scorecardresearch

ശ്രീലങ്കയിലെ അടിയന്തരാവസ്ഥ: ആശങ്ക പ്രകടിപ്പിച്ച് നയതന്ത്രജ്ഞർ

അടിയന്തരാവസ്ഥയിൽ തനിക്ക് ആശങ്കയുണ്ടെന്ന് ശ്രീലങ്കയിലെ യുഎസ് അംബാസഡർ ജൂലി ചുങ്

Sri Lanka Crisis, Sri Lanka protest
ഫയൽ ചിത്രം: Photo: Facebook/ Srilanka Breaking News

ശ്രീലങ്കയിൽ പ്രസിഡന്റ് ഗോതബായ രാജപക്‌സെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും സമാധാനപരമായ പ്രതിഷേധക്കാർക്കെതിരെ പോലീസ് ബലപ്രയോഗം നടത്തുകയും ചെയ്തതിൽ നയതന്ത്രജ്ഞരും അവകാശ ഗ്രൂപ്പുകളും ആശങ്ക പ്രകടിപ്പിച്ചു.

സാമ്പത്തികവും രാഷ്ട്രീയവുമായ സാഹചര്യം ശ്രീലങ്കയിൽ രാജപക്‌സെയുടെയും അദ്ദേഹത്തിന്റെ ശക്തമായ ഭരണകുടുംബത്തിന്റെയും രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

വെള്ളിയാഴ്ച രാജപക്‌സെ പൊതു അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഉത്തരവിറക്കിയിരുന്നു. പൊതു സുരക്ഷയ്ക്കും പൊതു ക്രമം സംരക്ഷിക്കുന്നതിനും അവശ്യ സാധനങ്ങളുടെ പരിപാലനത്തിനും വേണ്ടി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അനുവദിക്കുന്ന പൊതു സുരക്ഷാ ഓർഡിനൻസിന്റെ വകുപ്പുകൾ അദ്ദേഹം ഇതിനായി പ്രയോഗിച്ചു.

അടിയന്തര ചട്ടങ്ങൾ പ്രകാരം, രാജപക്‌സെയ്ക്ക് വ്യക്തികളെ തടങ്കലിൽ വയ്ക്കാനും സ്വത്ത് പിടിച്ചെടുക്കാനും ഏത് സ്ഥലത്തും പരിശോധന നടത്താനും കഴിയും. അദ്ദേഹത്തിന് ഏത് നിയമവും മാറ്റാനോ സസ്പെൻഡ് ചെയ്യാനോ ഇത് വഴി കഴിയും.

അടിയന്തരാവസ്ഥയിൽ തനിക്ക് ആശങ്കയുണ്ടെന്ന് ശ്രീലങ്കയിലെ യുഎസ് അംബാസഡർ ജൂലി ചുങ് ശനിയാഴ്ച ട്വീറ്റ് ചെയ്തു, “പൗരന്മാരുടെ ശബ്ദം കേൾക്കേണ്ടതുണ്ട്,” എന്നും അദ്ദേഹം പറഞ്ഞു.

“ലങ്കക്കാർ നേരിടുന്ന യഥാർത്ഥ വെല്ലുവിളികൾ മാറ്റി രാജ്യത്തെ എല്ലാവരുടെയും അഭിവൃദ്ധിയിലേക്കും അവസരത്തിലേക്കുമുള്ള പാതയിലേക്ക് തിരിച്ചുവിടാൻ ദീർഘകാല പരിഹാരങ്ങൾ ആവശ്യമാണ്. അത് ചെയ്യാൻ അടിയന്തരാവസ്ഥ സഹായിക്കില്ല,” ചുങ് കൂട്ടിച്ചേർത്തു.

ജനാധിപത്യത്തിന് കീഴിൽ സമാധാനപരമായി പ്രതിഷേധിക്കാൻ ശ്രീലങ്കക്കാർക്ക് അവകാശമുണ്ടെന്നും അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ പ്രയാസമാണെന്നും കനേഡിയൻ പ്രതിനിധി ഡേവിഡ് മക്കിന്നൻ പറഞ്ഞു.

പ്രസിഡന്റിനും കുടുംബത്തിനുമെതിരായ പ്രതിഷേധ സൂചകമായി രാജ്യത്തുടനീളം കടകളും ഓഫീസുകളും ബാങ്കുകളും സ്‌കൂളുകളും അടച്ചിട്ട അതേ ദിവസമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രസിഡന്റും സംഘവും രാജിവെച്ചില്ലെങ്കിൽ മെയ് 11 മുതൽ സമരം തുടരുമെന്ന് തൊഴിലാളി സംഘടനകൾ മുന്നറിയിപ്പ് നൽകി.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ രാഷ്ട്രീയ സ്ഥിരത സൃഷ്ടിക്കുന്നതിനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് സർക്കാർ ശനിയാഴ്ച പറഞ്ഞു.

സാമ്പത്തിക സഹായത്തിനും കടം പുനഃക്രമീകരിക്കുന്നതിനുമായി അന്താരാഷ്ട്ര നാണയ നിധിയുമായും മറ്റ് ഏജൻസികളുമായും രാജ്യങ്ങളുമായും ചർച്ചകൾക്ക് ആവശ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കാൻ അടിയന്തരാവസ്ഥ സഹായിക്കുമെന്നും സർക്കാർ പറഞ്ഞു.

“തലസ്ഥാനത്തും രാജ്യത്തിന്റെ പല ഭാഗങ്ങളിലും സംഘടിപ്പിക്കപ്പെട്ട വൈകാരിക പ്രതിഷേധങ്ങൾ പൊതു സുരക്ഷയ്ക്ക് ഭീഷണിയായി മാറിയിരിക്കുന്നു,” തുടരുന്ന പ്രതിഷേധങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ കൂടുതൽ വഷളാക്കുകയേയുള്ളൂവെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.

ശ്രീലങ്ക പാപ്പരാവുന്നതിനടുത്താണ്. തങ്ങളുടെ വിദേശ വായ്പകളുടെ തിരിച്ചടവ് താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് ശ്രീലങ്ക പ്രഖ്യാപിച്ചു. ഉപയോഗയോഗ്യമായ വിദേശ കറൻസി കരുതൽ ശേഖരം 50 മില്യൺ ഡോളറിന് താഴെയായി.

2026-ഓടെ തിരിച്ചടയ്ക്കേണ്ട 25 ബില്യൺ ഡോളറിൽ ഈ വർഷം ഏഴ് ബില്യൺ ഡോളറിന്റെ വിദേശ വായ്പാ തിരിച്ചടവ് രാജ്യത്തിനുണ്ട്. മൊത്തം വിദേശ കടം 51 ബില്യൺ ഡോളറാണ്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Diplomats state emergency sri lanka

Best of Express