ബോളിവുഡ് സംവിധായകനും നടനുമായ നിഷികാന്ത് കാമത്ത് അന്തരിച്ചു. ഹൈദരാബാദിലെ എഐജി ഹോസ്പിറ്റലിൽ ആയിരുന്നു മരണം. ഗുരുതരമായ കരൾ രോഗത്തെ തുടർന്നായിരുന്നു മരണം. 50 വയസായിരുന്നു.

“പനി, അമിത ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളോടെ 2020 ജൂലൈ 31 നാണ് നിഷികാന്ത് കാമത്തിനെ എ.ഐ.ജി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർപരിശോധനയിൽ നിഷികാന്ത് കഴിഞ്ഞ രണ്ട് വർഷമായി ലിവർ സിറോസിസ് രോഗിയാണെന്നു കണ്ടെത്തി. തുടക്കത്തിൽ, ഞങ്ങൾ ആൻറിബയോട്ടിക്കുകളും മറ്റു അനുബന്ധ മരുന്നുകളും നൽകിയെങ്കിലും നില വഷളായതോടെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ മുതൽ ശ്വാസ കോശ സംബന്ധമായ പ്രശ്നങ്ങളാൽ നില ഗുരുതരമാവുകയും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു,” എഐജി ഹോസ്പിറ്റൽ പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ പറയുന്നു. വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാർ കഠിനശ്രമം നടത്തിയിട്ടും നിഷികാന്തിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ലെന്നും ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനം നിലച്ചതോടെ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നും പത്രക്കുറിപ്പിൽ പറയുന്നു.

മറാത്തി ചലച്ചിത്രമായ ഡോംബിവാലി ഫാസ്റ്റ് (2005) എന്ന ചിത്രത്തിലൂടെയാണ് നിഷികാന്ത് കാമത്ത് സംവിധാനരംഗത്ത് തുടക്കം കുറിക്കുന്നത്. മറാത്തിയിലെ മികച്ച ഫീച്ചർ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ഈ ചിത്രം കരസ്ഥമാക്കിയിരുന്നു. ‘ഹവ എനി ഡേ’ എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു അഭിനയത്തിലേക്കുള്ള നിഷികാന്തിന്റെ ചുവടുവെപ്പ്. നിഷികാന്തിന്റെ ആദ്യത്തെ ബോളിവുഡ് ചിത്രം 2008ൽ പുറത്തിറങ്ങിയ ‘മേരി ജാൻ’ ആയിരുന്നു. 2006 ലെ മുംബൈ ബോംബ് സ്ഫോടനത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ ചിത്രം.

ഫോഴ്സ്, ദൃശ്യം, റോക്കി ഹാൻഡ്‌സം, മഡാരി തുടങ്ങിയ ചിത്രങ്ങളിലൂടെ സംവിധായകനെന്ന നിലയിൽ ബോളിവുഡിൽ തന്റെ ഇടം കണ്ടെത്താൻ നിഷികാന്തിനു സാധിച്ചു. ഡാഡി, റോക്കി ഹാൻഡ്‌സം, ജൂലി 2, ഭാവേഷ് ജോഷി തുടങ്ങിയ ചിത്രങ്ങളിലെ നിഷികാന്തിന്റെ അഭിനയവും ശ്രദ്ധ നേടി. സിനിമയ്ക്ക് അപ്പുറം വെബ് സീരീസുകളുടെ ലോകത്തും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനു സാധിച്ചു. ദി ഫൈനൽ കോൾ, റംഗ്ബാസ് ഫിർസ് എന്നീ വെബ് സീരീസുകളുടെ ക്രിയേറ്റീവ് പ്രൊഡ്യൂസറായിരുന്നു നിഷികാന്ത്.

Read in English: Director-actor Nishikant Kamat dies at 50

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook