scorecardresearch

എക്സിലെ പോസ്റ്റുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് കേന്ദ്രം; നോട്ടീസുകളിൽ പകുതിയും ചൂണ്ടിക്കാട്ടിയത് ക്രമസമാധാന പ്രശ്നം

രാഷ്ട്രീയ നേതാക്കളെയും പൊതുപ്രവർത്തകരെയും ലക്ഷ്യമിട്ടുള്ള പോസ്റ്റുകൾ നീക്കം ചെയ്യാൻ 124 നോട്ടീസുകൾ നൽകി

രാഷ്ട്രീയ നേതാക്കളെയും പൊതുപ്രവർത്തകരെയും ലക്ഷ്യമിട്ടുള്ള പോസ്റ്റുകൾ നീക്കം ചെയ്യാൻ 124 നോട്ടീസുകൾ നൽകി

author-image
WebDesk
New Update
Twitter

(Representational image, generated by Gemni-AI)

ന്യൂഡൽഹി: മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ എക്സിൽ നിന്നുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ നൽകിയ നോട്ടീസുകളിൽ പകുതിയിലധികവും ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയുള്ളവയാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ 20 മാസത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ നോട്ടീസുകൾ വിശകലനം ചെയ്തപ്പോഴാണ് ഈ കണക്കുകൾ പുറത്തുവന്നത്.

Advertisment

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി 2024 മാർച്ചിൽ കേന്ദ്രം ആരംഭിച്ച 'സഹയോഗ്' പോർട്ടൽ വഴിയാണ് ഈ നോട്ടീസുകൾ ഭൂരിഭാഗവും നൽകിയിരിക്കുന്നത്. 20 മാസത്തിനിടെ ആകെ 91 നോട്ടീസുകളാണ് എക്സിന് നൽകിയത്. ഇതിലൂടെ ഏകദേശം 1,100 യുആർഎല്ലുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. ഇതിൽ 566 ലിങ്കുകളും (ഏകദേശം 50 ശതമാനത്തിലധികം) ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന കാരണത്താലാണ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത്. 

Also Read: എഐഎഡിഎംകെ ഇനി 'അമിത് ഷാ ദ്രാവിഡ മുന്നേറ്റ കഴകം': കടുത്ത വിമർശനവുമായി ഉദയനിധി സ്റ്റാലിൻ

രാഷ്ട്രീയ നേതാക്കളെയും പൊതുപ്രവർത്തകരെയും ലക്ഷ്യമിട്ടുള്ള പോസ്റ്റുകൾ നീക്കം ചെയ്യാൻ 124 നോട്ടീസുകൾ നൽകി. 2024 ലോക്സഭാ തിരഞ്ഞെടുപ്പ് നടന്ന ഏപ്രിൽ-മേയ് മാസങ്ങളിൽ മാത്രം 761 ലിങ്കുകൾ നീക്കം ചെയ്യാൻ നിർദേശം നൽകി. വ്യാജ വീഡിയോകൾ പ്രചരിപ്പിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു എന്നതായിരുന്നു ഇതിൽ പ്രധാന ആരോപണം.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവർക്കെതിരെയുള്ള എഡിറ്റ് ചെയ്ത വീഡിയോകളും എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ഉള്ളടക്കങ്ങളും നീക്കം ചെയ്യാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ജിഎസ്ടി, ആദായ നികുതി എന്നിവയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു എന്നാരോപിച്ച് ധനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾക്കെതിരെയും നടപടിയുണ്ടായി. ഇന്ത്യയുടെ ഐക്യത്തെയും പരമാധികാരത്തെയും ബാധിക്കുന്ന തരത്തിലുള്ള 56 ലിങ്കുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. 'ഓപ്പറേഷൻ സിന്ദൂർ' പോലുള്ള സൈനിക നടപടികളെ വിമർശിക്കുന്ന പോസ്റ്റുകളും ഇതിൽ ഉൾപ്പെടുന്നു.

Also Read: എന്താണ് ഇലക്ടറൽ ട്രസ്റ്റുകൾ? രാഷ്ട്രീയ പാർട്ടികൾക്ക് പണം ലഭിക്കുന്നത് എങ്ങനെ?

ഐടി നിയമത്തിലെ സെക്ഷൻ 79(3)(b) പ്രകാരം ഉള്ളടക്കം നീക്കം ചെയ്യാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ, ഇത് നിയമവിരുദ്ധമാണെന്നാണ് എക്സിന്റെ വാദം. ഈ പോർട്ടലിന്റെ നിയമസാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി നിലവിൽ കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Also Read: മറ്റിടങ്ങളിൽ സംരംഭകത്വം കുതിച്ചുയരുമ്പോൾ കേരളത്തിൽ പ്രതിഭകളുടെ പലായനം: ഐഡിയ എക്സ്ചേഞ്ചിൽ രാജീവ് ചന്ദ്രശേഖർ

ഓൺലൈൻ ബെറ്റിങ് ആപ്പുകൾ, കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ ദൃശ്യങ്ങൾ, സാമ്പത്തിക തട്ടിപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ ആകെ ലഭിച്ച നോട്ടീസുകളിൽ വളരെ ചെറിയ ശതമാനം മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സർക്കാരിന്റെ സെൻസർഷിപ്പ് നടപടികളെക്കുറിച്ചും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തന സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് ഈ റിപ്പോർട്ട് വീണ്ടും വഴിതുറന്നിരിക്കുകയാണ്.

Read More: സ്കൂൾ മുറ്റത്ത് കരടി ആക്രമണം; ജീവൻ പണയപ്പെടുത്തി സഹപാഠിയെ രക്ഷിച്ച് പന്ത്രണ്ടുകാരി

Twitter

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: