ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹി തിരഞ്ഞെടുപ്പിനുശേഷമുളള ഇരുവരുടേയും ആദ്യ കൂടിക്കാഴ്ചയാണിത്. 45 പേരുടെ മരണത്തിന് കാരണമായ ഡൽഹി വർഗീയ കലാപത്തെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു. കൊറോണ വൈറസ് ബാധയും ചർച്ചയിൽ വിഷയമായി.

“ഡൽഹി അക്രമത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ഒരുമിച്ച് നിൽക്കുന്ന കാര്യവും ഞങ്ങൾ ചർച്ച ചെയ്തു,” യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോടായി കേജ്‌രിവാൾ പറഞ്ഞു. തലസ്ഥാനത്ത് മറ്റ് കലാപങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടിയെടുക്കണമെന്നും ഇരു നേതാക്കളും ചർച്ചയിൽ അഭിപ്രായപ്പെട്ടു.

കഴിഞ്ഞയാഴ്ച കേജ്‌രിവാൾ ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. “ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി അമിത് ഷാ ജിയുമായി കൂടിക്കാഴ്ച നടത്തി. വളരെ ഫലപ്രദമായിരുന്നു കൂടിക്കാഴ്ച. ഡൽഹിയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്തു. ഡൽഹിയുടെ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഞങ്ങൾ രണ്ടുപേരും സമ്മതിച്ചു,” കേജ്‌രിവാൾ ട്വിറ്ററിൽ കുറിച്ചു.

Read Also: പെരിയ ഇരട്ടക്കൊല: സിബിഐയ്ക്ക് വിടുന്നതിനോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി

തലസ്ഥാനത്ത് സമാധാനം തിരികെ കൊണ്ടുവരാൻ എല്ലാ പാർട്ടികളും ശ്രമിക്കണമെന്ന് യോഗത്തിന് ശേഷം കേജ്‌രിവാൾ പറഞ്ഞിരുന്നു. “ഈ അക്രമത്തിൽ നിന്ന് ആർക്കും പ്രയോജനം ലഭിക്കില്ല. ആഭ്യന്തരമന്ത്രി ഇന്ന് ഒരു യോഗം വിളിച്ചിരുന്നു, ഇത് ക്രിയാത്മകമായിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും നമ്മുടെ നഗരത്തിൽ സമാധാനം തിരികെ കൊണ്ടുവരാൻ ശ്രമിക്കണം,” കേജ്‌രിവാൾ പറഞ്ഞു.

ഫെബ്രുവരിയിൽ നടന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 70 സീറ്റുകളിൽ 62 എണ്ണവും നേടിയാണ് ആം ആദ്മി അധികാരത്തിലെത്തിയത്. 2015 ൽ 67 സീറ്റുകളോടെയായിരുന്നു എഎപി വിജയിച്ചത്. അന്ന് മൂന്ന് സീറ്റുകൾ മാത്രം നേടിയ ബിജെപി ഇക്കുറി എട്ടു സീറ്റുകൾ നേടി നില മെച്ചപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook