അമരാവതി:  എന്‍ഡിഎയിലുള്ള കക്ഷികള്‍ക്ക് പോലും സംതൃപ്തി നല്‍കുന്നതല്ല മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് എന്നാണ് ചില പ്രതികരണങ്ങള്‍ കാണിക്കുന്നത്. ബജറ്റ് പ്രഖ്യാപിച്ച് ഇരുപത്തിനാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ പാലയാത്തിലെ അസ്വാരസ്യങ്ങള്‍ തന്നെ പുറത്ത് വരികയാണ്. എന്‍ഡിഎയിലെ പ്രധാന സഖ്യകക്ഷികളില്‍ ഒന്നായ തെലുങ്ക്‌ ദേശം പാര്‍ട്ടിയാണ് ബജറ്റിനോടുള്ള എതിര്‍പ്പറിയിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുന്നത്. മന്ത്രിസഭാ യോഗത്തില്‍ ബജറ്റിനോടുള്ള അസംതൃപ്തി പ്രകടിപ്പിച്ച മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ബിജെപിയുമായുള്ള സഹകരണം തുടരണോ എന്നുള്ള ആലോചനയിലാണ്. ഞായറാഴ്ചയോ വരുന്ന ആഴ്ചയോ നടക്കുന്ന പാര്‍ട്ടിയുടെ യോഗത്തിന് ശേഷം ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും.

മോദി സര്‍ക്കാര്‍ അധികാരമേറ്റ അതേ വർഷം മുതല്‍ 2014 പൊതുതിരഞ്ഞെടുപ്പിനെ സഖ്യകക്ഷികളായി നേരിട്ട ഇരുപാര്‍ട്ടികളുടെയും ബന്ധത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയിരുന്നു. ആന്ധ്രാപ്രദേശിനെ പിരിച്ച് തെലങ്കാന സംസ്ഥാനത്തിന് രൂപം കൊടുത്തതായിരുന്നു അതിന് തുടക്കം കുറിച്ചത്. ആന്ധ്രാപ്രദേശിന് കടുത്ത വരുമാന നഷ്ടമുണ്ടാക്കുന്ന നടപടിയായാണ് അതിനെ ടിഡിപി വിലയിരുത്തുന്നത്. ആന്ധ്രാപ്രദേശിന്‍റെ പുതിയ തലസ്ഥാനമായ അമരാവതിയുടെ നിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ വേണ്ട സാമ്പത്തിക സഹായം നല്‍കുന്നില്ല എന്നും സംസ്ഥാനത്തിന് പരാതിയുണ്ട്.

ടിഡിപി നേതാക്കള്‍ക്കെതിരെ ബിജെപി നിരന്തരമായി തുടരുന്ന വിമര്‍ശനങ്ങളും പാര്‍ട്ടി അണികളെ ചൊടിപ്പിക്കുന്നുണ്ട്. ഈയടുത്താണ് ഇത്തരം അഭിപ്രായങ്ങളോട് പ്രതികരിക്കേണ്ടതില്ല എന്ന് ചന്ദ്രബാബു നായിഡു തന്‍റെ പാര്‍ട്ടി അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത്. “ഞാന്‍ സഖ്യകക്ഷി എന്ന നിലയിലെ ധര്‍മപ്രകാരം മിണ്ടാതിരിക്കുകയാണ്. എന്‍റെ പാര്‍ട്ടിക്കാരോടും ഞാന്‍ ആവശ്യപ്പെടുന്നത് ബിജെപിക്കെതിരെ സംസാരിക്കരുത് എന്നാണ്. പക്ഷെ അവരിത് ഇനിയും തുടരുകയാണ് എങ്കില്‍ ഞങ്ങള്‍ നമസ്തെയും പറഞ്ഞ് ഇറങ്ങിപോകും. ” അദ്ദേഹം പറഞ്ഞു.

ബജറ്റ് ആന്ധ്രാപ്രദേശിനെ അവഗണിച്ചു എന്ന ആരോപണവുമായി മുഖ്യ പ്രതിപക്ഷ കക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയും മുന്നോട്ടുവന്നു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കും എന്ന ബിജെപി വാഗ്‌ദാനം വെറുംവാക്കാണ്‌ എന്നാണ് ജഗ്മോഹന്‍ റെഡ്ഡി പ്രതികരിച്ചത്.

തലങ്കാന സംസ്ഥാനവും ബജറ്റില്‍ അസംതൃപ്തി അറിയിച്ചു. പ്രധാനപ്പെട്ട ചില ജലസേചന പദ്ധതികള്‍ക്കായി തെലങ്കാന കേന്ദ്ര സഹായം ആവശ്യപ്പെട്ടിരുന്നു എന്നും അതില്‍ ഒന്ന് പോലും ബജറ്റില്‍ അനുവദിച്ചു കിട്ടിയില്ല എന്നുമാണ് തെലങ്കാന ധനകാര്യ മന്ത്രി ഇതെല രാജേന്ദര്‍ പ്രതികരിച്ചത്. ജലസേചനത്തിനായുള്ള മിഷ്യന്‍ ഭഗീരഥ, മിഷ്യന്‍ കാകതീയ, കലേശ്വരം പദ്ധതികളെ കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചു എന്ന് അദ്ദേഹം ആരോപിച്ചു. ഹൈദരാബാദില്‍ എഐഐഎംഎസ് സ്ഥാപിക്കാനുള്ള ആവശ്യത്തേയും സര്‍ക്കാര്‍ തള്ളിക്കളഞ്ഞതായി രാജേന്ദര്‍ കുറ്റപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook