ന്യൂഡൽഹി: 2016 ൽ സർജിക്കൽ സ്ട്രൈക്ക് (മിന്നലാക്രമണം) നടത്തിയെന്ന സർക്കാരിന്റെ അവകാശവാദത്തിന് തെളിവ് എവിടെയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. ”സർജിക്കൽ സ്ട്രൈക്കിനെക്കുറിച്ച് അവർ സംസാരിക്കുന്നു. നിരവധി പേരെ കൊലപ്പെടുത്തിയെന്ന് പറയുന്നു. പക്ഷേ, ഇതിന് തെളിവൊന്നുമില്ല. നുണകളുടെ ഒരു കെട്ടാണ് അവർ പ്രചരിപ്പിക്കുന്നത്,” ഭാരത് ജോഡോ യാത്രയുടെ ഭാഗമായുള്ള റാലിയിൽ സംസാരിക്കവേ അദ്ദേഹം ആരോപിച്ചു.
അതേസമയം, ദിഗ്വിജയ് സിങ്ങിന്റെ പരാമർശം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പാർട്ടിയുടെ നിലപാട് അല്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. 2014ന് മുമ്പ് യുപിഎ സർക്കാർ സർജിക്കൽ സ്ട്രൈക്കുകൾ നടത്തിയിരുന്നു. ദേശീയ താൽപര്യത്തിന് വേണ്ടിയുള്ള എല്ലാ സൈനിക നടപടികളെയും കോൺഗ്രസ് പിന്തുണയ്ക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ദിഗ് വിജയ് സിങ്ങിന്റെ പരാമർശത്തിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തുകയാണ് ബിജെപി. ”സൈന്യത്തെക്കുറിച്ച് സംസാരിച്ചാൽ രാജ്യം സഹിക്കില്ല. രാഹുൽ ഗാന്ധിയും കോൺഗ്രസും പ്രധാനമന്ത്രി മോദിയെ വെറുക്കുന്നു. ഗാന്ധിക്കും കോൺഗ്രസിനും നമ്മുടെ സൈന്യത്തിൽ വിശ്വാസമില്ല. അവർ നിരന്തരം ചോദ്യങ്ങൾ ഉയർത്തി രാജ്യത്തെ ജനങ്ങളെയും സൈന്യത്തെയും അപമാനിക്കുകയാണ്,” ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.
ഇതിനു മുൻപും സർജിക്കൽ സ്ട്രൈക്ക് നടത്തിയതിന് തെളിവ് എവിടെയെന്ന് ചോദിച്ച് ദിഗ്വിജയ് സിങ് രംഗത്തുവന്നിട്ടുണ്ട്. 2016 ൽ ഉറി ഭീകരാക്രമണത്തിൽ 18 സൈനികർ വീരമൃത്യു വരിച്ചതിനു പിന്നാലെയാണ് ഇന്ത്യ സർജിക്കൽ സ്ട്രൈക്ക് നടത്തിയത്.