/indian-express-malayalam/media/media_files/2025/12/28/digvijaya-sing-2025-12-28-08-45-46.jpg)
ദിഗ്‌വിജയ് സിങ്
കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിന് തൊട്ടുമുമ്പ് ബിജെപിയെയും ആർഎസ്എസിനെയും പുകഴ്ത്തി മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ് നടത്തിയ പ്രതികരണം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു.
Also Read:വിബി-ജി റാം ജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്
ആർഎസ്എസിന്റെ സംഘടനാ ശക്തിയെയും സാധാരണ പ്രവർത്തകനായിരുന്ന നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലേക്ക് ഉയർന്ന രീതിയെയും പ്രശംസിച്ച ദിഗ്‌വിജയ് സിങ്, കോൺഗ്രസിനുള്ളിൽ അധികാര വികേന്ദ്രീകരണം വേണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ തന്റെ നിലപാടുകൾ അദ്ദേഹം വിശദീകരിക്കുന്നു.
ബിജെപി-ആർഎസ്എസ് സംഘടനാ ശക്തിയെ പുകഴ്ത്തിയുള്ള പോസ്റ്റ് വിവാദമായല്ലോ?
എന്തിനാണ് ഇത് വിവാദമാക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ക്വോറയിൽ നിന്ന് ലഭിച്ച അപൂർവ്വമായ ഒരു ചിത്രം ഞാൻ പങ്കുവെച്ചു എന്ന് മാത്രം. ലാൽ കൃഷ്ണ അദ്വാനിയുടെ പാദത്തിനടുത്ത് തറയിൽ ഇരിക്കുന്ന നരേന്ദ്ര മോദിയുടെ ചിത്രമാണത്. അവിടെ നിന്ന് അദ്ദേഹം മുഖ്യമന്ത്രിയായും പിന്നീട് രാജ്യത്തിന്റെ പ്രധാനമന്ത്രിയായും ഉയർന്നു. അത് ആ സംഘടനയുടെ കരുത്താണ് കാണിക്കുന്നത്. അല്ലാതെ നരേന്ദ്ര മോദി ആരായിരുന്നു?
Also Read:പിഎം-പോഷൺ പദ്ധതിയിൽ പ്രഭാത ഭക്ഷണവും വേണം; കേരളത്തിന്റെ നിർദേശം കേന്ദ്രത്തിന്റെ പരിഗണനയിൽ
ഇക്കാര്യം രാഹുൽ ഗാന്ധിയെയും പാർട്ടി നേതൃത്വത്തെയും ബോധ്യപ്പെടുത്താനാണോ താങ്കൾ ശ്രമിക്കുന്നത്?
ഒരിക്കലുമല്ല. രാഹുൽ ഗാന്ധിയോട് നേരിട്ട് സംസാരിക്കാൻ എനിക്ക് അവസരമുള്ളപ്പോൾ എന്തിന് സോഷ്യൽ മീഡിയ പോസ്റ്റുകളെ ആശ്രയിക്കണം? അദ്ദേഹം പാർട്ടിയെ താഴെത്തട്ടിൽ ശക്തിപ്പെടുത്താൻ നിരവധി ശ്രമങ്ങൾ നടക്കുന്നുണ്ട്. അത് വിജയിക്കുമെന്ന് ഉറച്ച പ്രതീക്ഷ എനിക്കുണ്ട്.
വർക്കിംഗ് കമ്മറ്റി യോഗത്തിന് ഒരു മണിക്കൂർ മുമ്പ് ഇത്തരമൊരു പോസ്റ്റ് ഇടാൻ കാരണമെന്ത്?
യോഗവും പോസ്റ്റും തമ്മിൽ യാതൊരു ബന്ധവുമില്ല. ആർഎസ്എസ് ആശയങ്ങളുടെയും നരേന്ദ്ര മോദിയുടെ നയങ്ങളുടെയും ഏറ്റവും കടുത്ത വിമർശകനാണ് ഞാൻ. അത് തുറന്നുപറയാൻ ഒരു അവസരവും ഞാൻ പാഴാക്കാറില്ല.
എന്നാൽ അവരുടെ സംഘടനാ സംവിധാനം നമ്മുടേതിനേക്കാൾ (കോൺഗ്രസിനേക്കാൾ) ഏറെ മെച്ചപ്പെട്ടതാണ് എന്ന കാര്യത്തിൽ സംശയമില്ല. ഇക്കാര്യമാണ് ഞാൻ ചൂണ്ടിക്കാട്ടിയത്. അല്ലാതെ ഇക്കാര്യത്തിൽ യാതൊരു വിവാദവുമില്ല.
കോൺഗ്രസ് അവരെ കണ്ടു പഠിക്കണം എന്നാണോ താങ്കൾ പറയുന്നത്?
അല്ല. കോൺഗ്രസ് ഒരു പ്രസ്ഥാനമാണ്. സ്‌നേഹം, കരുണ, സത്യം, അഹിംസ എന്നിവയിൽ അധിഷ്ഠിതമായ ലോകത്തിലെ തന്നെ ഏറ്റവും വലിയ സമരത്തിലൂടെ സ്വാതന്ത്ര്യം നേടിയെടുത്ത പ്രസ്ഥാനം. ഗാന്ധിജിയും നെഹ്റുവും പട്ടേലുമൊക്കെ നയിച്ച ആ പാരമ്പര്യം നമുക്കുണ്ട്. നമ്മൾ ഇപ്പോൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്ത് തുടങ്ങിയിട്ടുണ്ട്.
കോൺഗ്രസിൽ അധികാരം കേന്ദ്രീകരിക്കപ്പെടുന്നുണ്ടോ?
ഞാൻ എപ്പോഴും അധികാര വികേന്ദ്രീകരണത്തിന് അനുകൂലമാണ്. എന്റെ ഭരണകാലത്തും അത് തന്നെയായിരുന്നു മുഖമുദ്ര. അധികാരം താഴെത്തട്ടിലേക്ക്, അതായത് ബ്ലോക്ക്, മണ്ഡലം, പോളിംഗ് ബൂത്ത് തലങ്ങളിലേക്ക് കൈമാറണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. രാഹുൽ ഗാന്ധിയും ഇപ്പോൾ ആ ദിശയിലാണ് നീങ്ങുന്നത്.
വിമർശിക്കുമ്പോഴും താങ്കൾ ആർഎസ്എസിനെ ആരാധിക്കുന്നുണ്ടോ?
ഞാൻ അവരുടെ സംഘടനാ ശേഷിയെ അംഗീകരിക്കുന്നു, പക്ഷേ അവരുടെ ആശയങ്ങളെ പൂർണ്ണമായും എതിർക്കുന്നു. വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷവും അക്രമവും വളർത്തുകയും ചെയ്യുന്ന അവരുടെ രീതികളോട് എനിക്ക് കടുത്ത വിയോജിപ്പുണ്ട്. എന്നാൽ കോൺഗ്രസ് അതിന്റെ സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. ആ പ്രവർത്തനം ഇപ്പോൾ ആരംഭിച്ചു കഴിഞ്ഞു.
Read More:ഉന്നാവോ കേസ്: സെംഗറിന് ജാമ്യം നൽകിയതിനെതിരെ സിബിഐ സുപ്രീം കോടതിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us