ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്തു. സ്റ്റാലിനൊപ്പം 33 മന്ത്രിമാരും രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവർണർ ബൻവാരിലാൽ പുരോഹിത് മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടക്കുന്ന ചടങ്ങിലേക്കു മുന്നൂറില്‍ താഴെ പേരെ മാത്രമാണു ക്ഷണിച്ചിരുന്നത്.
പുതിയ മന്ത്രിസഭയില്‍ പൊലീസ്, ആഭ്യന്തരം, പൊതുഭരണം തുടങ്ങിയ വകുപ്പുകള്‍ സ്റ്റാലിന്‍ കൈകാര്യം ചെയ്യും. യുവാക്കളും പരിചയസമ്പന്നരും ഉള്‍പ്പെടുന്നതാണ് മന്ത്രിസഭ. നിരവധി മുന്‍ മന്ത്രിമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിഎംകെ ജനറല്‍ സെക്രട്ടി ദുരൈമുരുകന്‍, മുന്‍ ചെന്നൈ മേയര്‍ മാ സുബ്രഹ്‌മണ്യന്‍, കെ.എന്‍.നെഹ്‌റു, ആര്‍.ഗാന്ധി, പെരിയസ്വാമി എന്നിവര്‍ മന്ത്രിമാരിലെ പ്രമുഖരാണ്. രണ്ട് വനിതകളും മന്ത്രിസഭയിലുണ്ട്.
Also Read: കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്; തിരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യും
1967 മുതല്‍ ആറാം തവണയാണ് തമിഴ്‌നാട്ടില്‍ ഡിഎംകെ മുഖ്യമന്ത്രി അധികാരത്തില്‍ വരുന്നത്. പാര്‍ട്ടി സ്ഥാപകന്‍ സി.എന്‍.അണ്ണാദുരൈയൊണ് ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അതിനുശേഷം സ്റ്റാലിന്റെ പിതാവ് എം.കരുണാനിധി ഈ പദവി വഹിച്ചു.
234 അംഗ നിയമസഭയില്‍ ഇത്തവണ ഡിഎംകെയ്ക്കു 133 അംഗങ്ങളാണുള്ളത്. സഖ്യകക്ഷികളായ കോണ്‍ഗ്രസിനു പതിനെട്ടും സിപിഎമ്മിനും സിപിഐയ്ക്കും രണ്ടു വീതവും എംഎല്‍എമാരുമുണ്ട്. പ്രതിപക്ഷമായ എഐഎഡിഎംകെയ്ക്ക് 66ഉം ബിജെപിക്കു നാലും അംഗങ്ങളാണുള്ളത്. പട്ടാളി മക്കള്‍ കക്ഷി-അഞ്ച്, വിടുതലൈ ചിരുതൈകള്‍ കക്ഷി- നാല് എന്നിങ്ങനെയാണു മറ്റു കക്ഷിനില.