യുഎൻ പൊതുസഭയിൽ (യുഎൻജിഎ) പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കശ്മീർ വിഷയം ഉന്നയിച്ചതിനെത്തുടർന്ന് പാകിസ്താന് തന്റെ പ്രസംഗത്തിൽ മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യയുടെ യുവ നയതന്ത്ര പ്രതിനിധിയായ സ്നേഹ ദുബെ.
”തീയണക്കാൻ ശ്രമിക്കുന്നവരാണെന്ന്” തെറ്റിദ്ധരിപ്പിച്ചുകൊണ്ട് “തീപടർത്താനുള്ള ശ്രമം നടത്തുന്ന” രാജ്യമാണ് പാകിസ്താനെന്നും അവരുടെ നാട്ടിൽ തീവ്രവാദികളെ വളർത്തുന്ന തരത്തിലുള്ള നയം കാരണം ലോകം മുഴുവൻ കഷ്ടപ്പെടുകയാണെന്നുമാണ് ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി സ്നേഹ ദുബെ യുഎൻജിഎയിലെ പ്രസംഗത്തിൽ ആരാപണമുയർത്തിയത്.
2012 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥയാണ് സ്നേഹ. ആദ്യ ശ്രമത്തിൽ തന്നെ യുപിഎസ്സി പരീക്ഷ ജയിച്ചാണ് സിവിൽ സർവിസിലെത്തിയത്. 12 വയസ് മുതൽ ഐഎഫ്എസ് ഉദ്യോഗസ്ഥയാകാൻ ആഗ്രഹിച്ച സ്നേഹയക്ക്, ആഗോള കാര്യങ്ങളോടും യാത്രയോടുമുള്ള താൽപ്പര്യവും പ്രചോദനമായി.
ഗോവയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ പൂണെയിലെ ഫെർഗൂസൺ കോളേജിൽ നിന്നാണ് ബിരുദം നേടിയത്. ജവഹർലാൽ നെഹ്റു സർവകലാശാലാ സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിൽനിന്ന് ഭൂമിശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും എംഫിലും നേടി.
Read Also: ജോ ബൈഡന് ഇന്ത്യയുമായുള്ള ബന്ധമെന്ത്? ഉത്തരം നൽകുന്ന രേഖകളുമായി മോദി
സ്നേഹയുടെ അച്ഛൻ ബഹുരാഷ്ട്ര കമ്പനിയിൽ ജോലി ചെയ്യുന്നു, അമ്മ അധ്യാപികയാണ്.
മാഡ്രിഡിലെ ഇന്ത്യൻ എംബസിയിൽ തേഡ് സെക്രട്ടറിയായും സ്നേഹ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിനുമുമ്പ് അവർ വിദേശകാര്യ മന്ത്രാലയത്തിൽ അണ്ടർ സെക്രട്ടറിയായും ജോലി ചെയ്തു.
ജമ്മു കശ്മീരിലെയും ലഡാക്കിലെയും മുഴുവൻ പ്രദേശങ്ങളും ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നും എപ്പോഴും അത്തരത്തിലായിരിക്കുമെന്നും സ്നേഹ യുഎൻജിഎയിൽ വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തിൽ ആവർത്തിച്ചു.
യുഎൻ നിരോധിച്ച ഏറ്റവും കൂടുതൽ തീവ്രവാദികൾക്ക് ആതിഥേയത്വം വഹിച്ചതിന്റെ അജ്ഞാതമായ റെക്കോർഡ് പാക്കിസ്ഥാനുണ്ടെന്നും സ്നേഹ പറഞ്ഞു. “ഒസാമ ബിൻ ലാദൻ പാകിസ്ഥാനിൽ അഭയം പ്രാപിച്ചു. ഇന്നും പാക്കിസ്ഥാൻ നേതൃത്വം അദ്ദേഹത്തെ രക്തസാക്ഷിയായി മഹത്വപ്പെടുത്തുന്നു,” എന്നും സ്നേഹ ദുബെ പറഞ്ഞു.