ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കാന്‍ കേന്ദ്ര തീരുമാനം. രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം (ബിപിസിഎല്‍), ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ടെറി ഹൈഡ്രോ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നിവയുടെ ഓഹരികളാണ് വില്‍ക്കുന്നത്. തീരുമാനം ഇന്നലെ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. നിയന്ത്രണധികാരവും കൈമാറുന്നതായിരിക്കും.

എന്നാല്‍ മറ്റു ചില പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭരണനിയന്ത്രണം നിലനിര്‍ത്തിക്കൊണ്ട് അവയിലെ സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം കുറയ്ക്കാനും തീരുമാനമായിട്ടുണ്ട്. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ കീഴില്‍ വരുന്ന അസമിലുള്ള നുമാലിഗര്‍ റിഫൈനറി ലിമിറ്റഡ് ഒഴികെയുള്ള മറ്റുള്ളവയുടെ 53.29 ശതമാനം ഓഹരികള്‍ മാനേജ്‌മെന്റ് നിയന്ത്രണത്തോടെ വില്‍ക്കാനാണ് തീരുമാനം.

ബിപിസിഎല്ലിന്റെ കൊച്ചി റിഫൈനറിയിലെ ഓഹരികളും വില്‍ക്കും. ബിപിസിഎല്‍ മഹാരത്‌ന കമ്പനിയും എസ്.സി.ഐ, കോണ്‍കോര്‍ എന്നിവ നവരത്‌നാ കമ്പനികളുടെ വിഭാഗത്തില്‍പ്പെടുന്നതാണ്. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനാണ് മന്ത്രിസഭാ തീരുമാനം അറിയിച്ചത്. 37 ദശലക്ഷം ടണ്‍ എണ്ണ ശുദ്ധീകരിക്കാന്‍ ശേഷിയുള്ളതും 15000 ത്തിലധികം പമ്പുകള്‍ ഉള്ളതുമായ ബിപിസിഎല്‍ കഴിഞ്ഞ വര്‍ഷം 712 കോടി രൂപയുടെ ലാഭം നേടിയിരുന്നു.

കോണ്‍കോറിന്റെ 30.9 ശതമാനം, എസ്.സി.ഐയുടെ 53.75 ശതമാനം ഓഹരികളും വില്‍ക്കും. തെഹ്‌രി ഹൈഡ്രോ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ടിഎച്ച്ഡിസി), നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ ഓഹരികള്‍ മറ്റൊരു പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസിയ്ക്ക് വില്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. ബിപിസിഎല്‍ സ്വകാര്യ മേഖലയ്ക്ക് വില്‍ക്കുന്നതിനെതിരെ കേരളം കഴിഞ്ഞ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook