Latest News
ടൗട്ടെ അതിശക്ത ചുഴലിക്കാറ്റായി, സംസ്ഥാനത്ത് മഴ ഇന്നും തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

ബിജെപിയാണ് മുഖ്യശത്രു, ഇടതുപക്ഷം ചുവരെഴുത്ത് മനസിലാക്കണം: ദിപാങ്കര്‍ ഭട്ടാചാര്യ

“ഇടതുപക്ഷം വ്യക്തമായി ബിജെപിക്കെതിരായിരിക്കണമെന്നാണ് ഞാന്‍ പറയുന്നത്. ഇക്കാര്യത്തില്‍ ഒരു കലര്‍പ്പും ഉണ്ടാകരുത്,” ദീപാങ്കർ മുഖർജി പറഞ്ഞു

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ നിര്‍ണായക നേട്ടം കൈവരിച്ചിരിക്കുകയാണ്. മഹാസഖ്യത്തിന്റെ ഭാഗമായി 29 സീറ്റുകളില്‍ മത്സരിച്ച ഇടതുപാര്‍ട്ടികള്‍ 18 സീറ്റുകളിലാണ് കുതിപ്പ് നടത്തിയിരിക്കുന്നത്. 19 സീറ്റില്‍ മത്സരിച്ച സിപിഐ എംഎല്‍ ലിബറേഷന്‍ ആറ് സീറ്റില്‍ വിജയം കണ്ടു. ആറ് സീറ്റില്‍ മുന്നിലാണ്. ആറ് സീറ്റില്‍ മത്സരിച്ച സിപിഐ ഒരിടത്ത് ജയിച്ചപ്പോള്‍ രണ്ടിടത്ത് മുന്നിലാണ്. നാല് സീറ്റില്‍ ജനവിധി തേടിയ സിപിഎമ്മും ഇതേ നേട്ടം സ്വന്തമാക്കി. ഇടതുപാര്‍ട്ടികള്‍ നടത്തിയ പുതിയ കുതിപ്പിന്റെ പശ്ചാത്തലത്തില്‍ ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദിപാങ്കര്‍ ഭട്ടാചാര്യ സംസാരിക്കുന്നു.

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐ എംഎല്ലും മറ്റ് ഇടതു പാര്‍ട്ടികളായ സിപിഎമ്മും സിപിഐയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇത്തരത്തിലൊരു ഫലം നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ?

മഹാസഖ്യവും ഇടതുപക്ഷവും ശക്തമായ പ്രകടനം നടത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. കാരണം ഇത് വളരെ അപൂര്‍വമായ തിരഞ്ഞെടുപ്പായിരുന്നു, ഏറെക്കുറെ ജനകീയ മുന്നേറ്റം. അത് യുവാക്കളുടെ കുതിപ്പ് പോലെ തോന്നി. തൊഴില്‍, വിദ്യാഭ്യാസം, അടിസ്ഥാന പ്രശ്‌നങ്ങള്‍ എന്നിവ ഉപയോഗിച്ച് ആളുകള്‍ അജന്‍ഡ രൂപപ്പെടുത്തുന്നത് കാണുന്നത് ഉത്സാഹജനകമായിരുന്നു. അത്തരത്തിലുള്ള ഒരു അന്തരീക്ഷം ഇടതുപക്ഷത്തെ സഹായിച്ചു. ലോക്ക്ഡൗണിലുടനീളം ഞങ്ങള്‍ സജീവമായിരുന്നു, ജനങ്ങള്‍ക്കൊപ്പം നിന്നു. അതേസമയം ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ (സംസ്ഥാനത്തും കേന്ദ്രത്തിലും അധികാരത്തിലുള്ള എന്‍ഡിഎ) എന്ന് വിളിക്കപ്പെടുന്ന എന്‍ഡിഎയുടെ രണ്ട് എഞ്ചിനുകള്‍ക്കും ഡ്രൈവറില്ലെന്ന് ആളുകള്‍ക്ക് മനസിലായി. ആ സമയത്ത് ഞങ്ങളുടെ സഖാക്കള്‍ റേഷനുമായി എത്തി, വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി. ലോക്ക്ഡൗണ്‍ കാലത്തെ പ്രവര്‍ത്തനം ഇടതുപക്ഷത്തെ സഹായിച്ചുവെന്ന് തോന്നുന്നു.

പക്ഷേ, അത് മാത്രമല്ല… മഹാഗത്ബന്ധന്റെ 25 ഇന പ്രചാരണ പട്ടിക പരിശോധിച്ചാല്‍, അത് അടിസ്ഥാനപരമായി അധ്യാപക പ്രസ്ഥാനം, നൈപുണ്യത്തൊഴിലാളികളുടെ പ്രസ്ഥാനം എന്നിവയില്‍നിന്നൊക്കെ കുറച്ചു വര്‍ഷങ്ങളായി ഉയര്‍ന്നുവന്ന ആവശ്യങ്ങളുടെ സമാഹാരമാണത്. ഞങ്ങള്‍ ആ പ്രസ്ഥാനങ്ങളെ നയിക്കുകയായിരുന്നു. അതിനാല്‍ തിരഞ്ഞെടുപ്പിന്റെ അജന്‍ഡ രൂപപ്പെടുത്തുന്നതില്‍ ഇടതുപക്ഷം പ്രധാന പങ്ക് വഹിച്ചു.

മൂന്ന് തവണയായി അധികാരത്തിലുള്ള മുഖ്യമന്ത്രിക്കെതിരെയായിരുന്നു നിങ്ങള്‍ രംഗത്തുവന്നത്. എന്നാല്‍ പ്രതിപക്ഷം പറഞ്ഞതുപോലത്തെ ഭരണവിരുദ്ധ വികാരമമോ ആളുകളുടെ വലിയ രോഷമോ ഫലങ്ങളില്‍ വ്യക്തമല്ല

ഇന്ത്യയില്‍, തിരഞ്ഞെടുപ്പ് ഇപ്പോള്‍ കൂടുതല്‍ അസമമാണ്, കേന്ദ്രസര്‍ക്കാരിന്റെ സ്വാധീനം കണക്കിലെടുക്കുമ്പോള്‍ ബിജെപിയ്ക്ക് അത് സാധിക്കും. ഇവിടെ അമേരിക്ക പോലെയല്ല. അവിടെ മാധ്യമങ്ങളും ധാരാളം സ്ഥാപനങ്ങളും ട്രംപ് ഭരണകൂടത്തിനെതിരെ രംഗത്തുവന്നിരുന്നു. ഇവിടെ, കേന്ദ്ര സര്‍ക്കാരിനുള്ള സ്വാധീനം പൊതുവികാരം രൂപപ്പെടുത്താനും പൊതു കാഴ്ചപ്പാട് സൃഷ്ടിക്കാനും സാധിക്കുന്നവയാണ്. അതൊരു പ്രധാന പങ്കുവഹിക്കുന്നു. മറ്റൊരു കാര്യം പ്രതിപക്ഷ സഖ്യമാണ്. സീറ്റ് വിഭജനത്തിലും മറ്റ് കാര്യങ്ങളിലും കൂടുതല്‍ സമയമെടുത്തു. നേരത്തെ സഖ്യം രൂപീകരിക്കാനും സീറ്റ് വിഭജനം കൂടുതല്‍ യുക്തിസഹമായിരിക്കാനും കഴിയുമായിരുന്നുവെങ്കില്‍… ഉദാഹരണത്തിന് ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും കുറഞ്ഞത് 50 സീറ്റ് വീതമെങ്കിലും നല്‍കുകയെന്നതു ന്യായമയ സീറ്റ് വിഭജനമാകുമായിരുന്നു.

എന്നാല്‍ ഇതുവരെ എല്ലാം നന്നായിരുന്നുവെന്ന് ഞാന്‍ പറയും. ഇടതുപക്ഷ പ്രസ്ഥാനത്തിനും രാജ്യത്തെ മുഴുവന്‍ ജനാധിപത്യ അനുകൂല പ്രസ്ഥാനത്തിനും ഞങ്ങള്‍ ധാരാളം നേട്ടങ്ങള്‍ സംഭാവന ചെയ്തിട്ടുണ്ട്. കാര്‍ഷികരംഗത്തെ കോര്‍പ്പറേറ്റ് കടന്നുകയറ്റം, സ്വകാര്യവല്‍ക്കരണം എന്നിവയ്‌ക്കെതിരായ നാം നടത്തിയ പോരാട്ടം കണക്കിലെടുക്കുമ്പോള്‍ ഇത് നിതീഷ് വിരുദ്ധ വോട്ട് മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മോദി സര്‍ക്കാരിലും അതിന്റെ പല നയങ്ങളിലും ആളുകള്‍ നിരാശരാണ്. ആളുകള്‍ ബിഹാറിലെ തൊഴില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ സ്വകാര്യവല്‍ക്കരണത്തിന്, അവര്‍ പ്രത്യേകിച്ച് എതിരായിരുന്നു. ഈ പ്രശ്‌നങ്ങളെല്ലാം വളരെ വലുതാണ്. നമ്മുടെ നിരവധി വിദ്യാര്‍ഥികളും യുവനേതാക്കളും വളരെ മികച്ച വിജയം നേടി. അവര്‍ സ്വകാര്യവല്‍ക്കരണ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കാളികളായവരാണ്. റെയില്‍വേ സ്വകാര്യവല്‍ക്കരണത്തിനെതിരെ ബിഹാര്‍ വിദ്യാര്‍ത്ഥികള്‍ വളരെ നിര്‍ണായക പോരാട്ടം നടത്തി.

തേജസ്വി യാദവിനെ മുഖ്യമന്ത്രി മുഖമായി ഉയര്‍ത്തിക്കാട്ടിയത് സഹായിച്ചോ? അതോ ലാലു ഭരണകാലത്തെ നിയമരാഹിത്യത്തെയും യാദവ ആധിപത്യത്തെയും കുറിച്ചുള്ള ആശങ്കകള്‍ ധ്രുവീകരണത്തിന് കാരണമായോ?

അത് ബാധിച്ചുവെന്ന് ഞാന്‍ കരുതുന്നില്ല. മഹാസഖ്യം പ്രതീക്ഷിച്ചത്ര സീറ്റുകളില്‍ വിജയം നേടാതിരുന്നതിനുള്ള കാരണം സീമാഞ്ചലില്‍ ഉള്‍പ്പടെ നടന്ന മൂന്നാം ഘട്ട തിരഞ്ഞെടുപ്പാണ്. ബിജെപി വളരെ ദൂഷ്യമായ വര്‍ഗീയ പ്രചരണം അഴിച്ചുവിട്ടു. എഐഎംഐഎം കാരണം വര്‍ഗീയ ധ്രുവീകരണവും കുറച്ചു വോട്ടുകളുടെ വിഭജനം സംഭവിച്ചിട്ടുണ്ടാവാം. കാരണം, തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം പരിശോധിക്കുമ്പോള്‍ അത് മഹാസഖ്യത്തെ സംബന്ധിച്ച് വളരെ മികച്ചതായിരുന്നു. ഉദാഹരണത്തിന് ഭോജ്പൂര്‍ മുഴുവന്‍ മഹാസഖ്യം സ്വന്തമാക്കി. മഗധിലെ ഗ്രാമീണ മേഖലകളിലും സഖ്യം നേട്ടമുണ്ടാക്കി. എന്നാല്‍ രണ്ടാം ഘട്ടത്തില്‍, പ്രത്യേകിച്ച് മൂന്നാം ഘട്ടത്തില്‍ ബിജെപിയും എന്‍ഡിഎയും അല്‍പ്പം മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ബിഹാര്‍ ഫലം ഇടതുപക്ഷത്തിന് എന്ത് പാഠങ്ങളാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പുകളില്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാള്‍ സംബന്ധിച്ച് നല്‍കുന്നത്?

പശ്ചിമ ബംഗാളിലും അസമിലും ഇടതുപക്ഷത്തിന്റെ ഒന്നാമത്തെ മുന്‍ഗണന ബിജെപിയെ തടയുക എന്നതായിരിക്കണം. ബംഗാളില്‍ ഇടതുപക്ഷം ഒന്നിച്ചുനില്‍ക്കണമെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ തൃണമൂലിനെ എതിര്‍ത്ത് ബിജെപിക്കെതിരെ മത്സരിക്കുന്നതിനേക്കാള്‍ മറ്റൊന്നായിരിക്കണം അത്. തീര്‍ച്ചയായും ഞങ്ങള്‍ ആവശ്യമുള്ളിടത്ത് തൃണമൂലിനെ എതിര്‍ക്കും, പക്ഷേ നമുക്ക് ബിജെപിക്കെതിരെ പോരാടാം. രാജ്യത്തുടനീളവും പശ്ചിമ ബംഗാളിലും ജനാധിപത്യത്തിന് ഒന്നാം നമ്പര്‍ ഭീഷണിയായി ബിജെപിയെ കാണേണ്ടതുണ്ട്.

തൃണമൂലുമായി എന്തെങ്കിലും ധാരണയിലെത്തുന്നത് താങ്കള്‍ നിര്‍ദേശിക്കുന്നുണ്ടോ?

ഞാന്‍ അത് പറയുന്നില്ല. ഒന്നാമതായി, ഇടതുപക്ഷം വ്യക്തമായി ബിജെപിക്കെതിരായിരിക്കണമെന്നാണ് ഞാന്‍ പറയുന്നത്. ഇക്കാര്യത്തില്‍ ഒരു കലര്‍പ്പും ഉണ്ടാകരുത്.
ഇതുവരെ, ഇടതുപാര്‍ട്ടികളില്‍ പലരും തൃണമൂലിനെ ഒന്നാം നമ്പര്‍ ലക്ഷ്യമായി കണക്കാക്കുന്നു… അതെ, അവര്‍ അധികാരത്തിലാണ്, പക്ഷേ നാം ചുവരെഴുത്ത് വ്യക്തമായി കാണണം, പശ്ചിമ ബംഗാളില്‍ ബിജെപി വര്‍ധിച്ചുവരുന്ന അപകടമാണെന്ന ചുവരെഴുത്ത്.

തയ്യാറാക്കിയത്: മനോജ് സി ജി

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Dipankar bhattacharya cpiml general secretary exclusive interview bihar assembly election

Next Story
ആഘോഷം നിർത്തി ബിജെപി, ആർജെഡി ക്യാംപുകളിൽ ഉണർവ്; ബിഹാറിൽ ട്വിസ്റ്റ്
The moderation of comments is automated and not cleared manually by malayalam.indianexpress.com