ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ നിന്ന് 66 ജേതാക്കൾ വിട്ടുനിന്ന സംഭവത്തിൽ രാഷ്ട്രപതി ഭവൻ ഉത്കണ്‌ഠ രേഖപ്പെടുത്തി. പുരസ്കാരദാന ചടങ്ങിൽ ഒരു മണിക്കൂർ മാത്രമേ പങ്കെടുക്കൂ എന്ന് മാർച്ച് മാസത്തിൽ തന്നെ അറിയിച്ചതാണെന്നും എന്നാൽ മന്ത്രാലയം ഇക്കാര്യം അവാർഡ് ജേതാക്കളെ അറിയിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും രാഷ്ട്രപതി ഭവൻ സെക്രട്ടേറിയേറ്റ് പറഞ്ഞു.

അവസാന നിമിഷം രാഷ്ട്രപതി പുരസ്കാരം നൽകില്ലെന്ന് അറിയിച്ചതിനെ തുടർന്ന് 125 അവാർഡ് ജേതാക്കളിൽ 66 പേർ ചടങ്ങിൽ നിന്ന് വിട്ടുനിന്നിരുന്നു. ആദ്യ 11 അവാർഡ് ഒഴികെ മറ്റെല്ലാ അവാർഡുകളും കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയാകും നൽകുകയെന്നാണ് അവസാന നിമിഷം അറിയിച്ചിരുന്നത്.

മാർച്ച് മാസത്തിൽ തന്നെ രാഷ്ട്രപതിയുടെ സമയക്രമവും മറ്റ് വിവരങ്ങളും മന്ത്രാലയത്തെ അറിയിച്ചതാണ്. എത്ര പുരസ്കാരങ്ങൾ അദ്ദേഹം നൽകണമെന്നും മറ്റുളളവ ആര് നൽകുമെന്നുമെല്ലാമുളള കാര്യങ്ങൾ തീരുമാനിച്ചത് മന്ത്രാലയമാണെന്ന് രാഷ്ട്രപതി ഭവൻ വൃത്തങ്ങൾ അറിയിച്ചു.

രാഷ്ട്രപതി ഭവൻ വളരെ നേരത്തെ തന്നെ ഇക്കാര്യം അറിയിച്ചിട്ടും അവാർഡ് ജേതാക്കൾക്ക് അയച്ച കത്തിൽ രാഷ്ട്രപതിയാണ് പുരസ്കാരം നൽകുകയെന്നാണ് വാർത്താവിനിമയ മന്ത്രാലയം അറിയിച്ചത്. മെയ് ഒന്നിന് മന്ത്രാലയം സെക്രട്ടറി എത്ര അവാർഡുകളാണ് രാഷ്ട്രപതി നൽകുന്നതെന്ന് അറിയിക്കാൻ രാഷ്ട്രപതി ഭവനിലെത്തിയിരുന്നുവെന്നാണ് വിവരം.

“പ്രസിഡന്റ് അധികാരമേറ്റ ഉടൻ തന്നെ അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളിൽ ഒരു മണിക്കൂറിൽ കൂടുതൽ ഇരിക്കില്ലെന്ന് നിലപാടെടുത്തിരുന്നു. ഇക്കാര്യം മന്ത്രാലയങ്ങളെ അറിയിച്ചതുമാണ്. ഇതിലെന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല,” രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി അശോക് മാലിക് പറഞ്ഞു.

അതേസമയം ആരാണ് സമയക്രമം നിശ്ചയിച്ചതെന്നടക്കം വാർത്താവിനിമയ മന്ത്രാലയത്തിന് നൽകിയ ഒരു കൂട്ടം ചോദ്യങ്ങളിൽ പ്രതികരിക്കാൻ സാധിക്കില്ലെന്ന മറുപടിയാണ് ഇന്ത്യൻ എക്സ്‌പ്രസിന് മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് ലഭിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook