/indian-express-malayalam/media/media_files/uploads/2018/09/sofia-cats.jpg)
ചെന്നൈ: ബിജെപി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച 28കാരിയായ വിദ്യാര്‍ത്ഥിനിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം പുകയുന്നു. കാനഡയിലെ മോൺട്രിയൽ സർവകലാശാലയിലെ ഗവേഷകയും എഴുത്തുകാരിയും തമിഴ്നാട് സ്വദേശിയുമായ ലോയിസ് സോഫിയയെയാണ് തൂത്തുക്കുടിയില്‍ വച്ച് പൊലീസ് അറസ്റ്റു ചെയ്തത്. സോഫിയയെ വിട്ടയക്കണമെന്ന് ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിന്‍ ആവശ്യപ്പെട്ടു. സംസാരിക്കാനുളള അവകാശത്തെയാണ് സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. 'സോഫിയയെ എത്രയും പെട്ടെന്ന് വിട്ടയക്കണം. ഇങ്ങനെ പറയുന്ന എത്ര പേരെ നിങ്ങള്‍ അറസ്റ്റ് ചെയ്യും. എങ്കില്‍ ഞാനും പറയുന്നു, ബിജെപി സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണം തുലയട്ടെ', സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെയോടെ സോഫിയയ്ക്ക് ജാമ്യം ലഭിച്ചു.
സോഫിയയ്ക്ക് പിന്തുണ അറിയിച്ച് നിരവധി സംഘടനകള്‍ തൂത്തുക്കുടി പൊലീസ് സ്റ്റേഷന് മുമ്പില്‍ പ്രകടനം നടത്തി. ബിജെപിയുടെ ഫാസിസ്റ്റ് ഭരണം തുലയട്ടെ' എന്ന് തൂത്തുക്കുടി വിമാനത്താവളത്തില്‍ വച്ച് മുദ്രാവാക്യം മുഴക്കിയതാണ് സോഫിയയുടെ അറസ്റ്റിന് കാരണമായത്. ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദര്‍രാജന്റെ പരാതിയിലാണ് അറസ്റ്റ്. വിമാനത്തില്‍ യാത്ര ചെയ്യവെ, തമിഴിസൈ സൗന്ദര്‍രാജനും ലോയിസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും പ്രതികൂലിച്ചായിരുന്നു ലോയിസ് സോഫിയ സംസാരിച്ചത്. തുടര്‍ന്ന്, വിമാനത്താവളത്തില്‍ വച്ച്, ഫാസിസം തുലയട്ടെ എന്ന മുദ്രാവാക്യവും മുഴക്കി.
മാപ്പുപറയണമെന്ന് തമിഴിസൈ ആവശ്യപ്പെട്ടെങ്കിലും ലോയിസ് വഴങ്ങിയില്ല. തുടര്‍ന്നാണ്, ലോയിസിന് തീവ്രവാദബന്ധമുണ്ടെന്ന് കാണിച്ച്, ബിജെപി പരാതി നല്‍കിയത്. തൂത്തുക്കുടിയില്‍ വച്ച് വൈകിട്ടോടെ ലോയിസിനെ അറസ്റ്റു ചെയ്തു. മകളെ അപമാനിച്ചുവെന്ന് കാണിച്ച്, ലോയിസിന്റെ പിതാവ് നല്‍കിയ പരാതിയില്‍ നടപടിയുണ്ടായിട്ടില്ല.
Watch | Tamil Nadu BJP chief Tamilisai Soundararajan asks Lois Sofia, 28, "How can you shout like that?"https://t.co/pJ1m6YpUY4pic.twitter.com/bFKaE13c1P
— The Indian Express (@IndianExpress) September 4, 2018
തമിഴിസൈയുടെ വിമാനത്താവള പൊലീസില്‍ പരാതി നല്‍കിയത് കൊണ്ടാണ് സോഫിയയെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത സോഫിയയെ 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി സോഫിയയുടെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് സോഫിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൂത്തുക്കുടി വിമാനത്താവളത്തില്‍ വച്ചാണ് പ്രശ്നം ഉണ്ടായതെന്ന് സോഫിയയുടെ പിതാവും വിരമിച്ച സര്‍ക്കാര്‍ ഡോക്ടറുമായ ഡോ. എ.എ.സാമി പറഞ്ഞു. 'ചെന്നൈയില്‍ ഞാനും എന്റെ ഭാര്യ മാധുരിയും ആണ് മകളെ സ്വീകരിക്കാനെത്തിയത്. അവിടുന്നാണ് ഞങ്ങള്‍ തൂത്തുക്കുടിയിലേക്ക് പോയത്. അവിടെ വച്ചാണ് ബിജെപി അദ്ധ്യക്ഷയുമായി തര്‍ക്കം ഉണ്ടായത്. ഫാസിസ്റ്റ് ബിജെപി സര്‍ക്കാര്‍ തുലയട്ടെ എന്ന് മാത്രമാണ് മകള്‍ പറഞ്ഞത്. ഇതിന് പിന്നാലെ പത്തോളം പേര്‍ തമിഴിസൈയോടൊപ്പം എത്തി എന്റെ മകളെ ചീത്ത പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഞങ്ങളെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മകളെ അറസ്റ്റ് ചെയ്തത്', സാമി പറഞ്ഞു.
സോഫിയയെ കണ്ടപ്പോള്‍ പാവം കുട്ടി ആണെന്നാണ് കരുതിയതെന്ന് ബിജെപി തമിഴ്നാട് അദ്ധ്യക്ഷ തമിഴിസൈ പറഞ്ഞു. 'ഫാസിസ്റ്റ്' എന്ന പദപ്രയോഗം ഉപയോഗിക്കുന്നയാള്‍ നിഷ്കളങ്കരാവില്ലെന്നും തമിഴിസൈ പറഞ്ഞു. 'സര്‍ക്കാരിനെ കുറ്റപ്പെടുത്തിയതില്‍ ഞാന്‍ വളരെ അസ്വസ്ഥയായിരുന്നു. എന്നേയും ബിജെപിയേയും ആണ് അവര്‍ അധിക്ഷേപിച്ചത്. സര്‍ക്കാരിനെ ഇത്തരത്തില്‍ ചോദ്യം ചെയ്താല്‍ അത് അവഗണിക്കാനാവില്ല. സ്റ്റെര്‍ലൈറ്റ് പ്രതിഷേധത്തില്‍ അണിനിരന്നവര്‍ ആ കുട്ടിയെ പിന്തുണച്ച് രംഗത്തെത്തിയതായി എനിക്ക് റിപ്പോര്‍ട്ട് ലഭിച്ചു. കാനഡയിലെ ചില സംഘങ്ങളുമായി അവര്‍ക്ക് ബന്ധമുളളതായി എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്', തമിഴിസൈ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.