ചെന്നൈ: ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ഏകാധിപത്യമാണ് എന്ന് ദ്രാവിഡ മുന്നേറ്റ കഴകം നേതാവ് എം.കെ.സ്റ്റാലിന്‍. രാജ്യമൊട്ടാകെയും കാവിവത്കരണത്തിന്റെ അജണ്ടയാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ നോക്കുന്നത്. തമിഴ്നാട്ടില്‍ ഈ അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ എന്ത് വിലകൊടുത്തും അതിനെ തടയുകയും ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുമെന്ന് ഡിഎംകെ അദ്ധ്യക്ഷന്‍ പറഞ്ഞു.

“തിരഞ്ഞെടുപ്പ് ദുരുപയോഗം ചെയ്തുകൊണ്ട് ഏകാധിപത്യം കൊണ്ടുവരികയാണ് ബിജെപി. ജനാധിപത്യത്തെ അട്ടിമറിക്കുന്നതാണിത്. കഴിഞ്ഞ നാല് വര്‍ഷമായി രാജ്യം ഭരിക്കുന്നത് ജനവിരുദ്ധമായൊരു സര്‍ക്കാരാണ്” ഡിഎംകെ ആരോപിച്ചു.

സ്റ്റാലിന്‍ പാര്‍ട്ടി അദ്ധ്യക്ഷനായി ചുമതലയേറ്റ ഓഗസ്റ്റ് 28ലെ ആദ്യ യോഗം മുതല്‍ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിക്കുന്ന നയമാണ് സ്റ്റാലിന്‍ സ്വീകരിച്ച് പോന്നത്. റാഫേല്‍ ഇടപാട്, നീറ്റ് പരീക്ഷ, നോട്ടുനിരോധനം, സാമ്പത്തിക തകര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ പ്രതിപാദിച്ചായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രസംഗം.

‘ബിജെപിയുടെ കാവിവത്കരണം പ്രതിരോധിക്കും’ എന്ന് പറഞ്ഞുകൊണ്ട് ഒരു പ്രമേയവും യോഗത്തില്‍ പാസാക്കി. “ബിജെപി സര്‍ക്കാര്‍ തമിഴ്നാടിന്റെ താത്പര്യങ്ങളെ അവഗണിക്കുകയാണ്. നാനാത്വങ്ങളെ ഇല്ലാതാക്കുകയാണ്, വര്‍ഗീയത വളര്‍ത്തുകയാണ്, ബിജെപിയെ എതിര്‍ക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയാണ്”, എന്ന് പറയുന്ന പ്രമേയത്തില്‍ ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെയുള്ള ആക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായും ബിജെപിയെ വിമര്‍ശിക്കുന്ന മാധ്യമങ്ങളെ വേട്ടയാടുന്നതായും ആരോപിക്കുന്നു.

ബിജെപി നിയന്ത്രിക്കുന്നതായ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയും കാര്യങ്ങള്‍ പ്രതിസന്ധിയിലാണ് എന്നും ഡിഎംകെ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍, ഐടി വകുപ്പ്, സിബിഐ എന്നിവരൊക്കെയും ബിജെപി രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗിക്കുകയാണ് എന്നും ആരോപിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ