ചെന്നൈ: തമിഴ്നാട് നിയമസഭയിൽ ശനിയാഴ്ച്ച നടന്ന വിശ്വാസ വോട്ടെടുപ്പിനെതിരെ പ്രതിപക്ഷ കക്ഷിയായ ഡി.എം.കെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഗവര്‍ണര്‍ 15 ദിവസത്തിനകം പിന്തുണ തെളിയിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നടന്ന വോട്ടെടുപ്പിനിടെ തമിഴ്നാട് നിയമസഭയില്‍ സംഘര്‍ഷം നടന്നിരുന്നു. തുടര്‍ന്ന് അനധികൃതമായാണ് വോട്ടെടുപ്പ് നടത്തിയതെന്നും ഡിഎംകെ ആരോപിക്കുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വിശ്വാസ വോട്ട് നേടിയത് അസാധുവാക്കണമെന്ന് ഹർജിയിൽ ഡി.എം.കെ ആവശ്യപ്പെട്ടു.
രാവിലെ കോടതി ചേർന്നപ്പോൾ മുതിർന്ന അഭിഭാഷകനും ഡി.എം.കെ മുൻ രാജ്യസഭാംഗവുമായ ആർ. ഷൺമുഖസുന്ദരം ഫസ്റ്റ് ബഞ്ച് മുമ്പാകെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. ഡി.എം.കെ ഹർജി നൽകിയതിന് പിന്നാലെ നാളെ പരിഗണിക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിൽ 122 അംഗങ്ങൾ പളനിസാമിക്ക് അനുകൂലമായി വോട്ട് ചെയ്തതോടെ അദ്ദേഹം മുഖ്യമന്ത്രി കസേര ഉറപ്പിക്കുകയായിരുന്നു. എന്നാല്‍ സഭയില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഡിഎംകെ നേതാവ് സ്റ്റാലിന്‍ അടക്കമുള്ളവരെ പുറത്താക്കിയാണ് വോട്ടെടുപ്പ് നടന്നത്. ഇതില്‍ പ്രതിഷേധിച്ച് ഡിഎംകെ അംഗങ്ങള്‍ പ്രതിഷേധിക്കുകയും ഗവര്‍ണറെ കണ്ട് പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയേയും സമീപിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook