2002ല്‍ കോണ്‍ഗ്രസ് നയിക്കുന്ന വിലാസ്റാവു ദേശ്‌മുഖ് സര്‍ക്കാര്‍ വീഴ്ച്ചയുടെ വക്കത്തിരിക്കുമ്പോഴാണ് എംഎല്‍എമാരെ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലേക്ക് മാറ്റിയത്. അന്ന് എസ്എം കൃഷ്ണ ഭരിച്ചിരുന്ന മന്ത്രിസഭയിലെ നഗരവികസന മന്ത്രിയായിരുന്ന ഡികെ ശിവകുമാറിനായിരുന്നു എംഎല്‍എമാരെ കാത്തു സൂക്ഷിക്കാനുളള ചുമതല. ബംഗളൂരുവിലെ ഈഗിള്‍ട്ടണ്‍ റിസോര്‍ട്ടില്‍ എംഎല്‍എമാരെ എത്തിച്ച ശിവകുമാര്‍ ഒരാഴ്ച്ചക്കാലം അവിടെ കാവലിരുന്നു. വിശ്വാസവോട്ടിന്റെ അന്ന് എംഎല്‍എമാരെ സുരക്ഷിതമായി മുംബൈയിലെത്തിച്ച അദ്ദേഹം വിലാസ്റാവു സര്‍ക്കാരിനെ വീഴ്ച്ചയില്‍ നിന്നും കാത്തു. അന്ന് ഡികെ ശിവകുമാര്‍ എന്ന യുവമന്ത്രി വാര്‍ത്താ തലക്കെട്ടുകളായി മാറി. ഗാന്ധി കുടുംബവുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ ആ സംഭവം അദ്ദേഹത്തിന് മുതല്‍കൂട്ടായി.

കര്‍ണാടക രാഷ്ട്രീയത്തില്‍ ഡികെഎസ് എന്നറിയപ്പെടുന്ന അദ്ദേഹം കോണ്‍ഗ്രസിന് എന്നും ആത്മവിശ്വാസം നല്‍കുന്ന വ്യക്തിയാണ്. ഗൗഡ കുടുംബത്തിന്റെ ശക്തമായ ഇടങ്ങളില്‍ പോരാടി നിന്നയാളാണ് ഈ 57കാരന്‍. 1989ലാണ് വൊക്കലിഗ സമുദായക്കാരനായ ശിവകുമാര്‍ അദ്ദേഹത്തിന്റെ ആദ്യ നിയമസഭാ സീറ്റ് നേടുന്നത്. കര്‍ണാടക രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായ എച്ച്ഡി ദേവഗൗഡയെ പരാജയപ്പെടുത്തി കനകപുര താലൂക്കിലെ സതാനൂരില്‍ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 1990ല്‍ ബംഗാരപ്പ മുഖ്യമന്ത്രിയായപ്പോള്‍ ഡികെ ശിവകുമാറിന്റെ പ്രതിഭ മനസ്സിലാക്കി അദ്ദേഹത്തെ ജയില്‍ വകുപ്പിലെ ജൂനിയര്‍ മന്ത്രിയായി നിയമിച്ചു.

വളരെ ചെറിയ മന്ത്രിസ്ഥാനം ആയിരുന്നിട്ടു പോലും തന്റെ മികവുറ്റ പ്രകടനം കൊണ്ട് അദ്ദേഹം മുതിര്‍ന്ന നേതാക്കളുടേയും ജനങ്ങളുടേയും ശ്രദ്ധ നേടി. അന്ന് വെറും 29 വയസ് മാത്രമായിരുന്നു അദ്ദേഹത്തിന് പ്രായം.

1994ല്‍ ദേവഗൗഡയുടെ ജനതാദള്‍ ഭരണത്തിലെത്തിയപ്പോള്‍ ആ കൊടുങ്കാറ്റിനെ അതിജീവിച്ച ചുരുക്കം ചിലരില്‍ ഡികെഎസും ഉണ്ടായിരുന്നു. ദേവഗൗഡ പ്രധാനമന്ത്രിയായിരുന്നപ്പോഴും ശിവകുമാര്‍ വീറോടെ പോരാടി. 1999ല്‍ വൊക്കലിഗ സമുദായക്കാരനായ എസ്എം കൃഷ്ണ മുഖ്യമന്ത്രിയായപ്പോള്‍ ഡികെഎസിനെ നഗരവികസന മന്ത്രിയായി നിയമിച്ചു. എന്നാല്‍ 2002ല്‍ ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ ദേവഗൗഡയ്ക്ക് എതിരെ മത്സരിച്ച അദ്ദേഹം പരാജയപ്പെട്ടു. എന്നാല്‍ 2004ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ മാധ്യമപ്രവര്‍ത്തകയായ തേജസ്വിനിയെ ഇതേ സീറ്റിൽ മത്സരിപ്പിച്ച് വിജയം നേടി അദ്ദേഹം പ്രതികാരം വീട്ടി. യെഡിയൂരപ്പാ സര്‍ക്കാരിന്റെ കാലത്ത് കർണാടക  പിസിസി പ്രസിഡന്റായിരുന്നു ശിവകുമാര്‍. 2013ല്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ഭരണത്തില്‍ വന്നപ്പോള്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് അദ്ദേഹം പുറത്തുപോയി.

എന്നാല്‍ അന്ന് പാര്‍ട്ടിക്കെതിരെയോ ഹൈക്കമാന്റിനെതിരെയോ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചില്ല. ജനുവരി 2014ല്‍ അദ്ദേഹത്തെ വൈദ്യൂത വകുപ്പ് മന്ത്രിയായി നിയമിച്ചു. 2017ല്‍ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേലിനെ തോല്‍പ്പിക്കാന്‍ ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ശ്രമിച്ചു. ഇതേ ശിവകുമാര്‍ തന്നെയാണ് അന്ന് ഗുജറാത്ത് എംഎല്‍എമാര്‍ക്ക് കാവലായി നിന്നത്. ഇതിന്റെ പ്രതികാര നടപടിയെന്നോണം അദ്ദേഹത്തെ ഇന്‍കം ടാക്സും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വേട്ടയാടി. എന്നിട്ടും കുലുങ്ങാതിരുന്ന ശിവകുമാര്‍ അഹമ്മദ് പട്ടേല്‍ വിജയിച്ചപ്പോള്‍ തന്റെ ദൗത്യം പൂർത്തിയക്കിയതിന്റെ സന്തോഷത്തിലായിരുന്നു.

തനിക്കൊരു ഭീഷണിയായി ശിവകുമാര്‍ മാറുമെന്ന് കണ്ട സിദ്ധരാമയ്യ 2017ല്‍ അദ്ദേഹത്തെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചില്ല. എന്നാല്‍ പാര്‍ട്ടിക്കെതിരെയോ സിദ്ധരാമയ്യക്കെതിരെയോ അദ്ദേഹം ഒരക്ഷരം മിണ്ടിയില്ല. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചരണ കമ്മിറ്റി ചെയര്‍മാനായി അദ്ദേഹത്തെ തിരഞ്ഞെടുത്തു. കേവല ഭൂരിപക്ഷം ആര്‍ക്കും ഇല്ലാതിരുന്ന ഫലം പുറത്തുവന്നതിന് പിന്നാലെ അദ്ദേഹം മുന്‍കൈ എടുത്ത് ശത്രുക്കളായിരുന്ന ദേവഗൗഡ കുടുംബത്തെ കൂട്ടുപിടിച്ച് ബിജെപിക്കെതിരെ നീങ്ങി.

കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച എല്ലാ എം.എല്‍.എമാരും ബി.ജെ.പിക്കെതിരെ വോട്ട് രേഖപ്പെടുത്തുമെന്നാണ് അവസാന നിമിഷവും സിദ്ധരാമയ്യ സര്‍ക്കാറില്‍ ഊര്‍ജമന്ത്രിയായിരുന്ന ശിവകുമാര്‍ സഭയിലെത്തുന്നതിനു തൊട്ടുമുമ്പും പറഞ്ഞത്. കോണ്‍ഗ്രസ് ക്യാംപില്‍ നിന്ന് വിട്ടുനിന്ന ആനന്ദ് സിങ് സഭയിലെത്തുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം വിധാന സൗധ (നിയമസഭ) യുടെ ഗേറ്റില്‍ കാത്തു നിന്നു. ആനന്ദ് സിങ് സഭയുടെ കവാടത്തിലെത്തിയപ്പോള്‍ നേരിട്ടു ചെന്ന് വിപ്പ് കൈമാറുകയും ചെയ്തു. ആനന്ദ് സിങിനെയും ഭാര്യയെയും ആലിംഗനം ചെയ്തു ഡി.കെ എസ്.   ബി.ജെ.പിയുടെ കുതിരക്കച്ചവടം വിജയിച്ചില്ലെന്ന് സഭ കൂടുന്നതിനു മുമ്പേ അദ്ദേഹം തെളിയിക്കുകയും ചെയ്തു.

യെഡിയൂരപ്പയുടെ അവകാശവാദം അംഗീകരിച്ച് ഗവര്‍ണര്‍ വാജുഭായ് വാല സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഉടന്‍ തന്നെ, കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സ്വാധീനിക്കപ്പെടാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് ചടുലനീക്കങ്ങള്‍ ആസൂത്രണം ചെയ്യാനും ഡി.കെ ശിവകുമാറായിരുന്നു മുന്നില്‍. ആ പഴയ ഈഗിള്‍ട്ടണ്‍ റിസോര്‍ട്ടിലായിരുന്നു ജെഡിഎസ് എംഎല്‍എമാരെ അദ്ദേഹം മൂന്ന് ദിവസം താമസിപ്പിച്ചത്. പിന്നീട് ഹൈദരാബാദിലേക്ക് ഇവരെ ബസില്‍ കൊണ്ടുപോയി. ബിജെപി കുതിരക്കച്ചവടത്തിന് ഒരുങ്ങിയപ്പോള്‍ ഒരു ഘട്ടത്തില്‍ അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് അദ്ദേഹം മുന്നറിയിപ്പും നല്‍കി. കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറുന്നില്ലെന്ന് ഉറപ്പ് വരുത്തിയ അദ്ദേഹം ‘കാണാതായ’ രണ്ട് എംഎല്‍എമാരായ പ്രതാപ് ഗൗഡ പാട്ടീലിനേയും ആനന്ദ് സിംഗിനേയും കൃത്യമായ സമയത്ത് നിയമസഭയിലെത്തിച്ചു.

വീണു പോകുമ്പോള്‍ തങ്ങള്‍ക്ക് താങ്ങാണ് ഡികെഎസ് എന്ന് അറിയാവുന്ന പ്രവര്‍ത്തകര്‍ അദ്ദേഹത്തിനൊപ്പം നിന്നു. വേദനിപ്പിച്ചാല്‍ പ്രതികാരം ചെയ്യാന്‍ ഏതറ്റം വരെയും പോകുന്നയാളാണെന്ന തിരിച്ചറിവില്‍ എതിരാളികളും അദ്ദേഹത്തെ ഭയപ്പെട്ടു. രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കും മുമ്പ് മുഖ്യമന്ത്രിയാകണമെന്ന തന്റെ ആഗ്രഹം അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ദേശീയ തലത്തില്‍ തന്നെ ബിജെപിക്ക് എതിരായ ശബ്ദമാണ് ഡികെഎസിന്റേതെന്ന് പ്രവര്‍ത്തകരും വിശ്വസിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook