ന്യൂഡൽഹി: ജഡ്ജിമാരെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് അരുൺ മിശ്ര. വെള്ളിയാഴ്ച ഡൽഹിയിലെ ഖാൻ മാർക്കറ്റിനടുത്തുള്ള ഒരു പ്ലേ സ്കൂൾ മുദ്രവയ്ക്കുന്നതുമായി ബന്ധപ്പെട്ട കേസിന്റെ വാദം കേൾക്കവെയാണ് ജസ്റ്റിസ് അരുൺ മിശ്ര ഇക്കാര്യം പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരു അന്താരാഷ്ട്ര ജുഡീഷ്യൽ കോൺഫറൻസിൽ ജസ്റ്റിസ് അരുൺ മിശ്ര പ്രശംസിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് അദ്ദേഹത്തിന്റെ പരാമർശം പ്രാധാന്യം അർഹിക്കുന്നത്.
“വിധികർത്താക്കളെ വിവാദങ്ങളിലേക്ക് വലിച്ചിടരുത്. എനിക്ക് നിങ്ങളോട് (മുതിർന്ന അഭിഭാഷകൻ എ എം സിംഗ്വി) ചില നല്ല വാക്കുകൾ പറയാൻ കഴിയും, എന്നാൽ മറ്റ് ആളുകൾക്ക് പ്രശ്‌നങ്ങളുണ്ടാകാം,” ജസ്റ്റിസ് ദീപക് ഗുപ്തയ്‌ക്കൊപ്പം ബെഞ്ചിന്റെ തലവനായിരുന്ന ജസ്റ്റിസ് മിശ്ര പറഞ്ഞു.
Read More: മോദി സ്‌തുതി; ജസ്റ്റിസ് അരുൺ മിശ്രയ്‌ക്കെതിരെ ബാർ അസോസിയേഷൻ
ഖാൻ മാർക്കറ്റിന് എതിർവശത്താണ് പ്ലേസ്കൂൾ സ്ഥിതി ചെയ്യുന്നതെന്നും ഗുരുതരമായ മാനദണ്ഡങ്ങൾ ലംഘിച്ചിട്ടില്ലെന്നും മുദ്രവെച്ച പ്ലേ സ്‌കൂളിന്റെ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് സിംഗ്വി പറഞ്ഞു.
“നിങ്ങളും ഖാൻ മാർക്കറ്റിന് ചുറ്റുമാണ് താമസിക്കുന്നത്. ഖാൻ മാർക്കറ്റിന് ചുറ്റും നിരവധി ഉന്നതർ താമസിക്കുന്നു,” അരുൺ മിശ്ര പറഞ്ഞു.
എന്നാൽ താൻ മുപ്പത് വഷം മുൻപ് ഡൽഹി വിട്ടെന്ന് സിംഗ്വി പറഞ്ഞു.
“ഇപ്പോൾ ഖാൻ മാർക്കറ്റ് ഒരു മോശം വാക്കായി മാറിയിട്ടുണ്ടാകാം. എന്നാൽ അതൊരു നല്ല സ്ഥലമാണ്. അവിടെ നിരവധി നല്ല കോഫീ ഷോപ്പുകൾ ഉണ്ട്,” അദ്ദേഹം പറഞ്ഞു.
“ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിനാൽ. ഖാൻ മാർക്കറ്റിനെ എലൈറ്റ് എന്ന് വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിരവധി ജഡ്ജിമാർ ഖാൻ മാർക്കറ്റിൽ ഷോപ്പിംഗ് നടത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ജഡ്ജിമാരെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും ചിലർ നല്ല വാക്കുകൾ ശരിയായ മനോഭാവത്തോടെ സ്വീകരിക്കണമെന്നില്ലെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു.
പ്രധാനമന്ത്രി ബഹുമുഖ പ്രതിഭയാണെന്നാണ് ജസ്റ്റിസ് അരുൺ മിശ്ര നേരത്തെ പറഞ്ഞത്. മോദി ‘രാജ്യാന്തരതലത്തില്‍ പ്രശസ്തി നേടിയ ദര്‍ശകനാ’ണെന്നും ‘ആഗോളതലത്തില്‍ ചിന്തിക്കുകയും പ്രാദേശികമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബഹുമുഖപ്രതിഭ’യാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞിരുന്നു.
സുപ്രീം കോടതിയില്‍ നടന്ന രാജ്യാന്തര ജുഡീഷ്യല്‍ കോണ്‍ഫറന്‍സ് ‘നീതിന്യായ വ്യവസ്ഥയും മാറുന്ന ലോകവും’ ഉദ്ഘാടനച്ചടങ്ങില്‍ നന്ദി പ്രസംഗം നടത്തുകയായിരുന്നു ജസ്റ്റിസ് മിശ്ര. ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികള്‍ സമാനമാണെന്നും മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് നീതിന്യായ വ്യവസ്ഥയ്ക്കു സുപ്രധാനമായ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
“മാന്യമായ മനുഷ്യ അസ്തിത്വം ഞങ്ങളുടെ പ്രധാന ആശങ്കയാണ്. ആഗോളതലത്തില്‍ ചിന്തിക്കുകയും പ്രാദേശികമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബഹുമുഖ പ്രതിഭയ്ക്കു നന്ദി. ശ്രീ നരേന്ദ്ര മോദി, അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ പ്രസംഗത്തിന്, അതു ചര്‍ച്ചകള്‍ക്കു തുടക്കമിടുന്നതിലും സമ്മേളനത്തിന്റെ അജന്‍ഡ നിശ്ചയിക്കുന്നതിലും ഉത്തേജകമായി പ്രവര്‍ത്തിക്കും,” ‘സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രിയോട് നന്ദി രേഖപ്പെടുത്തി ജസ്റ്റിസ് മിശ്ര പറഞ്ഞു. ഇതിനെതിരെ ബാർ അസോസിയേഷൻ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.