ലണ്ടന്‍: സിറിയന്‍ അഭയാര്‍ത്ഥിയായ കൗമാരക്കാരനെ വെളളക്കാരായ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയില്‍ വൈറലായി മാറി. 15കാരനായ ജമാല്‍ എന്ന സിറിയന്‍ കുട്ടിയാണ് അക്രമത്തിന് ഇരയായതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇംഗ്ലണ്ടിലെ വെസ്റ്റ് യോക്‌ഷെയറിലെ അല്‍മണ്ട്ബ്യുരി കമ്മ്യൂണിറ്റി സ്കൂളിലാണ് അക്രമം നടന്നത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ഓസീസ് ക്രിക്കറ്റ് താരം ഷെയ്ന്‍ വോണ്‍ അടക്കം അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

അറപ്പുളവാക്കുന്ന സംഭവമാണ് ഇതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. എല്ലാ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷിതമായൊരു സ്ഥലമാവണം സ്കൂൾ എന്ന് വോണ്‍ പറഞ്ഞു.

ജമാല്‍ എന്ന് വിളിച്ച് അഭിസംബോധന ചെയ്താണ് 15കാരനെ മുതിര്‍ന്ന വിദ്യാര്‍ത്ഥി നിലത്തേക്ക് തളളിയിട്ടത്. തുടര്‍ന്ന് കഴുത്തില്‍ കുത്തിപ്പിടിച്ച് വെളളം മുഖത്തേക്ക് ഒഴിക്കുകയും ചെയ്തു. നിലത്ത് നിന്ന് എണീറ്റ ജമാല്‍ പോവുമ്പോള്‍ ചില വിദ്യാര്‍ത്ഥിനികള്‍ ഇടപെടുന്നതും വീഡിയോയില്‍ കാണാം. കഴിഞ്ഞ മാസം നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോഴാണ് പുറത്തുവന്നത്. സംഭവത്തില്‍ കുറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ സ്കൂള്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതിന് സോഷ്യൽ മീഡിയയില്‍ പ്രതിഷേധം പുകയുകയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ