ചെന്നൈ: കരുണാനിധിയുടെ നിര്യാണത്തെ തുടർന്ന് ഡിഎംകെയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സ്റ്റാലിൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കരുണാനിധിക്ക് ഭാരത രത്ന നൽകണമെന്ന പ്രമേയമാണ് സ്റ്റാലിൻ അദ്ധ്യക്ഷനായി ഡിഎംകെ ജനറൽ കൗൺസിൽ ആദ്യം പാസാക്കിയത്.

ഡിഎംകെയുടെ വർക്കിങ് പ്രസിഡന്റായിരുന്ന സ്റ്റാലിൻ പാർട്ടി കൗൺസിൽ യോഗത്തിലാണ് പ്രസിഡന്റായി ചുമതലയേറ്റത്. അതേസമയം ഡിഎംകെയിൽ കരുണാനിധിയുടെ പിൻഗാമിയാകേണ്ടത് താനാണെന്ന് സ്റ്റാലിന്റെ സഹോദരനായ അഴഗിരി പ്രതികരിച്ചു. പാർട്ടിയുടെ യഥാർത്ഥ ആശയം ഉൾക്കൊളളുന്നവർ തന്റെ പക്ഷത്താണെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ ഒൻപതിനു പാർട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിലാണ് ഡിഎംകെയുടെ ജനറൽ കൗൺസിൽ യോഗം ചേർന്നത്. ഇതിലാണ് എംകെ സ്റ്റാലിനെ എതിരില്ലാതെ പാർട്ടി പ്രസിഡന്റായി തിരഞ്ഞെടുത്തെന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

കോയമ്പത്തൂരിൽ ഡിഎംകെ പ്രവർത്തകർ സ്റ്റാലിന്റെ സ്ഥാനാരോഹണത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് മധുരം വിതരണം ചെയ്തപ്പോൾ

അതേസമയം ദക്ഷിണ തമിഴ്‌നാട്ടിൽ ഏറെ സ്വാധീനമുളള അഴഗിരി തന്നെ പാർട്ടിയിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മുൻ കേന്ദ്രമന്ത്രിയും കരുണാനിധിയുടെ മകനുമായ അഴഗിരി സെപ്റ്റംബർ അഞ്ചിന് തന്റെ സ്വാധീനം കാണിക്കാൻ റാലി സംഘടിപ്പിച്ചിട്ടുണ്ട്.

അദ്ധ്യക്ഷ സ്ഥാനത്തേക്കുളള തിരഞ്ഞെടുപ്പിൽ 65 ജില്ല സെക്രട്ടറിമാരുടെ പിന്തുണയോടെയാണ് സ്റ്റാലിൻ പത്രിക സമർപ്പിച്ചത്.  സ്റ്റാലിന്റെ പത്രികയ്ക്ക് ഒപ്പം പാർട്ടിയുടെ ട്രഷറർ സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ച മുതിർന്ന നേതാവ് ദുരൈ മുരുകനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ