“അവൾ വീട്ടിൽ തിരിച്ചെത്തിക്കഴിഞ്ഞാൽ അവളെ കെട്ടിപ്പിടിക്കാൻ ഞാൻ കാത്തിരിക്കുകയാണ്.” ചൊവ്വാഴ്ച വൈകുന്നേരം ടൂൾകിറ്റ് കേസിൽ ഡൽഹി കോടതി മകൾക്ക് ജാമ്യം അനുവദിച്ചതറിഞ്ഞ ആക്ടിവിസ്റ്റ് ദിഷ രവിയുടെ അമ്മ മഞ്ജുള നഞ്ചയ്യയുടെ പ്രതികരണമായിരുന്നു ഇത്.

“ഏതൊരാൾക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ നമ്മുടെ കുട്ടികൾ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ നമ്മൾ എന്തിന് പേടിക്കണം?” ഇന്ത്യൻ എക്‌സ്‌പ്രസിനോട് സംസാരിക്കവെ മഞ്ജുള പറഞ്ഞു. “നമ്മുടെ കുട്ടികൾ സത്യത്തിനും നീതിക്കും വേണ്ടി പോരാടുമ്പോൾ അവരുടെ ഒപ്പം നിൽക്കണം.”

കർഷകരുടെ പ്രതിഷേധത്തിൽ ടൂൾകിറ്റ് തയ്യാറാക്കുന്നതിൽ പങ്കുണ്ടെന്നാരോപിച്ച് ഫെബ്രുവരി 14 നാണ് ബെംഗളൂരു സ്വദേശിയായ ദിഷയെ (22) ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.

“സഹായിച്ച എല്ലാവരോടും, പ്രത്യേകിച്ച് അവളോടൊപ്പം ഉണ്ടായിരുന്ന നിയമസംഘത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ എനിക്ക് വിശ്വാസമുണ്ട്. ഞങ്ങളുടെ മകൾ ഒരു തെറ്റും ചെയ്തിട്ടില്ലാത്തതിനാൽ, അവൾക്ക് ജാമ്യം ലഭിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു,” ബെംഗളൂരു നഗരത്തിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ചിക്കബനവാരയിൽ താമസിക്കുന്ന മഞ്ജുള പറഞ്ഞു. അത്‌ലറ്റിക്‌സ് പരിശീലകനായ ദിഷയുടെ പിതാവ് രവി അന്നപ്പ മൈസൂരുവിലാണ് ജോലി ചെയ്യുന്നത്. പക്ഷേ മകളുടെ അറസ്റ്റ് മുതൽ മഞ്ജുളയ്‌ക്കൊപ്പമുണ്ട് അദ്ദേഹം.

ദിഷയ്‌ക്കെതിരായ ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, “സത്യം എപ്പോഴും വിജയിക്കും. എന്റെ മകൾ ഒരു തെറ്റും ചെയ്യാത്തപ്പോൾ ഞങ്ങൾ എന്തിന് ഭയപ്പെടണം? അവൾ കർഷകരെ പിന്തുണയ്ക്കുകയും സമൂഹത്തിന് നന്മ ചെയ്യുകയുമായിരുന്നു,” എന്നായിരുന്നു മഞ്ജുളയുടെ മറുപടി.

Disha Ravi, Disha Ravi bail, Disha Ravi granted bail, Disha Ravi news, Disha Ravi police custody, toolkit case, Greta Thunberg toolkit case, farmers protest, Delhi Police, Indian Express news

കഴിഞ്ഞ ഒൻപത് ദിവസമായി ദിഷയുടെ സുഹൃത്തുക്കൾ എല്ലാ പിന്തുണയുമായി കൂടെയുണ്ടായിരുന്നെന്ന് മഞ്ജുള പറയുന്നു. “അവരുടെ പിന്തുണ വിവരിക്കാൻ എനിക്ക് വാക്കുകളില്ല. ഈ പ്രയാസകരമായ സമയത്ത് അവർ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഞങ്ങളുടെ കുടുംബത്തിനും ദിഷയ്ക്കും ദൈവം നൽകിയ സമ്മാനമാണ് ദിഷയുടെ സുഹൃത്തുക്കളെന്ന് എനിക്ക് പറയാൻ കഴിയും,” മഞ്ജുള പറഞ്ഞു.

Read More: കോവിഡ്: കേരളത്തിൽ നിന്നുള്ളവർക്ക് യാത്രാ നിയന്ത്രണങ്ങളുമായി നാല് സംസ്ഥാനങ്ങൾ

ഡൽഹിയിൽ നിന്ന് ദിഷ വിളിച്ചതിനെ കുറിച്ചും മഞ്ജുള പറഞ്ഞു. “എന്റെ മകൾക്ക് വളരെ ആത്മവിശ്വാസമുണ്ടായിരുന്നു, ഞങ്ങൾ അവളുമായി ഫോണിൽ സംസാരിക്കുമ്പോൾ എപ്പോഴും അവൾ ഞങ്ങളോട് പറഞ്ഞത് പേടിക്കാൻ ഒന്നുമില്ല എന്നായിരുന്നു. അവൾ ഞങ്ങൾക്ക് ശക്തിയും പിന്തുണയും നൽകുകയായിരുന്നു. അതിനാൽ, ഞങ്ങൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞു. അവളുടെ സുരക്ഷയെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ടായിരുന്നു, അവൾ ഒരിക്കലും ഞങ്ങളുടെ അടുത്തു നിന്ന് വിട്ടു നിന്നിട്ടില്ലാത്തതിനാൾ അവൾക്ക് കൃത്യസമയത്ത് ഭക്ഷണം കിട്ടുന്നുണ്ടോ എന്നു മാത്രമായിരുന്നു ഞങ്ങളുടെ ആശങ്ക. ജനിച്ച കാലം മുതൽ എപ്പോഴും ദിഷ ഞങ്ങളോടൊപ്പമുണ്ട്. ഇതാദ്യമായാണ് അവൾ ഞങ്ങളിൽ നിന്ന് അകന്നു കഴിയുന്നത്.”

ദിഷയെ പിന്തുണച്ച ലോകമെമ്പാടുമുള്ള ആളുകളോടും മഞ്ജുള നന്ദി പറഞ്ഞു. “എല്ലാവരോടും ഞാൻ നന്ദി പറയുന്നു, ഒപ്പം എന്റെ അയൽക്കാർക്കും ഗ്രാമത്തിലെ എന്റെ കുടുംബത്തിനും. അവർ നൽകിയ പിന്തുണ ഒരിക്കലും മറക്കാനാകില്ല. ദിഷ ആരാണെന്നും അവൾ സമൂഹത്തിന് വേണ്ടി എന്താണ് ചെയ്യുന്നതെന്നും അവർക്കറിയാം.”

“അവൾ ശക്തയായ പെൺകുട്ടിയാണ്, കുട്ടികൾ ശരിയായ പാതയിലാകുമ്പോൾ മാതാപിതാക്കൾ അവരെ പിന്തുണയ്‌ക്കണം,” മാധ്യമപ്രവർത്തകരോട് സംസാരിക്കവേ മഞ്ജുള പറഞ്ഞു,

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook