ചെന്നൈ: ഇന്നലെ നടക്കുമെന്ന് കരുതിയ അണ്ണാ ഡിഎംകെ വിമത വിഭാഗങ്ങളുടെ ലയനം അനിശ്ചിതമായി നീളുന്നു. ഇരുവിഭാഗത്തെയും മുതിർന്ന നേതാക്കൾ മുന്നോട്ട് വട്ട നിബന്ധനകൾക്ക് സമവായം ഉണ്ടാക്കാൻ സാധിക്കാത്തതാണ് ലയനം നീളാൻ കാരണമെന്നാണ് കരുതുന്നത്.

മുൻ മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തെ തുടർന്നാണ് അണ്ണാ ഡിഎംകെ പിളർന്നത്. ഇന്നലെ രാത്രി മറീന ബീച്ചിലെ ജയലളിതയുടെ ശവകുടീരത്തിന് മുന്നിൽ ഇരു വിഭാഗങ്ങളുടെയും ലയനത്തിനായി ഒരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ ശശികലയെ പാർട്ടി പദവികളിൽ നിന്ന് പുറത്താക്കണം, ജയലളിതയുടെ മരണത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണം തുടങ്ങിയ ആവശ്യങ്ങളിൽ ഒ.പനീർശെൽവം പക്ഷത്തെ മുതിർന്ന നേതാവ് മുനിസ്വാമി ഉറച്ച് നിൽക്കുകയായിരുന്നു.

ഇന്നലെ പനീർർശെൽവം, പളനിസ്വാമി വിഭാഗങ്ങൾ പ്രത്യേകം യോഗം ചേർന്നിരുന്നു. ലയനനീക്കം മുന്നിൽകണ്ട് ടിടിവി ദിനകരനും തനിക്കൊപ്പമുള്ള എംഎൽഎമാരുടെ യോഗം വിളിച്ചു. രാവിലെ പളനിസ്വാമി പക്ഷത്തെ മുതിർന്ന നേതാക്കളായ വേലുമണി, തങ്കമണി എന്നിവർ പനീർശെൽവത്തെ വസതിയിൽ സന്ദർശിച്ചു.

ഇതിന് ശേഷം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സെക്രട്ടേറിയേറ്റിൽ മന്ത്രിമാരുടെ പ്രത്യേക യോഗം വിളിച്ചു. ഈ യോഗത്തിന് സമാന്തരമായി പനീർശെൽവം തന്റെ ഒപ്പമുള്ള നേതാക്കളുടെ യോഗവും വിളിച്ചിരുന്നു. ഇതിനിടെ ടിടിവി ദിനകരനും ഒരു ഹോട്ടലിൽ യോഗം വിളിച്ചു. വൈകിട്ടോടെ പളനിസ്വാമി-പനീർശെൽവം വിഭാഗങ്ങൾ വീണ്ടും ഒത്തുചേർന്നതോടെ തീരുമാനം നീണ്ടുപോവുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook