ചെന്നൈ: കശാപ്പ് നിരോധനത്തെ തുടർന്നുള്ള സംഭവങ്ങളിൽ അപപലപിച്ച് തമിഴ്നാട്ടിൽ ഡിഎംകെയും രംഗത്ത്. “രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇഷ്ടമുള്ള ഭക്ഷണം മാത്രമേ കഴിക്കാവൂ എന്ന സ്ഥിതി”യാണെന്ന് എം.കെ.സ്റ്റാലിൻ പറഞ്ഞു.

ജല്ലിക്കെട്ട് സമരം പോലെ “വീണ്ടുമൊരു മറീന ബീച്ച് വിപ്ലവം” ആവശ്യമാണെന്ന് ഡിഎംകെയുടെ അദ്ധ്യക്ഷനായ എം.കെ.സ്റ്റാലിൻ പറഞ്ഞു.

മൂന്ന് വർഷം ഒന്നും ചെയ്യാതിരുന്ന കേന്ദ്രസർക്കാർ പെട്ടെന്നൊരു ദിവസം കശാപ്പ് നിരോധനവുമായി രംഗത്തെത്തിെന്ന് പറഞ്ഞ സ്റ്റാലിൻ, വിഷയത്തിൽ മൗനം പാലിക്കുന്ന സംസ്ഥാന സർക്കാരിനെയും കുറ്റപ്പെടുത്തി.

2014 ലോക്സഭ തിരഞ്ഞെടുപ്പിലെ ഒറ്റ വാഗ്ദാനവും നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിനോ ബിജെപിക്കോ സാധിച്ചില്ലെന്ന് സ്റ്റാലിൻ പറഞ്ഞു.

സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് പറഞ്ഞ മോദി 15 രൂപ പോലും നൽകിയില്ലെന്ന് സ്റ്റാലിൻ പറഞ്ഞു.

കേരളവും വെസ്റ്റ് ബംഗാളും അടക്കം ഈ ഉത്തരവിനെതിരെ രംഗത്ത് വന്നിട്ടും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സംഭവത്തിൽ മൗനം പാലിക്കുന്നതിനെ ഡിഎംകെ നേതാവ് ചോദ്യം ചെയ്തു.

രാജ്യത്തെ ഫെഡറൽ ഭരണ വ്യവസ്ഥയെ അട്ടിമറിച്ച കേന്ദ്രസർക്കാർ സംസ്ഥാനങ്ങളെ മുനിസിപ്പിലാറ്റികളായും മുഖ്യമന്ത്രിമാരെ മുനിസിപ്പാലിറ്റി അദ്ധ്യക്ഷന്മാരായുമാണ് കാണുന്നതെന്ന് സ്റ്റാലിൻ പറഞ്ഞു. വിജ്ഞാപനം പിൻവലിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ സമരം നടത്തുമെന്നും ഡിഎംകെ നേതാവ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ