ന്യഡൽഹി: രാജ്യത്ത് 170 ജില്ലകളെ കോവിഡ് ഹോട്ട്സ്പോട്ടുകളായി കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചൊവ്വാഴ്ച വരെയുള്ള കണക്കു പ്രകാരമാണിത്. കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ജില്ലകളെ മൂന്നു സോണുകളായി തരം തിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഹോട്ട് സ്പോട്ടുകൾക്ക് പുറമേ, നോൺ ഹോട്ട് സ്പോട്ട്, ഗ്രീൻ സോൺ, എന്നിങ്ങനെയാണ് ജില്ലകളെ തരംതിരിക്കുക. നിലവിൽ  270 ജില്ലകളാണ് നോൺ ഹോട്ട് സ്പോട്ടുകൾ. ഹോട്ട് സ്പോട്ടുകളും നോൺ ഹോട്ട്സ്പോട്ടുകളുമല്ലാത്ത ജില്ലകളാണ് ഗ്രീൻ സോണിലുൾപ്പെടുക. 

കൂടുതൽ കോവിഡ് കേസുകളുള്ളതോ രോഗബാധിതരുടെ എണ്ണത്തിൽ ഇരട്ടിയിലധികം വർധനവുണ്ടാകുന്നതോ ആയ ജില്ലകളാണ് ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചതെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു. 11.4 ശതമാനമാണ് രാജ്യത്തെ കോവിഡ് ബാധിതരിൽ രോഗവിമുക്തരാവുന്നവരുടെ നിരക്കെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്ത് 1306 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 11, 439 പേർക്ക് ഇതുരെ രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരു ദിവസത്തിനിടെ മാത്രം 377 പേർ മരിച്ചു. 1173 പേർക്ക് രോഗ ബാധ കണ്ടെതത്തി. 1343 കോവിഡ് ബാധിതരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയതെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി വ്യക്തമാക്കി.

അതേസമയം രാജ്യത്ത് ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പുതിയ മാർഗ നിർദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. കോവിഡ് -19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ മേയ് മൂന്നുവരെ നീട്ടിയതായി പ്രധാനമന്ത്രി ചൊവ്വാഴ്ച അറിയിച്ചിരുന്നു. ഈ മാസം 20 മുതൽ ലോക്ക്ഡൗണിൽ ഭാഗികമായി ഇളവുകൾ നൽകും. അത്യാവശ സർവീസുകൾക്കാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ചാണ് പുതുക്കിയ മാർഗനിർദേശം സർക്കാർ പുറത്തിറക്കിയത്.

ഏപ്രിൽ 20 മുതലുള്ള ഇളവ്: പ്രധാന നിർദേശങ്ങൾ

  • ആരോഗ്യ സേവനങ്ങൾ പ്രവർത്തനക്ഷമമായി തുടരും.
  • ലാബുകൾ, ഫാർമസികൾ, വെറ്റിനറി ആശുപത്രികൾ എന്നിവ തുറക്കും. മരുന്നുകളുടെയും, മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണം അനുവദിക്കും.
  • റേഷൻ ഷോപ്പുകൾ (പിഡിഎസിന് കീഴിൽ) ഉൾപ്പെടെയുള്ള കടകൾ, ഭക്ഷണം, പലചരക്ക് സാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പാൽ, പാൽ ബൂത്തുകൾ, മാംസം, മത്സ്യം, മൃഗങ്ങളുടെ കാലിത്തീറ്റ, രാസവളങ്ങൾ, വിത്തുകൾ, കീടനാശിനികൾ എന്നിവ വിൽക്കുന്ന കടകൾ എന്നിവ തുറക്കും. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും.
  • കാർഷിക ഉൽ‌പ്പന്നങ്ങളുടെ ഉത്പാദനവും വിപണനവും, രാസവളങ്ങൾ‌, കീടനാശിനികൾ‌, വിത്തുകൾ‌ എന്നിവയുടെ ഉൽ‌പാദനവും വിൽ‌പനയും അനുവദിക്കും. ക്ഷീര, കോഴി കർഷകർക്കും തോട്ടം മേഖലയിലെ ജീവനക്കാർക്കും പ്രവർത്തിക്കാൻ അനുമതി. ഫിഷിംഗ്, അക്വാകൾച്ചർ വ്യവസായത്തിനും മത്സ്യ ഉൽ‌പന്നങ്ങളുടെ വിപണനത്തിനും അനുമതി.
  • തോട്ടം മേഖലയിലെ ജോലിക്ക് പരമാവധി 50 ശതമാനം തൊഴിലാളികൾ മാത്രം..
  • ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾ ഉൾപ്പെടെ ഗ്രാമപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന വ്യവസായങ്ങൾ; റോഡുകൾ, ജലസേചന പദ്ധതികൾ, കെട്ടിട നിർമ്മാണം എന്നിവയ്ക്ക് അനുമതി. തൊഴിലുറപ്പ് പദ്ധതിയുടെ കീഴിലുളള ജലസേചന, ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് അനുമതി.
  • റിസർവ് ബാങ്ക്, ബാങ്കുകൾ, എടിഎമ്മുകൾ,  ഇൻഷുറൻസ് കമ്പനികൾ എന്നിവയ്ക്ക് പ്രവർത്തിക്കാം.
  • സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ പരസ്യപ്പെടുത്തിയ മൂലധന, ഡെബ്റ്റ് കമ്പോള സേവനങ്ങൾക്കും പ്രവർത്തനാനുമതി ലഭിക്കും.
  • പെട്രോൾ പമ്പുകൾ, എൽപിജി, പെട്രോളിയം, ഗ്യാസ് റീട്ടെയിൽ- സ്റ്റോറേജ് ഔട്ട്‌ലെറ്റുകൾ,വൈദ്യുതി ഉൽപാദനം, വിതരണം എന്നിവ പ്രവർത്തിക്കും.
  • പോസ്റ്റ് ഓഫീസ്, ടെലികമ്മ്യൂണിക്കേഷൻസ്, ഇന്റർനെറ്റ് സേവനങ്ങൾ പ്രവർത്തിക്കും.
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രവർത്തിക്കും.
  • അച്ചടി, ഇലക്ട്രോണിക് മീഡിയ, ഇ-കൊമേഴ്സ് പ്രവർത്തനം (കൊറിയർ സർവീസുകൾ അടക്കം), സർക്കാർ പ്രവർത്തനങ്ങൾക്കായി മാത്രം ഡാറ്റ, കോൾ സെന്ററുകൾ എന്നിവയ്ക്ക് അനുമതിയുണ്ടാവും.
  • ഹോട്ടലുകൾ, ഹോം സ്റ്റേകൾ, ലോഡ്ജുകൾ എന്നിവയിൽ വിനോദസഞ്ചാരികളെയും ലോക്ക്ഡൗൺ കാരണം കുടുങ്ങിക്കിടക്കുന്നവരെയും മാത്രം താമസിപ്പിക്കാം.
  • അവശ്യവസ്തുക്കളുടെയും ഗ്രാമീണ വ്യവസായങ്ങളുടെയും നിർമ്മാണത്തിനു പുറമേ, കൽക്കരി, ഖനി, ധാതു, പാക്കേജിങ് വസ്തുക്കൾ, ചണം, ഇഷ്ടിക ചൂള എന്നിവയുടെ ഉത്പാദനത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook