ന്യൂഡൽഹി: അദാനിയെക്കുറിച്ചുള്ള തന്റെ അടുത്ത പ്രസംഗത്തെ നരേന്ദ്ര മോദി ഭയപ്പെട്ടതിനാലാണ് താൻ അയോഗ്യനാക്കപ്പെട്ടതെന്ന് രാഹുൽ ഗാന്ധി. ഇന്ത്യയിലെ ജനങ്ങളുടെ ജനാധിപത്യ ശബ്ദത്തെ സംരക്ഷിക്കാൻ ഞാൻ ഇവിടെയുണ്ട്. അത് തുടരും, എനിക്ക് ആരെയും, ഒന്നിനെയും പേടിയില്ല. പ്രധാനമന്ത്രി മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്നത് താൻ തുടരുമെന്നും രാഹുൽ വ്യക്തമാക്കി. എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതിനുശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ജനാധിപത്യം ആക്രമിക്കപ്പെട്ടു. ഇതിന്റെ ഉദാഹരണങ്ങൾ ഓരോ ദിവസവും കാണുന്നുണ്ട്. അവരെന്നെ എന്നെന്നേക്കും അയോഗ്യനാക്കിയാലും ഞാന്റെ പ്രവർത്തനങ്ങൾ തുടരും. ഞാൻ പാർലമെന്റിനകത്തുണ്ടോ ഇല്ലയോ എന്നതൊരു വിഷയമല്ല. രാജ്യത്തിനുവേണ്ടിയുള്ള എന്റെ പോരാട്ടം തുടരും. എന്നെ അയോഗ്യനാക്കിക്കോട്ടെ, ജയിലിൽ അടച്ചോട്ടെ, ഞാൻ മുന്നോട്ടും പോകും,” രാഹുൽ വ്യക്തമാക്കി.
രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവം സംരക്ഷിക്കുക എന്നതാണ് എന്റെ ജോലി, അതായത് രാജ്യത്തെ സ്ഥാപനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ ശബ്ദം സംരക്ഷിക്കുകയും പ്രധാനമന്ത്രിയുമായുള്ള ബന്ധം ഉപയോഗിച്ച് രാജ്യത്തെ ചൂഷണം ചെയ്യുന്ന അദാനിയെപ്പോലുള്ളവരെക്കുറിച്ചുള്ള സത്യം ജനങ്ങളോട് പറയുക. ഈ സർക്കാരിനെ സംബന്ധിച്ചിടത്തോളം രാജ്യമാണ് അദാനി, അദാനിയാണ് രാജ്യമെന്നും രാഹുൽ പറഞ്ഞു.
ഇന്നലെയാണ് വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയതായി ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനത്തില്‍ അറിയിച്ചത്. 2019-ല്‍ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന് ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ ലോക്സഭാ സെക്രട്ടറിയേറ്റാണ് രാഹുലിനെ അയോഗ്യനാക്കിയത്.