/indian-express-malayalam/media/media_files/2025/12/07/modi-zelenskyy-2025-12-07-11-28-31.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ദ്വിദിന സന്ദർശനം പൂർത്തിയായതിനു തൊട്ടുപിന്നാലെ, യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കിയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ നീക്കം. റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളുമായും സൗഹൃദം കാത്തുസൂക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ നയതന്ത്ര സന്തുലന ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
വരും മാസങ്ങളിൽ തന്നെ സെലൻസ്‌കിയുടെ സന്ദർശനം സാധ്യമാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായാണ് വിവരം. 2026 ജനുവരിയോടെ സെലൻസ്കി ഇന്ത്യ സന്ദർശിച്ചേക്കുമെന്നാണ് റിപ്പോർട്ട്. പുടിൻ ഇന്ത്യയിലെത്തുന്നതിന് മുമ്പ് തന്നെ ഇന്ത്യൻ ഉദ്യോഗസ്ഥർ സെലൻസ്‌കിയുടെ ഓഫീസുമായി ആശയവിനിമയം നടത്തിയിരുന്നതായി വൃത്തങ്ങൾ അറിയിച്ചു.
Also Read: അനധികൃത കുടിയേറ്റക്കാരിയെന്ന് മുദ്രകുത്തി നാടുകടത്തി; നിറവയറുമായി സുനാലി സ്വന്തം മണ്ണിൽ മടങ്ങിയെത്തി
യുദ്ധം തുടങ്ങിയ ശേഷം എട്ട് തവണയോളം പ്രധാനമന്ത്രി നരേന്ദ്ര മോദി സെലൻസ്‌കിയുമായി ഫോണിൽ സംസാരിക്കുകയും, നാലു തവണ നേരിട്ട് കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. 2024 ജൂലൈയിൽ റഷ്യയിലും, ഓഗസ്റ്റിൽ യുക്രൈനിലും സന്ദർശനം നടത്തിയ മോദി, ഇന്ത്യയുടെ നിലപാട് ഇരുനേതാക്കളെയും അറിയിച്ചിരുന്നു.
യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് റഷ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ സമ്മർദ്ദം നേരിടുമ്പോഴും, ഇന്ത്യ നിഷ്പക്ഷരല്ല, സമാധാനത്തിന്റെ പക്ഷത്താണ് എന്ന നിലപാടാണ് മോദി ആവർത്തിക്കുന്നത്. പുടിനുമായുള്ള കൂടിക്കാഴ്ചയിലും ഇതേ നിലപാട് ഇന്ത്യ വ്യക്തമാക്കി. യുദ്ധം, സംഘർഷം എന്നീ വാക്കുകൾക്ക് പകരം പ്രതിസന്ധി എന്ന വാക്ക് ഇരുനേതാക്കളും സംയുക്ത പ്രസ്താവനയിൽ ഉപയോഗിച്ചതും ശ്രദ്ധേയമായി.
Also Read: ഗോവയിൽ നിശാ ക്ലബ്ബിൽ വൻ തീപിടിത്തം; 23 പേർക്ക് ദാരുണാന്ത്യം
ട്രംപിന്റെ സമാധാന പദ്ധതി, യുക്രൈനിലെ ആഭ്യന്തര പ്രശ്നങ്ങൾ തുടങ്ങി ഒന്നിലേറെ ഘടകങ്ങൾ സെലൻസ്‌കിയുടെ സന്ദർശനത്തിന് നിർണ്ണായകമാകും. അഴിമതി ആരോപണങ്ങളെത്തുടർന്ന് സെലൻസ്‌കിയുടെ വിശ്വസ്തനും ചീഫ് ഓഫ് സ്റ്റാഫുമായ ആൻഡ്രി യെർമാക് രാജിവെച്ചത് തിരിച്ചടിയായിട്ടുണ്ട്.
1992, 2002, 2012 വർഷങ്ങളിൽ മാത്രമാണ് ഇതിന് മുൻപ് യുക്രൈൻ പ്രസിഡന്റുമാർ ഇന്ത്യ സന്ദർശിച്ചിട്ടുള്ളത്. റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഉപരോധ ഭീഷണി നിലനിൽക്കെ, സെലൻസ്‌കിയുടെ സന്ദർശനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നയതന്ത്രപരമായി നിർണ്ണായകമാണ്.
Read More: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഭൂരിഭാഗം പ്രശ്‌നങ്ങൾക്കും കാരണം പാക് സൈന്യം: എസ്. ജയശങ്കർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us