/indian-express-malayalam/media/media_files/uploads/2019/10/sivakumar.jpg)
ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനു ജാമ്യം. 25 ലക്ഷം രൂപയുടെ സ്വന്തം ബോണ്ടിലും കേസില്‍ വിചാരണ തീരുംവരെ രാജ്യം വിടരുതെന്ന ഉപാധിയോടെയുമാണു ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കര്‍ണാടക മുന്‍ മന്ത്രി കൂടിയായ ശിവകുമാറിനെ ആദായനികുതി വകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ മൂന്നിനാണു എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഹവാല ഇടപാടുകളിലൂടെ കണക്കില്‍പ്പെടാത്ത പണം സമ്പാദിച്ചുവെന്നാണ് ശിവകുമാറിനെതിരായ കുറ്റം. നികുതി വെട്ടിപ്പിനും കോടികളുടെ ഹവാല ഇടപാടിനുമാണു സാമ്പത്തികത്തട്ടിപ്പ് നിരോധന നിയമപ്രകാരം ശിവകുമാറിനെതിരേ കേസെടുത്തത്. അതേസമയം തനിക്കെതിരേ തെളിവില്ലെന്നും രാഷ്ട്രീയ വൈരാഗ്യം വച്ച് വേട്ടയാടുകയാണുമെന്നാണു ശിവകുമാറിന്റെ വാദം.
ഒക്‌ടോബര്‍ 17നു ശിവകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിയമവിദഗ്ധന്‍ ഹാജരായിരുന്നില്ല. ഇതിനെ കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒളിച്ചുകളിക്കരുതെനന്നു കോടതി പറഞ്ഞിരുന്നു.
ജാമ്യാപേക്ഷയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശക്തമായി എതിര്‍ത്തിരുന്നു.ശിവകുമാര്‍ സ്വാധീനമുള്ള വ്യക്തിയാണെന്നും മോചിപ്പിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വാദിച്ചിരുന്നു. ഇതു തള്ളിക്കൊണ്ടാണു കോടതി ശിവകുമാറിനു ജാമ്യം അനുവദിച്ചത്. കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മുന്‍പ് ഇന്നു രാവിലെ ശിവകുമാറിനെ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി തിഹാര്‍ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.
നാലുദിവസത്തെ ചോദ്യം ചെയ്യലിനുശേഷമാണു സെപ്റ്റംബര്‍ മൂന്നിനു ഡികെ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. സ്വത്തുക്കളുടെ ഉറവിടം വ്യക്തമാവുന്ന തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണു ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത്. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള ശിവകുമാറിന്റെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണു ഇഡി സമന്‍സ് അയച്ചത്.
2017ല്‍ രാജ്യസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഗുജറാത്തില്‍ നിന്നുള്ള 47 കോണ്‍ഗ്രസ് എംഎല്‍എമാരെ ബിഡദിയിലെ ഈഗിള്‍ട്ടന്‍ റിസോര്‍ട്ടില്‍ ശിവകുമാറിന്റെ നേതൃത്വത്തില്‍ താമസിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ആദായനികുതി വകുപ്പ് റെയ്ഡുകള്‍ക്ക് തുടക്കമിട്ടത്. ഡല്‍ഹി സഫ്ദര്‍ജങ് റോഡിലെ ഫ്‌ലാറ്റില്‍ നിന്ന് 8.50 കോടി രൂപയുടെ ഹവാലപ്പണം പിടികൂടിയതാണ് ശിവകുമാറിനെതിരായ നീക്കങ്ങളുടെ കാരണം. ശിവകുമാറിന്റെ വസതികളില്‍ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 8.59 കോടി രൂപ കണ്ടെത്തിയിരുന്നു.
Read Also: കള്ളപ്പണക്കേസ്: ഡി.കെ.ശിവകുമാറിന്റെ മകളെ ഏഴ് മണിക്കൂർ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ്
ഇതിനു മുന്‍പ്, ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് ജാമ്യം അനുവദിക്കണമെന്ന ശിവകുമാറിന്റെ ഹര്‍ജി കോടതി തള്ളിയിരുന്നു. ആരോഗ്യസ്ഥിതി മോശമാണെന്നും ഹൃദയാഘാതത്തിന് സാധ്യതയുണ്ടെന്നും ശിവകുമാറിന്റെ അഭിഭാഷകന്‍ മനു അഭിഷേക് സിങ്വി കോടതിയെ അറിയിക്കുകയുണ്ടായി. ശിവകുമാറിനെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ശിവകുമാറിന്റെ കസ്റ്റഡി നീട്ടുകയായിരുന്നു. ശിവകുമാറിന്റെ ആരോഗ്യത്തില്‍ ശ്രദ്ധ വേണമെന്ന് നിര്‍ദേശം നല്‍കിയാണ് നേരത്തെ കോടതി ശിവകുമാറിന്റെ കസ്റ്റഡി കാലാവധി നീട്ടിയത്.
ഡി.കെ. ശിവകുമാറിന്റെ മകള്‍ ഐശ്വര്യ ശിവകുമാറിനെയും എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ഏഴു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഐശ്വര്യയെ വിട്ടയയ്ക്കുകയായിരുന്നു. ഡല്‍ഹിയിലെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. ഐശ്വര്യ മേധാവിയായിരിക്കുന്ന സ്ഥാപനങ്ങളുടെ രേഖകള്‍ എന്‍ഫോഴ്‌സ്മെന്റിനു കൈമാറിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.