ന്യൂഡല്‍ഹി: ഇംഗ്ലീഷ്, ഉറുദു, അറബി വാക്കുകള്‍, വിപ്ലവ കവി പാശിന്‍റെ ഒരു കവിത, മിര്‍സാ ഘാലിബിന്‍റെ ഈരടി, രവീന്ദ്രനാഥ ടാഗോറിന്‍റെ ജീവചരിത്രം, മുഗള്‍ രാജവംശത്തിന്‍റെ ഉദാരമനസ്കത, ബിജെപിയെ ‘ഹിന്ദു പാര്‍ട്ടി’ എന്ന് വിശേഷിപ്പിച്ചത്, നാഷണല്‍ കോണ്‍ഫറന്‍സിനെ ‘മതേതരം’ ആക്കിയത്, 1984ലെ സിഖ് കൂട്ടക്കൊലപാതകത്തിനു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ മാപ്പപേക്ഷിച്ചത്, ഇതിനു പുറമേ ‘ 2002ല്‍ ഗുജറാത്തില്‍ രണ്ടായിരത്തോളം മുസ്ലീംങ്ങള്‍ കൊല്ലപ്പെട്ടു’ എന്നെഴുതിയത്. ഇതൊക്കെയാണ് ആര്‍എസ്എസ് അനുകൂല വിദ്യാഭ്യാസ സംഘടനയായ ശിക്ഷക്ക് സംസ്കൃതി ഉത്തന്‍ ന്യാസിനെ അലട്ടുന്ന പാഠഭാഗങ്ങള്‍. സ്കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്നും ഇതൊക്കെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷൻ റിസേര്‍ച്ചിനു (എന്‍സിഇആര്‍ടി) കത്തുനല്‍കിയിരിക്കുകയാണ് സംഘടന.

അഞ്ചുപേജ് ശുപാര്‍ശക്ക് പുറമെ, പാഠപുസ്തകത്തിലെ ഒഴിവാക്കേണ്ടതായ ഭാഗങ്ങള്‍ അടയാളപ്പെടുത്തിയുമാണ് ആര്‍എസ്എസിന്‍റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ മുന്‍മേധാവി ദിനനാഥ് ബാത്ര നേതൃത്വം നല്‍കുന്ന ശിക്ഷക്ക് സംസ്കൃതി ഉത്തന്‍ ന്യാസ് എന്‍സിആര്‍ടിക്കു കത്തുനല്‍കിയിരിക്കുന്നത്.

“ഈ പാഠപുസ്തകങ്ങളിലുള്ള പല കാര്യങ്ങളും പക്ഷപാതപരവും അടിസ്ഥാനരഹിതവുമാണ്. ഇത് ഒരു സമുദായത്തിലെ അംഗങ്ങളെ അപമാനിക്കാനുള്ള ലക്‌ഷ്യം വെച്ചുള്ളതാണ്. ഇതിലൊരു പ്രകോപന സ്വഭാവവും ഉള്‍ച്ചേരുന്നുണ്ട്. എങ്ങനെയാണ് കലാപങ്ങളെകുറിച്ച് പഠിപ്പിച്ചുകൊണ്ട് കുട്ടികള്‍ക്ക് പ്രചോദനം നല്‍കാന്‍ നിങ്ങള്‍ക്ക് സാധിക്കുക. ശിവാജിയും മഹാറാണാപ്രതാപും വിവേകാനന്ദനും സുഭാഷ്‌ചന്ദ്രബോസും അടങ്ങുന്ന വീര്യത്തിന്റെ ചരിത്രം അതില്‍ ഇടം നേടുന്നുമില്ല. ” മുന്‍ ആര്‍എസ്എസ് പ്രചാരകനും ശിക്ഷക്ക് സംസ്കൃതി ഉത്തന്‍ ന്യാസിന്‍റെ സെക്രട്ടറിയുമായ അതുല്‍ കൊതാരി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

ഭാഷാപണ്ഡിതനായ എ.കെ.രാമാനുജന്‍ എഴുതിയ ‘ മുന്നൂറു രാമായണങ്ങള്‍; അഞ്ചുദാഹരണങ്ങളും തര്‍ജ്ജമയെക്കുറിച്ചുള്ള മൂന്നു ചിന്തകളും’ എന്ന ലേഖനം ഡല്‍ഹി സര്‍വ്വകലാശാലയുടെ ബിരുദ സിലബസില്‍ നിന്നും ഒഴിവാക്കണം എന്നാവശ്യപ്പെട്ടതും ഇതേ സംഘടനയാണ്. അമേരിക്കന്‍ ഇന്‍ഡോളജിസ്റ്റ് വെന്‍ഡി ഡോണിഗറിന്‍റെ ‘ദി ഹിന്ദൂസ്’ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ചതും ദിനനാഥ് ബത്ര നേതൃത്വം നല്‍കുന്ന ശിക്ഷക്ക് സംസ്കൃതി ഉത്തന്‍ ന്യാസ് ആയിരുന്നു. മുന്നൂറു രാമായണങ്ങളെ ഡല്‍ഹി സര്‍വ്വകലാശാലയുടെ സിലബസില്‍ നിന്നും ഒഴിവാക്കപ്പെട്ടപ്പോള്‍ ഡോണിഗറിന്‍റെ പുസ്തകം താത്കാലികമായി ലഭിക്കാതെയുമായി.

പതിനൊന്നാം ക്ലാസിലെ പൊളിറ്റിക്കല്‍ സൈന്‍സ് ടെക്സ്റ്റ്ബുക്ക് ” 1984ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ലഭിച്ച വന്‍ഭൂരിപക്ഷം” പറയുന്നുണ്ട് എങ്കിലും “1977ലെ തിരഞ്ഞെടുപ്പ് വിവരങ്ങള്‍ അവതരിപ്പിക്കുന്നില്ല ” എന്നും. പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കല്‍ സൈനസ് ടെക്സ്റ്റ് ബുക്ക് “ജമ്മു കശ്മീരിലെ നാഷണല്‍കോണ്‍ഫറന്‍സിനെ മതേതരകക്ഷിയാക്കുന്നു” എന്നും പത്താം ക്ലാസിലെ ഇംഗ്ലീഷ് ടെക്സ്റ്റ്ബുക്ക് “രവീന്ദ്രനാഥ ടാഗോറിന്‍റെ ചിന്തകളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ദേശീയതയ്ക്കും മനുഷ്യത്വത്തിനും ഇടയില്‍ ഒരു വിള്ളല്‍ ഉണ്ടെന്നു കാണിക്കാന്‍ ശ്രമിക്കുന്നു ” എന്നും “മറ്റു ആദര്‍ശങ്ങള്‍ക്കെതിരായി ദേശീയത സ്ഥാപിക്കുന്നു” എന്നുമാണ് അഞ്ചു പേജുള്ള കത്തില്‍ ശിക്ഷക്ക് സംസ്കൃതി ഉത്തന്‍ ന്യാസ് ഉയര്‍ത്തുന്ന വിമര്‍ശനം.

മധ്യകാലത്തെ സൂഫിവര്യന്‍ അമീര്‍ ഖുസ്രോ ഹിന്ദുക്കളേയും മുസ്ലീംങ്ങളെയും അകറ്റിയിരുന്നു എന്ന് ഹിന്ദി പാഠപുസ്തകത്തില്‍ വിശദീകരിക്കണം എന്നും ശിക്ഷക്ക് സംസ്കൃതി ഉത്തന്‍ ന്യാസ് ആവശ്യപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ