/indian-express-malayalam/media/media_files/2025/05/19/Dgmh1uo4neTB4VjEYfVP.png)
സുപ്രീം കോടതി
ന്യൂഡൽഹി: വിവാഹസമയത്ത് ഭർത്താവിന് നൽകിയ സ്വർണ്ണവും പണവും ഉൾപ്പെടെയുള്ള സമ്മാനങ്ങൾ തിരികെ ലഭിക്കാൻ വിവാഹമോചിതരായ മുസ്ലീം സ്ത്രീകൾക്ക് നിയമപരമായ അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധിച്ചു. 1986-ലെ മുസ്ലീം സ്ത്രീകളുടെ (വിവാഹമോചനത്തിനുള്ള അവകാശ സംരക്ഷണം) നിയമപ്രകാരമാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.
കൊൽക്കത്ത ഹൈക്കോടതിയുടെ 2024 ജനുവരി 31-ലെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രസ്താവിച്ചത്. മുൻ ഭാര്യയായ റൗസനാര ബീഗത്തിന് 17.67 ലക്ഷം രൂപ നൽകാൻ ഭർത്താവ് എസ്.കെ. സലാഹുദ്ദീനോട് കോടതി നിർദ്ദേശിച്ചു.
വിവാഹമോചിതയായ മുസ്ലീം സ്ത്രീയുടെ അന്തസ്സും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പാക്കുകയാണ് ഈ നിയമത്തിന്റെ ലക്ഷ്യമെന്നും, ഇത് ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരമുള്ള സ്ത്രീകളുടെ അവകാശങ്ങളുമായി ചേർന്നുനിൽക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
Also Read:കുന്നോളം കരുതൽ; വീരമൃത്യു വരിച്ച സൈനികന്റെ മകളുടെ വിവാഹം ഏറ്റെടുത്ത്് നടത്തി സഹപ്രവർത്തകർ
2005 ഓഗസ്റ്റ് 28-നാണ് ഹർജിക്കാരിയും എതിർകക്ഷിയും വിവാഹിതരായത്. 2011 ഡിസംബർ 13-ന് ഇവർ വിവാഹമോചനം നേടി. തുടർന്ന് മഹർ തുക, സ്വർണാഭരണങ്ങൾ, മറ്റ് സാധനങ്ങൾ എന്നിവ തിരികെ ലഭിക്കുന്നതിനായി റൗസനാര ബീഗം 1986-ലെ നിയമത്തിലെ സെക്ഷൻ 3 പ്രകാരം കോടതിയെ സമീപിച്ചു. 17.67 ലക്ഷം രൂപയായിരുന്നു ഇവർ ആവശ്യപ്പെട്ടത്.
വിവാഹ രജിസ്റ്ററിലെ തിരുത്തലുകളെച്ചൊല്ലി ഖാസിയും (വിവാഹ രജിസ്ട്രാർ) യുവതിയുടെ പിതാവും നൽകിയ മൊഴികളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി കൊൽക്കത്ത ഹൈക്കോടതി നേരത്തെ യുവതിയുടെ ആവശ്യം തള്ളിയിരുന്നു. എന്നാൽ, ഹൈക്കോടതിയുടെ ഈ നിലപാട് തള്ളിക്കളഞ്ഞ സുപ്രീം കോടതി, നിയമത്തെ കേവലം ഒരു സിവിൽ തർക്കമായി മാത്രം കാണരുതെന്നും അതിന്റെ സാമൂഹിക ലക്ഷ്യങ്ങൾ കൂടി കണക്കിലെടുക്കണമെന്നും വ്യക്തമാക്കി.
ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും പുരുഷാധിപത്യപരമായ വിവേചനം ഇന്നും നിലനിൽക്കുന്ന സാഹചര്യത്തിൽ, സ്ത്രീകളുടെ ജീവിതാനുഭവങ്ങൾ കൂടി പരിഗണിച്ച് വേണം നിയമത്തെ വ്യാഖ്യാനിക്കേണ്ടതെന്നും, തുല്യതയും അന്തസ്സും ഉറപ്പാക്കാൻ കോടതികൾ ജാഗ്രത പുലർത്തണമെന്നും ബെഞ്ച് ഓർമ്മിപ്പിച്ചു.
Read More: ഇന്ത്യയിലെ ഏറ്റവും വിലയേറിയ നമ്പർ പ്ലേറ്റ്; "88 B 8888" വീണ്ടും ലേലത്തിന്; ട്വിസ്റ്റ് ഇങ്ങനെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us