ചെന്നൈ: രാഷ്ട്രീയ പ്രവേശമെന്ന അഭ്യൂഹം നിലനില്‍ക്കെ അഭിനേതാക്കളായ കമലഹാസനും രജനീകാന്തും ഡിഎംകെ വേദിയില്‍. പാര്‍ട്ടി മുഖപത്രമായ മുരശൊലിയുടെ എഴുപത്തി അഞ്ചാം വാര്‍ഷികാഘോഷ വേദിയിലാണ് ഇരുവരും എത്തിയത്.ചെന്നെ കലെ വാനരംഗത്തിലായിരുന്നു പരിപാടി. കമൽഹാസൻ പ്രസംഗിച്ച ചടങ്ങിൽ രജനീകാന്ത് മുഴുവൻ സമയവും സദസ്സിന്റെ മുൻനിരയിൽ ശ്രോതാവായി ഇരുന്നതും കൗതുകമായി.

തമിഴ്‌നാട്ടിലെ ജനങ്ങളുടെ ഇഷ്ട നായകന്മാരായ രജനിയും കമലും രാഷ്ട്രീയ വിഷയങ്ങളില്‍ കാര്യമായി ഇടപെട്ടു തുടങ്ങിയത് ഈ അടുത്തകാലത്താണ്. അണ്ണാ ഡിഎംകെ ഭരണത്തെ എതിര്‍ത്താണ് കമലഹാസന്‍ അടുത്തിടെ ശ്രദ്ധ നേടിയത്. രജനീകാന്തും രാഷ്ട്രീയ പ്രവേശമെന്ന ലക്ഷ്യം ചര്‍ച്ചയാക്കി രംഗത്തു വന്നിരുന്നു. ഇഷ്ടതാരങ്ങള്‍ ഏത് രാഷ്ട്രീയത്തിനൊപ്പമാണെന്ന് അറിയാന്‍ ആരാധകര്‍ കാത്തിരിക്കുമ്പോഴാണ് ഇരുവരും ഡിഎംകെയുടെ വേദിയില്‍ എത്തിയത്.

രാഷ്ട്രീയത്തിൽ ഇറങ്ങുകയാണോയെന്നു പലരും ചോദിക്കുന്നുണ്ടെന്നു കമൽ പറഞ്ഞു. തനി‌ക്ക് 1983ൽ കരുണാനിധിയുടെ ടെലിഗ്രാം കിട്ടിയിരുന്നു. എന്തുകൊണ്ട് ഡിഎംകെയിൽ ചേർന്നുകൂടാ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അതിനിതുവരെ മറുപടി നൽകിയിട്ടില്ലെന്നും കമൽ പറഞ്ഞു. ഡിഎംകെയെ പല ഘട്ടത്തിൽ വിമർശിച്ചവരെ ആഘോഷച്ചട‌ങ്ങിലേക്കു ക്ഷ‌ണിച്ചതിൽ സന്തോഷമുണ്ടെന്നും ഇതു പുതിയ സംസ്കാരമാണെന്നും കമൽ ഹാസൻ അഭിപ്രായപ്പെട്ടു. സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ അണ്ണാ ഡിഎംകെ മ‌ന്ത്രിമാർ കമൽ ഹാസനെതിരെ രൂക്ഷ വിമർശനമുയർത്തിയിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു കമൽ ഹാസന്റെ പരാമർശം എന്നതാണു ശ്രദ്ധേയം.

കമൽഹാസൻ വേദിയിലിരുന്നപ്പോള്‍ രജനിയും പ്രഭുവും കാഴ്ചക്കാരുടെ ഒപ്പമായിരുന്നു.കരുണാനിധി കുടുംബവുമായുള്ള അടുപ്പത്തിന്റെ ഭാഗമായാണ് ചടങ്ങിന് എത്തിയതെന്നും ഇതില്‍ രാഷ്ട്രീയമില്ലെന്നുമാണ് രജനിയോട് അടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. ചടങ്ങില്‍ പങ്കെടുത്തെങ്കിലും രജനിയും പ്രഭുവും ജനങ്ങളെ അഭിസംബോധന ചെയ്തില്ല. ഡിഎംകെ വര്‍ക്കിങ്ങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ