ന്യൂഡൽഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിമാനയാത്രയുടെ ചെവല് സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 2013 മുതല്‍ 2017 വരെ മോദി നടത്തിയ യാത്രകളുടെ വിവരം നല്‍കാനാണ് ആവശ്യപ്പെട്ടത്.
വിദേശ യാത്രക്ക് വേണ്ടി എയർ ഇന്ത്യ വിമാനം എത്ര രൂപ ചിലവഴിച്ചെന്ന വിവരങ്ങൾ നൽകാൻ വിദേശകാര്യ മന്ത്രാലയത്തോടാണ് കമ്മിഷൻ ആവശ്യപ്പെട്ടത്. ഉപനാവിക സേനാപതി ലോകേഷ് ബത്ര നൽകിയ വിവരാവകാശ അപേക്ഷയിലാണ് കമ്മിഷന്റെ നിർദ്ദേശം.
ഇത് സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന മന്ത്രാലയത്തിന്റെ നിലപാട് മുഖ്യ വിവരാവകാശ കമ്മിഷണർ ആർ.കെ മാത്തൂർ തള്ളി. പ്രധാനമന്ത്രി നടത്തിയ വിദേശ സന്ദർശനത്തിന്റെ വിവരങ്ങൾ വിവിധ ഫയലുകളിലായി ചിതറിക്കിടക്കുകയാണ്. പല ബില്ലുകളും വിമാനക്കമ്പനിയിൽ നിന്നും ലഭിച്ചിട്ടില്ല. ഇതെല്ലാം കണ്ടെത്തി മറുപടി നൽകുന്നത് ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രാലയം വിവരാവകാശ കമ്മിഷനെ സമീപിച്ചത്.
2013-14, 2016-17 സാമ്പത്തിക വർഷങ്ങളിൽ പ്രധാനമന്ത്രി നടത്തിയ വിദേശ സന്ദർശനങ്ങളുമായി ബന്ധപ്പെട്ട ബില്ലുകൾ, ഇൻവോയ്സുകൾ, മറ്റ് രേഖകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ അറിയാനാണ് ലേകേഷ് ബത്ര അപേക്ഷ സമർപ്പിച്ചത്. വിവരാവകാശ നിയമവുമായി മന്ത്രാലയത്തെ സമീപിച്ചപ്പോൾ തെറ്റായ വിവരങ്ങളാണ് നൽകിയതെന്ന് ലോകേഷ് ബത്ര പറഞ്ഞു. ഇത് കണക്കിലെടുത്താണ് വിവരാവകാശ കമ്മിഷനെ നേരിട്ട് സമീപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.