scorecardresearch
Latest News

തായ്‍ലന്‍ഡ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ മുങ്ങല്‍ വിദഗ്‌‌ദൻ മരിച്ചു

‘കുട്ടികള്‍ക്ക് ഏറെ നേരം അവിടെ തുടരാന്‍ കഴിയുമെന്നാണ് ഞങ്ങള്‍ കരുതിയത്, പക്ഷെ സാഹചര്യം മാറിമറിഞ്ഞു’; രക്ഷാപ്രവര്‍ത്തകര്‍

തായ്‍ലന്‍ഡ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ മുങ്ങല്‍ വിദഗ്‌‌ദൻ മരിച്ചു

ബാങ്കോക്ക്: വടക്കൻ തായ്‌ലൻഡിലെ ലുവാങ് നാങ് നോൺ ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ താരങ്ങളായ കുട്ടികളെയും പരിശീലകനെയും രക്ഷിക്കാനുളള ശ്രമത്തിനിടെ ഒരു രക്ഷാപ്രവര്‍ത്തകന്‍ മരിച്ചു. മുൻ നാവികസേന മുങ്ങൽ വിദഗ്‌‌ദൻ സമൺ കുനൻ (38) ആണ് മരിച്ചത്. വ്യാഴാഴ്‌ച രാത്രിയോടെ ഗുഹയിൽ എയർടാങ്ക് സ്ഥാപിക്കുന്നതിനിടെ ഓക്സിജൻ കിട്ടാതാവുകയായിരുന്നു. രാത്രി 8.30ഓടെയാണ് സംഭവം. പിന്നീട് ബോധം പോയ ഇദ്ദേഹം മരണപ്പെടുകയായിരുന്നു.

മറ്റ് രക്ഷാപ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ ഗുഹയ്ക്ക് പുറത്തെത്തിച്ചു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ‘ഇത്തരത്തിലൊരു സാഹചര്യം മുമ്പ് ഉണ്ടായിട്ടില്ല. എന്നാല്‍ ഈ ദൗത്യം ഞങ്ങള്‍ ചെയ്തേ പറ്റു, ഇത് വളരെ അടിയന്തരമായ സാഹചര്യമാണ്. കുട്ടികള്‍ക്ക് ഏറെ നേരം അവിടെ തുടരാന്‍ കഴിയുമെന്നാണ് ഞങ്ങള്‍ കരുതിയത്, പക്ഷെ സാഹചര്യം മാറിമറിഞ്ഞു’, നാവിക സേന ഉദ്യോഗസ്ഥനായ അപകോണ്‍ യൂക്കങ്കാവ് പറഞ്ഞു.

മരിച്ച സമൺ കുനൻ

ഗുഹയ്‌ക്കുള്ളിലെത്തിച്ച ഫോണ്‍ വെള്ളത്തില്‍ നഷ്‌ടമായതാണ്‌ ആദ്യ തിരിച്ചടിയായത്‌. പിന്നാലെ ഓക്‌സിജന്‍ ക്ഷാമം സംബന്ധിച്ച റിപ്പോര്‍ട്ട്‌ വന്നു. തുടര്‍ന്നു ഗുഹയിലേക്ക്‌ ഓക്‌സിജന്‍ പമ്പ്‌ ചെയ്‌തു തുടങ്ങി. മഴ കനത്തതോടെ കുട്ടികളെ പട്ടായ ബീച്ച്‌ എന്നറിയപ്പെടുന്ന മേഖലയില്‍നിന്നു 600 അടി അകലെ കൂടുതല്‍ സുരക്ഷിതമായ മേഖലയിലേക്കു മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ഏറെ വൈകാതെ കടുത്ത മഴയുണ്ടാകുമെന്ന പ്രവചനവുമുണ്ട്‌. വീണ്ടും മഴ ശക്‌തമാകും മുമ്പ്‌ ഗുഹയില്‍നിന്ന്‌ കുട്ടികളെ രക്ഷിക്കാനാണു ശ്രമം. ഇതിനായി ഗുഹയില്‍നിന്ന്‌ പരമാവധി വെള്ളം പമ്പ്‌ ചെയ്‌തു കളയുന്നുണ്ട്‌. കുട്ടികളുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ സമയത്തോടുള്ള പോരാട്ടത്തിലാണു തങ്ങളെന്നു രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

അതേസമയം, ഗുഹയില്‍ കുടുങ്ങിയവരുമായുള്ള ആശയ വിനിമയം മെച്ചപ്പെടുത്താന്‍ ഇന്റര്‍നെറ്റ്‌ സൗകര്യമെത്തിച്ചു. കഴിഞ്ഞദിവസം ഇതിനായി ഒപ്‌റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്‌ഥാപിച്ചെങ്കിലും ഉപകരണം കേടായതിനാല്‍ ശ്രമം പാഴായിരുന്നു.

കുട്ടികളുടെ വീഡിയോ ദൃശ്യങ്ങള്‍ തായ്‌ നാവികസേനയുടെ ഫെയ്‌സ്‌ബുക്കില്‍ നിരന്തരം പോസ്‌റ്റ്‌ ചെയ്യുന്നുണ്ട്‌. കഴിഞ്ഞ ദിവസം വെള്ളം പമ്പ്‌ ചെയ്‌തുമാറ്റിയതില്‍ വീഴ്‌ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്‌. പുറത്തേക്ക്‌ പമ്പ്‌ ചെയ്‌ത വെള്ളം രക്ഷാപ്രവര്‍ത്തകര്‍ അബദ്ധത്തില്‍ ഗുഹയുടെ മറ്റൊരു മേഖലയിലേക്കു തിരിച്ചുവിട്ടെന്നാണു കണ്ടെത്തല്‍. ഇതേത്തുടര്‍ന്നു ഗുഹയിലെ ജലനിരപ്പ്‌ താഴ്‌ത്താന്‍ പ്രയാസമാണെന്ന വിലയിരുത്തലില്‍ രക്ഷാപ്രവര്‍ത്തകരെത്തിയിരുന്നു. അബദ്ധം തിരിച്ചറിഞ്ഞതോടെ വെള്ളം പമ്പ്‌ ചെയ്‌തു നീക്കി കുട്ടികളെ പുറത്തെത്തിക്കുന്ന സാധ്യത വീണ്ടും പരിശോധിക്കുന്നുണ്ട്‌.

ആവശ്യത്തിനു ഭക്ഷണവും മരുന്നും കുടിവെള്ളവും കുട്ടികള്‍ക്ക്‌ എത്തിച്ചിട്ടുണ്ട്‌. വലിയ മോട്ടോറുകള്‍ ഉപയോഗിച്ച്‌ തുടര്‍ച്ചയായി വെള്ളം പമ്പ്‌ ചെയ്യുന്നതിനാല്‍ ഗുഹയിലെ ജലനിരപ്പ്‌ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്‌. ഗുഹാമുഖത്തുനിന്ന്‌ നാലു കിലോമീറ്റര്‍ ഉള്ളിലായാണു കുട്ടികള്‍ ഇപ്പോഴുള്ളത്‌. ഇവിടേക്കുള്ള വഴിയില്‍ പലയിടത്തും വലിയ കുഴികളും വെള്ളക്കെട്ടും ചെളിക്കുഴികളുമുണ്ട്‌. ഇതുവഴി മുങ്ങല്‍ വിദഗ്‌ധര്‍ക്കുപോലും കടന്നുപോവുക പ്രയാസകരമാണ്‌. ഗുഹയിലെ വെള്ളം കുറയ്‌ക്കുന്നത്‌ ശ്രമകരമാണെന്നും കുട്ടികളെ പുറത്തെത്തിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗവും തേടുമെന്നും ചിയാങ്‌ റായ്‌ പ്രവിശ്യാ ഗവര്‍ണര്‍ നരോങ്‌സാക്‌ ഒസ്‌താനകോണ്‍ പറഞ്ഞു. ഗുഹയ്‌ക്കു മുകളിലെ മല തുരന്ന്‌ തുരങ്കമുണ്ടാക്കി അതുവഴി കുട്ടികളെ പുറത്തെത്തിക്കാന്‍ കഴിയുമോയെന്നും പരിശോധിക്കുന്നുണ്ട്‌.

നായകളുടെ കുരകേട്ടെന്ന കുട്ടികളുടെ വാദം ഈ സാധ്യത സജീവമാക്കി. എന്നാല്‍, മഴക്കാലമായതിനാല്‍ മലയിടിയാനുള്ള സാധ്യത ഈ ശ്രമങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്നുണ്ട്‌. ഏകദേശം പത്തു കിലോമീറ്റര്‍ നീളമുണ്ട്‌ താം ലവാങ്‌ ഗുഹയ്‌ക്ക്‌. ഇവയില്‍ ഏറെ ഭാഗവും ഇന്നേവരെ മനുഷ്യരാരും കടന്നു ചെല്ലാത്തതാണ്‌. അതിനാല്‍ത്തന്നെ ഗുഹാന്തര്‍ഭാഗത്തെ ഘടന എന്താണെന്നറിയാത്തതു രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്‌. കുട്ടികളെ നീന്തല്‍ പഠിപ്പിച്ചു പുറത്തുകൊണ്ടുവരാന്‍ ശ്രമം നടന്നെങ്കിലും ഇതിന്‌ അമേരിക്കയില്‍നിന്നുള്ള വിദഗ്‌ധര്‍ എതിരാണ്‌.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Diver dies from lack of oxygen on thailand cave rescue mission