/indian-express-malayalam/media/media_files/2026/01/08/modi-trump-2026-01-08-07-00-24.jpg)
നരേന്ദ്ര മോദി, ഡൊണാൾഡ് ട്രംപ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പറ്റിയുള്ള അടുത്തിടെയുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിൽ അസ്വാരസ്യം പുകയുന്നു. സർ, ഞാൻ അങ്ങയെ ഒന്ന് കണ്ടോട്ടെ എന്ന് മോദി തന്നോട് ചോദിച്ചെന്നാണ് ട്രംപ് അടുത്തിടെ വെളിപ്പെടുത്തിയത്. ഈ പരാമർശമാണ് കേന്ദ്ര സർക്കാരിൽ കടുത്ത അസ്വാരസ്യം സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ ട്രംപിന്റെ പരാമർശത്തോട് തത്കാലം ഔദ്യോഗികമായി പ്രതികരിക്കേണ്ടതില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.
Also Read:ഞാൻ സന്തുഷ്ടനല്ലെന്ന് മോദിക്ക് അറിയാം'; ഇന്ത്യക്കെതിരെ വീണ്ടും തീരുവ ഭീഷണിയുമായി ട്രംപ്
ഇന്ത്യൻ പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് ട്രംപ് പരാമർശം നടത്തുന്നത് ഇതാദ്യമല്ലെങ്കിലും, ഇതിനോട് സംയമനം പാലിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വാഷിംഗ്ടൺ ചുമത്തിയ നികുതികൾ കാരണം മോദി തന്നോട് 'അത്ര സന്തോഷത്തിലല്ല' എന്ന് ചൊവ്വാഴ്ച ട്രംപ് പറഞ്ഞിരുന്നു. 25 ശതമാനം പിഴ ചുമത്തിയതോടെ ഇന്ത്യയ്ക്കുള്ള നികുതി 50 ശതമാനമായി ഉയർന്നതായും അദ്ദേഹം അവകാശപ്പെട്ടു.
അപ്പാച്ചെ ഹെലികോപ്റ്ററുകൾക്കായി ഇന്ത്യ അഞ്ച് വർഷമായി കാത്തിരിക്കുകയാണെന്നും താനാണ് അത് മാറ്റിയതെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ 68 അപ്പാച്ചെകളാണ് ഓർഡർ ചെയ്തത്-എന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.
എന്നാൽ ഈ അവകാശവാദം സർക്കാർ വൃത്തങ്ങൾ തള്ളി. ഇന്ത്യ യുഎസിൽ നിന്ന് 28 അപ്പാച്ചെ ഹെലികോപ്റ്ററുകൾ മാത്രമാണ് വാങ്ങിയത്. ഇവയെല്ലാം ഇതിനകം കൈമാറിക്കഴിഞ്ഞു. 22 ഹെലികോപ്റ്ററുകൾക്കായുള്ള ആദ്യ കരാർ 2015 സെപ്റ്റംബറിൽ ഒബാമ ഭരണകൂടത്തിന്റെ കാലത്താണ് ഒപ്പുവെച്ചത്. ഇവ ട്രംപിന്റെ ആദ്യ ഭരണകാലത്ത് കൈമാറുകയും ചെയ്തു.
2020 ഫെബ്രുവരിയിൽ ട്രംപിന്റെ ഇന്ത്യാ സന്ദർശനവേളയിൽ ഒപ്പുവെച്ച ആറ് ഹെലികോപ്റ്ററുകൾക്കായുള്ള രണ്ടാമത്തെ കരാർ പ്രകാരമുള്ളവ 2025 ഡിസംബറോടെ കൈമാറിയിരുന്നു.
ട്രംപിന്റെ ഇത്തരം പരാമർശങ്ങൾക്ക് ശക്തമായ മറുപടി നൽകാൻ രാഷ്ട്രീയ സമ്മർദ്ദമുണ്ടെങ്കിലും, സംയമനവും രാഷ്ട്രീയ പക്വതയും പാലിക്കാനാണ് നയതന്ത്ര വിദഗ്ധർ നിർദ്ദേശിക്കുന്നത്. ഇത്തരം പ്രതികരണങ്ങൾ പലപ്പോഴും വിപരീത ഫലം ചെയ്യുമെന്നും, ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ വാക്‌പോരിന് മുതിരുന്നതിൽ അർത്ഥമില്ലെന്നും വൃത്തങ്ങൾ സൂചിപ്പിച്ചു.
കഴിഞ്ഞ ഓഗസ്റ്റിലും ട്രംപ് സമാനമായ പരാമർശങ്ങൾ നടത്തിയിരുന്നു. ഇന്ത്യയുമായി കരാറുകൾ ഉണ്ടാക്കില്ലെന്നും, 'തല കറങ്ങുന്ന' തരത്തിൽ ഉയർന്ന നികുതി ചുമത്തുമെന്നും മോദിയോട് പറഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടിരുന്നു. 2025 മെയ് മാസത്തിൽ ഇന്ത്യാ-പാകിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചത് താനാണെന്നും ട്രംപ് മുൻപ് അവകാശപ്പെട്ടിരുന്നു.
Also Read:ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾക്കിടെ ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി
അതേസമയം, ലക്‌സംബർഗിൽ ഇന്ത്യൻ സമൂഹത്തോട് സംസാരിക്കവെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പരോക്ഷമായി ഇതിനെക്കുറിച്ച് പരാമർശിച്ചു. കിലോമീറ്ററുകൾ അകലെയുള്ള രാജ്യങ്ങൾ സംഘർഷങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുമെങ്കിലും സ്വന്തം മേഖലയിലെ പ്രശ്‌നങ്ങളിലേക്ക് നോക്കാറില്ലെന്നും, പലരും സൗജന്യ ഉപദേശങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം നേട്ടങ്ങൾക്കായി മാത്രമേ രാജ്യങ്ങൾ പ്രവർത്തിക്കൂ എന്നത് നാം മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More:ഡൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിനും ഷെർജിൽ ഇമാമിനും ജാമ്യമില്ല; ഹർജികൾ സുപ്രീം കോടതി തള്ളി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us