കൊൽക്കത്ത : ചരിത്രത്തെ തെറ്റായി നിർവചിക്കുന്നതും,വളച്ചൊടിക്കുന്നതും മറ്റൊരുതരത്തിലുള്ള ഭീകരതയാണെന്ന് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് ജനറൽ പ്രസിഡന്റ് കെ എം ശ്രീമാലി അഭിപ്രായപ്പെട്ടു. യുക്തിക്കും വാദപ്രതിവാദത്തിനുമുള്ള ഇടം രാജ്യത്തു ചുരുങ്ങി വരുന്ന അവസ്ഥയിൽ അദ്ദേഹം ആശങ്ക രേഖപെടുത്തി.
ന്യുന പക്ഷങ്ങളെ രണ്ടാംതരം പൗരന്മാരായി മാത്രം കാണുന്ന ഒരു ഹിന്ദു രാജ്യം സൃഷ്ടിക്കലാണ് ചരിത്രത്തെ വളച്ചൊടിക്കുന്നതിലൂടെ ബി ജെ പി യും ആർ എസ എസ്സും ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഇന്ത്യയിൽ യുക്തിക്കും, അഭിപ്രായപ്രകടനത്തിനുമുള്ള ഇടം ഇല്ലാതായി വരുന്നത് ആശങ്കപ്പെടേണ്ട ഒരു അവസ്ഥ തന്നെയാണ്. ഇത്രയും അസ്വസ്ഥമാക്കുന്ന ഒരു അന്തരീക്ഷം രാജ്യത്തു ഇന്നേ വരെ സംജാതമായിട്ടില്ല. ചരിത്രത്തെ കുറിച്ച് അറിവില്ലാത്തവർ അതിനെ വളച്ചൊടിക്കാനും അവരുടെ സങ്കുചിത ആശയങ്ങൾ പ്രചരിപ്പിക്കാനും ശ്രമിക്കുകയാണ്. ഇത് മറ്റൊരു തരത്തിലുള്ള ഭീകരതയാണ്, ഡൽഹി സർവകലാശാലയിലെ മുൻ പ്രൊഫെസ്സർ കൂടിയായ ശ്രീമാലി പി ടി ഐയോട് പറഞ്ഞു.
“ആർ എസ എസ്സും ബി ജെ പി യും ശ്രമിക്കുന്നത് മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനാണ് എന്നദ്ദേഹം ചൂണ്ടിക്കാട്ടി.ചരിത്രം എന്നത് യുക്തിയുടേതാണ് . സങ്കൽപ്പത്തിനോ, ഊതിപെരുപ്പിക്കലിനോ കെട്ടുകഥകൾക്കോ അതിനെ നിർവ്വചിക്കാനാവില്ല,” അദ്ദേഹം പറഞ്ഞു.
“പുരാണങ്ങളെ സ്വാംശീകരിക്കാനുള്ള ശരിയായ വഴികൾ ഉണ്ട്.
പുരാണങ്ങളുടെ എല്ലാ ഭാഗങ്ങളും ചരിത്രമല്ല. പക്ഷെ ഒരാളും ആരോഗ്യകരമായ വാദപ്രതിവാദത്തിനു വരുന്നില്ല. പകരം സംഘടിത ശക്തി ഉപയോഗിക്കുന്നു. ഇതല്ല ചരിത്രം രചിക്കാനുള്ള ശരിയായ വഴി.”
“ഹിന്ദുത്വ എന്നത് ഒരു രാഷ്ട്രീയ തത്വ സംഹിതയാണ് . ഹിന്ദുയിസം ഇതിൽ നിന്നും വ്യത്യസ്തമാണ്. അധികാരത്തിൽ എത്താനാണ് ഹിന്ദുത്വ ഉപയോഗിക്കുന്നത്. അയോദ്ധ്യ ക്ഷേത്രവും, പദ്‌മവതിയും ഉപയോഗിക്കപ്പെടുന്നത് ഹിന്ദു വോട്ടുകൾ ഏകീകരിക്കപ്പെടുന്നതിനായാണ്. ”
ഇടതു പക്ഷവും നവ ചരിത്രകാരന്മാരും ചരിത്രത്തെ വളച്ചൊടിക്കുന്നതായുള്ള വിമർശനത്തോട് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു “സ്വാതന്ത്ര്യ സമര കാലത്തു ബ്രിട്ടീഷുകാരുടെ മുന്നിൽ മുട്ടുകുത്തിയവരിൽ നിന്ന് ദേശീയതയുടെ പാഠങ്ങൾ ചരിത്രകാരന്മാർക്കു പഠിക്കേണ്ട ഗതികേടു വന്നിട്ടില്ല. ”
മുഗൾ ഭരണകാലത്തു രാജ്യത്തിനുണ്ടായ നേട്ടങ്ങൾ ചരിത്രത്തിൽ നിന്നും നീക്കം ചെയ്യാനാണ് ഇന്നത്തെ ബി ജെ പി ഭരണ കൂടം ശ്രമിക്കുന്നത്.ഇത് തിരിച്ചറിഞ്ഞു ഇതിനെതിരെ പ്രതികരിക്കുന്ന ഇന്ത്യൻ മനസ്സുകളിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വസ്തുതകൾ എങ്ങിനെ സംഭവങ്ങളായി എന്നതിനെ ആശ്രയിച്ചാണ് ചരിത്രത്തിന്റെ നിലനിൽപ്പ് .വസ്തുതകൾ കെട്ടിച്ചമക്കുന്നതു കല്പിത കഥയെ ആകുന്നുള്ളൂ എന്ന് പരിപാടിയിൽ പങ്കെടുത്തു സംസാരിച്ച ചരിത്രകാരൻ ഇർഫാൻ ഹബീബ് പറഞ്ഞു.
“രാഷ്ട്രീയ അസഹിഷ്ണുത വർധിച്ചു വരുന്നതിൻറ്റെ തെളിവാണ് നരേന്ദ്ര ദബോൽക്കർ,ഗോവിന്ദ് പൻസാരെ, ,എം എം കൽബുർഗി എന്നിവരുടെ കൊലപാതകം.സംസാര,ആവിഷ്കാര ,ചിന്താ സ്വാതന്ത്ര്യങ്ങൾക്കു എതിരെ നടക്കുന്ന ഒരു പ്രചാരണ പരിപാടിയായി ഈ കൊലപാതങ്ങളെ കാണാം. ഭയത്തിന്റേതായ അന്തരീക്ഷം രാജ്യത്തു നിലനിൽക്കുന്നുണ്ട് “- അദ്ദേഹം പറഞ്ഞു.