ചെന്നൈ: ദ്രാവിഡ മുന്നേട്ര കഴഗം (ഡിഎംകെ) നേതാവ് കെ അന്പഴകന് അന്തരിച്ചു. തൊണ്ണൂറ്റിയേഴ് വയസ്സായിരുന്നു. ഇന്നു പുലര്‍ച്ചെ അപ്പോളോ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഒരു വര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ വിട്ട് നിന്നിരുന്ന അന്‍പഴകനെ കഴിഞ്ഞ മാസം ശ്വാസതടസ്സത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഡിഎംകെയുടെ ജനറല്‍ സെക്രട്ടറി ചുമതലയില്‍ 43 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. നാലു തവണ മന്ത്രിയായി ചുമതല നിര്‍വ്വഹിച്ചിരുന്ന അന്പഴകന് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ ഉറ്റ സുഹൃത്തുമായിരുന്നു. കുടുംബപരമായി തന്നെ സാമൂഹ്യ നേതാവ് പെരിയാറുടെ അനുയായിയും ആരാധകനുമായിരുന്നു അന്പഴകന്. ‘പേരാസിരിയര്‍’ (പ്രൊഫസര്‍) എന്നറിയപ്പെടുന്ന അന്പഴകന് ഡി.എം.കെ.യുടെ സ്ഥാപകനേതാക്കളില്‍ ഒരാൾ കൂടിയാണ്.
നേതാവിന്റെ നിര്യാണത്തിൽ അനുശോചിച്ച് പാർട്ടി തലവൻ എം കെ സ്റ്റാലിൻ രംഗത്തെത്തി. ‘ദ്രാവിഡകൊടുമുടി വീണിരിക്കുന്നു’ എന്നാണ് അദ്ദേഹം കുറിച്ചത്.
“എന്റെ അപ്പ (അച്ഛൻ) അന്തരിച്ചപ്പോൾ, എന്നെ നയിക്കാൻ പെരിയപ്പ ഉണ്ടെന്ന് ഞാൻ സ്വയം ആശ്വസിപ്പിച്ചു. ഇപ്പോൾ, പെരിയപ്പയുടെ നിര്യാണത്തിനുശേഷം, ആരെയാണ് ഞാൻ ഉപദേശം തേടാനായി സമീപിക്കേണ്ടത്. ഞാൻ എങ്ങനെ എന്നെ ആശ്വസിപ്പിക്കും? ” കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

തമിഴ് ദ്രാവിഡ രാഷ്ട്രീയത്തിലെ മുന്നണിപോരാളികളിലൊരാളായ കണക്കാക്കുന്ന അന്പഴകന് കോളേജ് അധ്യാപകനായിരിക്കേയാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. 13 വര്‍ഷത്തോളം പച്ചൈയപ്പാ കോളേജില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു.
1977ലാണ് അദ്ദേഹം ഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റത്. നെടുംചെഴിയന്‍ എഐഡിഎംകെയിലേക്ക് പോയതിന് പിന്നാലെയാണ് അന്പഴകന് ഡിഎംകെയിലെ സുപ്രധാന സ്ഥാനത്തെത്തുന്നത്.ഡിഎംകെയുടെ നേതൃത്വത്തില്‍ തൊഴിലാളി പ്രസ്ഥാനം സ്ഥാപിച്ചതും അന്‍പഴകനായിരുന്നു. ഒമ്പത് തവണ എംഎൽഎ ആയും ഒരു തവണ എംപിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Read Here: K Anbazhagan: Remembering Anna’s brother, and a friend of Kalaignar