ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ ഭീതിയൊഴിഞ്ഞ പശ്ചാത്തലത്തില്‍ ദീപങ്ങള്‍ തെളിയിച്ചും മധുരം വിളമ്പിയും രാജ്യമെങ്ങും ദീപാവലി ആഘോഷങ്ങള്‍ നടന്നു. തിന്മയ്ക്ക് മേല്‍ നന്മയുടെ വിജയമാണ് ദീപാവലിയായി ആഘോഷിക്കുന്നത്. മഹാമാരിക്കും അടച്ചിടലുകള്‍ക്കും ശേഷം എത്തിയ ദീപാവലിയെ രാജ്യമൊട്ടാകെ ആഘോഷത്തോടെ സ്വീകരിച്ചു.
കാര്‍ഗിലിലെ സൈനികര്‍ക്കൊപ്പമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലി ആഘോഷിച്ചത്. 2014 ല്‍ അധികാരത്തിലേറിയതു മുതല്‍ മോദിയുടെ ദീപാവലി ആഘോഷങ്ങള്‍ വിവിധ സേനാ വിഭാഗങ്ങള്‍ക്കൊപ്പമാണ്. ഭീകരവാദം അവസാനിപ്പിക്കുകയാണ് ദീപാവലി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. കാര്‍ഗില്‍ അത് സാധ്യമാക്കി. കാര്‍ഗിലില്‍ നമ്മുടെ സൈന്യം ഭീകരതയെ തകര്‍ത്തുവെന്ന് 1999ലെ പാക്കിസ്ഥാനെതിരായ കാര്‍ഗില്‍ യുദ്ധത്തെ പരാമര്‍ശിച്ച് മോദി പറഞ്ഞു. ദീപാവലിയോടനുബന്ധിച്ച് ആയോദ്ധ്യയിലെ ശ്രീരാമ രാജ്യാഭിഷേക പൂജയിലും ലക്ഷം ദീപം തെളിയിക്കല്‍ ചടങ്ങിലും പ്രധാനമന്ത്രി പങ്കുചേര്‍ന്നിരുന്നു.
കഴിഞ്ഞ രണ്ട് ദീപാവാലി സീസണിലും ദുരിതത്തിലായ കച്ചവടക്കാര്‍ ഇത്തവണ സന്തോഷത്തിലാണ്. പ്രതീക്ഷിച്ചതിലും മികച്ച കച്ചവടമാണ് പല മാര്‍ക്കറ്റുകളിലും ലഭിച്ചത്. വായു ഗുണനിലവാരം മോശമായതിനാല്‍ ഡല്‍ഹിയില്‍ ഈ വര്‍ഷവും പടക്കങ്ങള്‍ക്ക് പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനായി സംസ്ഥാനത്ത് രാത്രി എട്ടുമുതല്‍ 10 വരെയാക്കി സര്‍ക്കാര്‍ സമയം ക്രമീകരിച്ചിരുന്നു. ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. അതുകൊണ്ട് ശബ്ദമില്ലാത്ത ഫാന്‍സി ഇനങ്ങള്‍ക്കായിരുന്നു ഇത്തവണ പടക്ക വിപണിയില്‍ കൈയടക്കിയത്.