞെടുപ്പിലെ നേട്ടത്തിനും വില കുറഞ്ഞ നേട്ടങ്ങൾക്കും വേണ്ടി 70 കൊല്ലം മുന്‍പ് കോൺഗ്രസ് രാജ്യത്തെ വിഭജിച്ചു. അന്ന് കോൺഗ്രസ് ചെയ്ത പാപത്തിന്റെ ഫലം ഇന്നത്തെ ഓരോ ജനങ്ങളും അനുഭവിക്കുകയാണ്. അടൽ ബിഹാരി വാജ്പേയ് സംസ്ഥാനങ്ങളെ വിഭജിച്ചിരുന്നു. എന്നാൽ, എല്ലാവരേയും വിശ്വാസത്തിൽ എടുത്തുകൊണ്ടായിരുന്നു അത്. ആ നടപടി സുതാര്യവുമായിരുന്നു. എന്നാൽ, ആന്ധ്രാപ്രദേശിനെ വിഭജിച്ച കോൺഗ്രസ് എല്ലാം കുളമാക്കി. വേണ്ടത്ര വീണ്ടുവിചാരമില്ലാതെ തിടുക്കത്തിലായിരുന്നു യുപിഎ സർക്കാരിന്റെ ഈ നീക്കം’, മോദി പറഞ്ഞു.