ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എടപ്പാടി കെ പളനിസാമി നാളെ നിയമസഭയില്‍ വിശ്വാസ വോട്ട് തേടും. മന്ത്രിസഭ രൂപീകരിക്കാന്‍ പളനിസാമിയെ ക്ഷണിച്ച ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു 15 ദിവസത്തിനകം വിശ്വാസവോട്ട് തേടാനാണ് ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ കൂവത്തൂരിലെ റിസോര്‍ട്ടില്‍ തുടരുന്ന എംഎല്‍മാരെ വശത്താക്കാന്‍ പനീര്‍ശെല്‍വം പക്ഷം ശ്രമം തുടങ്ങിയ സാഹചര്യത്തില്‍ വിശ്വാസവോട്ട് നീട്ടിക്കൊണ്ട് പോകുന്നത് പളനിസാമിക്ക് ഗുണം ചെയ്യില്ല. ഇതിനിടെ എടപ്പാടി പളനിസാമിക്ക് വോട്ട് ചെയ്യില്ലെന്ന് അറിയിച്ച് പ്രതിപക്ഷ പാര്‍ട്ടികളായ ഡിഎംകെയും കോണ്‍ഗ്രസും രംഗത്തെത്തി.
89 എംഎല്‍എമാരും പങ്കെടുത്ത യോഗത്തിലാണ് എടപ്പാടിക്ക് എതിരായി വോട്ട് ചെയ്യണമെന്ന് ഡിഎംകെ നേതാവ് സ്റ്റാലിന് അറിയിച്ചത്. കോണ്‍ഗ്രസിന്റെ എട്ട് എംഎല്‍മാരോടും നാളെ നിയമസഭയില്‍ ഹാജരായി എടപ്പാടിക്ക് എതിരെ വോട്ട് ചെയ്യണമെന്ന് അറിയിച്ചിട്ടുണ്ട്.
രഹസ്യബാലറ്റിലൂടെ വേണം വിശ്വാസവോട്ടെടുപ്പ് നടത്താനെന്ന് ഒ. പനീർശെൽവം ക്യാന്പ് ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ പനീർശെൽവത്തിന്റെ വീട്ടിൽനടന്ന യോഗത്തിലാണ് വിശ്വാസവോട്ടെടുപ്പിൽ രഹസ്യബാലറ്റ് ആവശ്യപ്പെടാൻ തീരുമാനിച്ചത്. പനീർശെൽവം ക്യാന്പിലെ നേതാക്കൾ ഗവർണറെ കണ്ട് ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തു.
പളനിസ്വാമി ക്യാന്പിലെ എംഎൽഎമാരെ കഴിഞ്ഞ പത്തുദിവസമായി കൂവത്തൂരിലെ റിസോർട്ടിലാണ് താമസിപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ മാത്രമേ ഇവരെ പുറത്തിറക്കുകയുള്ളു. റിസോർട്ടിൽ എംഎൽഎമാർക്കും പ്രമുഖ നേതാക്കൾക്കും മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച മൈലാപ്പൂർ എംഎൽഎ ആർ. നടരാജൻ പനീർശെൽവം പക്ഷത്തേക്കു മാറിയിരുന്നു. 31 അംഗ മന്ത്രിസഭയാണ് പളനിസ്വാമിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ അധികാരത്തിലെത്തിയത്. പളനിസ്വാമിക്കു 123 എംഎൽഎമാരുടെ പിന്തുണയാണ് ഇപ്പോൾ ഉള്ളത്. കേവല ഭൂരിപക്ഷത്തിനു 117 എംഎൽഎമാരുടെ പിന്തുണയാണ് വേണ്ടത്.