ചെന്നൈ: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന ദ്രാവിഡ നാടെന്ന സങ്കല്‍പ്പത്തിനാണ് താന്‍ കാത്തിരിക്കുന്നതെന്ന് ദ്രാവിഡ മുന്നേട്ര കഴഗം നേതാവ് എം.കെ.സ്റ്റാലിന്‍. അങ്ങനെയൊരു സാഹചര്യം വന്നാല്‍ അത് സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. തെക്കന്‍ സംസ്ഥാനങ്ങളില്‍ നിലനിന്ന ഏക ബിജെപി ബന്ധം ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടിയും ഉപേക്ഷിച്ചതോടെയാണ് ‘ദ്രാവിഡ നാട്’ എന്ന ആശയം ശക്തിയാര്‍ജ്ജിക്കുന്നത്.

ദ്രാവിഡ വിഭാഗങ്ങള്‍ക്കു മുന്‍തൂക്കമുള്ള ആറ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ചേര്‍ത്ത് ദ്രാവിഡ നാട് എന്ന രാജ്യം സ്ഥാപിതമാകണമെന്നാണ് പ്രസ്തുത ആശയം. ഈ ആശയം നടപ്പിലായാല്‍ അതിന് അകമഴിഞ്ഞ പിന്തുണ നല്‍കുമെന്ന് എം.കെ.സ്റ്റാലിന്‍ പറഞ്ഞു. ‘തെക്കന്‍ സംസ്ഥാനങ്ങള്‍ ഒരു മനസ്സാലെ ദ്രാവിഡ നാട് എന്ന ആശയവുമായി മുന്നോട്ടു വരണം. എങ്കില്‍ അത് സ്വാഗതം ചെയ്യും. അത്തരമൊരു സാഹചര്യമുണ്ടാകുമെന്നു തന്നെ ഡിഎംകെ പ്രതീക്ഷിക്കുന്നു’, സ്റ്റാലിന്‍ പറഞ്ഞു.

ദക്ഷിണേന്ത്യയില്‍ നിലവിലുള്ള സമുദായങ്ങളുടെ ഭൂരിപക്ഷം അടിസ്ഥാനമാക്കിയുള്ള ആശയമാണ് ദ്രാവിഡനാട് എന്നതിലൂടെ ഉദ്ദേശിക്കുന്നത്. ഉത്തരേന്ത്യന്‍ ആര്യന്മാരുടെ സമുദായത്തില്‍ നിന്ന് വ്യത്യസ്ഥമായാണ് ഈ ആശയം. പെരിയാര്‍ ഇ.വി.രാമസ്വാമി ഈ ആശത്തിന് മുന്‍കൈയ്യെടുത്ത പ്രധാനപ്പെട്ട വ്യക്തികളില്‍ ഒരാള്‍ കൂടിയായിരുന്നു. ഈ ആശയമാണ് തമിഴ്‌നാട്ടില്‍ ദ്രാവിഡ കക്ഷികള്‍ക്കു ജന്മം നല്‍കിയതും. 1960കള്‍ക്കു ശേഷമാണ് തമിഴ് ജനതയ്ക്കിടയില്‍ ഈ ആശയം പ്രചാരം സൃഷ്ടിച്ചു തുടങ്ങിയത്.

ഇതിനിടെ എം.കെ.സ്റ്റാലിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ് ദേശീയ പെരിയാക്കം നേതാവ് പി.മണിയരസന്‍ രംഗത്തു വന്നു. സ്റ്റാലിന്‍ ദ്രാവിഡനാട് എന്ന ആശയത്തെ പിന്തുണയ്ക്കുന്ന വ്യക്തിയാണെങ്കില്‍, ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് ഇതിനെപ്പറ്റി ചര്‍ച്ച നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.

മാത്രമല്ല സ്വന്തം പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാന പത്രികയില്‍ ഇത് ഉള്‍പ്പെടുത്തണമെന്നും ഇതു സംബന്ധിച്ച് ഡിഎംകെയുടെ പ്രത്യേക ജനറല്‍ കൗണ്‍സില്‍ വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതൊന്നും ചെയ്യാത്ത കാലത്തോളം സ്റ്റാലിന്‍ ഈ ആശയം അംഗീകരിക്കുകയാണെന്ന് കരുതാന്‍ വയ്യെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook