അഹമ്മദാബാദ്: ചിലർ പുൽവാമ ആക്രമണത്തിൽ രാഷ്ട്രീയം കളിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുൽവാമ രാഷ്ട്രീയ വത്കരിക്കുന്നതിൽ ദുഖമുണ്ട്. രാഷ്ട്രീയം കളിക്കുന്നവരെ രാജ്യം മറക്കില്ലെന്നും മോദി പറഞ്ഞു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മവാര്‍ഷികത്തില്‍ ഗുജറാത്തില്‍ സബര്‍മതി നദീതീരത്ത് സീപ്ലെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പാകിസ്ഥാൻ നാഷണൽ അസംബ്ലിയിൽ പുൽവാമ ആക്രമണം “ഇമ്രാൻ ഖാൻ സർക്കാരിന്റെ നേട്ടം” ആണെന്ന് വിശേഷിപ്പിച്ച പാകിസ്ഥാനെ സയൻസ് ആന്റ് ടെക്നോളജി മന്ത്രി ഫവാദ് ചൗധരി നടത്തിയ അഭിപ്രായ പ്രകടനത്തെ പരാമർശിച്ചുകൊണ്ട്, ഇതോടകം വിഭാഗീയ ശക്തികളുടെ മുഖം മൂടി പൊളിഞ്ഞുവെന്ന് മോദി പറഞ്ഞു.
നർമദയിലെ കെവാഡിയ സന്ദർശിച്ചതിന്റെ രണ്ടാം ദിവസം അർദ്ധസൈനിക വിഭാഗങ്ങൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ച സ്റ്റാച്യു ഓഫ് യൂണിറ്റിയിലെ ഏക്ത പരേഡിന് ശേഷം സംസാരിച്ച മോദി പുൽവാമയെ കുറിച്ച് ഓർമിച്ചു.
“അർദ്ധസൈനികരുടെ ഏക്താ ദിവാസ് പരേഡ് കാണുമ്പോൾ, പുൽവാമ ആക്രമണത്തിന്റെ ചിത്രങ്ങൾ എന്റെ മനസിലൂടെ കടന്നു പോകുകയായിരുന്നു. കൊല്ലപ്പെട്ട സൈനികരും അർദ്ധസൈനിക വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു. രാജ്യം മുഴുവൻ ദുഃഖത്തിലും വിലാപത്തിലും മുങ്ങിയിരുന്നു. എന്നാൽ ഈ സങ്കടത്തിന്റെ ഭാഗമല്ലാത്ത ചിലരുണ്ടായിരുന്നു. ആക്രമണത്തെ ചോദ്യം ചെയ്യുകയും ആരോപണം ഉന്നയിക്കുകയും ചെയ്തവരായിരുന്നു അവർ. ദുഃഖത്തിന്റെ ആ സമയത്ത് അവർ സ്വന്തം നേട്ടങ്ങളും രാഷ്ട്രീയ അവസരങ്ങളും തേടുകയായിരുന്നു. ”
Read More: ബിഹാറിൽ ബിജെപിയുടെ കോവിഡ് വാക്സിൻ വാഗ്ദാനം ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ
എന്നാൽ അത് തർക്കങ്ങളിൽ ഏർപ്പെടാനുള്ള സമയമല്ലെന്ന് വ്യക്തമായി അറിയാമായിരുന്നതുകൊണ്ട് താൻ ആരോപണങ്ങൾ നിശബ്ദമായി സഹിച്ചുവെന്നു പറഞ്ഞ മോദി, ഒരു രാഷ്ട്രീയ പാർട്ടിയേയും പേരെടുത്ത് പരാമർശിച്ചില്ല.
“പുൽവാമ ആക്രമണസമയത്തെ ആ നിന്ദ്യമായ അഭിപ്രായങ്ങളും ആരോപണങ്ങളും രാജ്യം മറക്കില്ല. ആ ആരോപണങ്ങൾ ഞാൻ നിശബ്ദമായി സഹിച്ചു, പക്ഷേ രാജ്യത്തിന് വേണിട ജീവൻ ബലികഴിഞ്ഞ ധീരരായ സൈനികർ എന്റെ ഹൃദയത്തിൽ ആഴത്തിലുള്ള മുറിവാണ് ഉണ്ടാക്കിയത്. എന്നാൽ ഇന്ന്, അയൽരാജ്യത്ത് നിന്ന് പുറത്ത് വരുന്ന വാർത്തകൾ പുൽവാമയിലെ സൈനികരുടെ ജീവത്യാഗത്തെ ചോദ്യം ചെയ്ത ഈ ഭിന്നിപ്പിന്റെ ശക്തികളെ തുറന്നുകാട്ടി. ”
“ഇന്ന്, ഈ ഘട്ടത്തിൽ നിന്ന് എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു, നിങ്ങൾക്ക് സർദാറിനോട് ബഹുമാനമുണ്ടെങ്കിൽ അത്തരം രാഷ്ട്രീയത്തിൽ ഏർപ്പെടരുത്. അത്തരം അവസരവാദ രാഷ്ട്രീയത്തിന്റെ കൈകളിലേക്ക് ചെന്നു കൊടുക്കരുത്. അവരുടെ കളിപ്പാട്ടങ്ങളാകരുത്. അത്തരം ശക്തികളെ തടഞ്ഞാൽ മാത്രമേ നമുക്ക് വികസിക്കാൻ കഴിയൂ.”
ജമ്മുകശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കണം എന്നത് സർദാർ വല്ലഭായി പട്ടേലിന്റെ ആഗ്രഹമായിരുന്നു എന്ന് മോദി ആവർത്തിച്ചു. എല്ലാ പ്രതിബന്ധങ്ങളേയും മറികടന്ന് കശ്മീര്‍ വികസനത്തിന്റെ പുതിയ പാതയിലേക്ക് നീങ്ങുകയാണ്. വടക്കുകിഴക്കന്‍ മേഖലയില്‍ ഇന്ന് രാജ്യം ഐക്യത്തിന്റെ പുതിയ മാനങ്ങള്‍ സ്ഥാപിക്കുകയാണ്. സുപ്രീംകോടതി വിധിയിലൂടെ രാമക്ഷേത്രം യാഥാർത്ഥ്യമാവുകയാണെന്നും മോദി പറഞ്ഞു.