ഔറംഗബാദ്: ജന്മദിനത്തിൽ കേക്ക് മുറിക്കില്ലെന്ന് ഹിന്ദുക്കൾ പ്രതിജ്ഞ ചെയ്യണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. കേക്ക് മുറിക്കുന്നിതിന് പകരം ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കണമെന്നും കേക്ക് മുറിക്കല്‍ പാശ്ചാത്യ സംസ്കാരമാണെന്നും അദ്ദേഹം പറഞ്ഞു.

ജന്മദിനാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കില്ലെന്ന് പ്രതിഞ്ജയെടുക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇന്ത്യൻ സംസ്കാരമല്ല അത്. ശക്തവും പഴക്കമുള്ളതുമായ നമ്മുടെ സ്വന്തം സംസ്കാരമുണ്ടായിട്ടും നിർഭാഗ്യവശാൽ നാം പാശ്ചാത്യന്‍ സാംസ്കാരത്തിലേക്കാണ് നീങ്ങുന്നതെന്നും ഗിരിരാജ് സിങ് പറഞ്ഞു.

മാതാപിതാക്കളെ അമ്മയെന്നും അച്ഛനെന്നും അഭിസംബോധന ചെയ്യാതെ മമ്മിയെന്നും ഡാഡിയെന്നും വിളിക്കുന്നതിനെതിരേയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. കുട്ടികൾ അവരുടെ മാതാപിതാക്കളെ മായെന്നും പിതാജിയെന്നും വിളിക്കുന്നത് വിട്ട് മമ്മിയെന്നും ഡാഡിയെന്നുമാണ് ഇപ്പോൾ വിളിക്കുന്നത്. മായെന്നും പിതാജിയെന്നും വിളിക്കുന്നതിന് വൈകാരികമായ ഒരു അടുപ്പം വളര്‍ത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നമ്മുടെ മതത്തെ സംരക്ഷിക്കാൻ എല്ലാ ഹിന്ദുക്കളും ഒന്നിക്കേണ്ടതുണ്ട്. രാജ്യത്തെ മുസ്ലിം ജനത ന്യൂനപക്ഷമല്ലെന്നും അവരെ അത്തരത്തിൽ കാണേണ്ടതില്ലെന്നും കേന്ദ്രമന്ത്രി പ്രസംഗത്തിനിടെ ആവർത്തിച്ച് വ്യക്തമാക്കി. രാജ്യത്തെ മുസ്ലിം ജനസംഖ്യ 21 കോടിയാണ്. ഇത്രയും ജനസംഖ്യയുള്ള ഒരു വിഭാഗത്തെ എങ്ങനെയാണ് ന്യൂനപക്ഷമായി കാണുകയെന്നും അദ്ദേഹം ചോദിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ